വൈറലായി ഷൈൻ നിഗത്തിന്റെ വെളിപ്പെടുത്തൽ; ഏറ്റെടുത്ത് സോഷ്യൽമീഡിയ;
By
കേരളം ഒറ്റകെട്ടായി പ്രാർത്ഥിച്ചതിന്റെ ഫലം കണ്ടിരിക്കുകയാണ്. കൊല്ലം ഓയൂരില്‍ നിന്നും തട്ടികൊണ്ടുപോകപ്പെട്ട അബിഗേല്‍ എന്ന ആറുവയസ്സുകാരിയെ കണ്ടെത്തി എന്ന വാർത്തയാണ് മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. 20 മണിക്കൂർ നീണ്ട ആശങ്കയ്ക്ക് ഒടുവിലാണ് അബിഗേൽ സാറ റെജിയെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിക്കായി പൊലീസ് ജില്ലയ്ക്ക് അകത്തും പുറത്തും ശക്തമായ പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് കുട്ടിയെ കണ്ടെത്തുന്നത്. പ്രതികൾ കുട്ടിയെ ഉപേക്ഷിച്ച ശേഷം കടന്ന് കളയുകയായിരുന്നുവെന്നാണ് നിഗമനം.
ഇവിടെയെത്തിയ നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയത്. മൈതാനിയിൽ ഉണ്ടായിരുന്ന എസ്എൻ കോളേജിലെ രണ്ട് പെൺകുട്ടികളാണ് കുഞ്ഞിനെ ആദ്യം കണ്ടത്. പേര് വിവരങ്ങൾ ചോദിച്ച് മനസിലാക്കിയ ശേഷമാണ് കുട്ടിയുടെ വിവരം പൊലിസിൽ അറിയിച്ചത്. കുട്ടിക്കൊപ്പം ആദ്യം ഒരു സ്ത്രീയെ കണ്ടിരുന്നുവെന്ന് പെൺകുട്ടികൾ പൊലിസിൽ മൊഴി നൽകി. മുഖത്ത് മാസ്കും തലയിൽ ഷാൾ പോലെയും ധരിച്ചൊരു സ്ത്രീയാണ് അബിഗേൽ സാറയെ കൊല്ലത്തെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പോയതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. മഞ്ഞ ചുരിദാർ ധരിച്ച സ്ത്രീയാണ് നടന്നകന്നു പോയത്.
എന്നാൽ ഈ സംഭവത്തെ കുറിച്ചുള്ള മലയാളചലച്ചിത്രനടനായ ഷെയിൻ നിഗത്തിന്റെ വാക്കുകളാണ് ഇപ്പോൾ വൈറലായി മാറുന്നത്. കുട്ടിയെ കണ്ടെത്തിയതില്‍ മാധ്യമങ്ങളുടെ പങ്ക് എടുത്തു പറയേണ്ട കാര്യം തന്നെയാണെന്നാണ് താരത്തിന്റെ പ്രതികരണം. അബിഗേലിനെ കണ്ടെത്തിയതിൽ സന്തോഷം പങ്കുവെച്ച് നടൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മാദ്ധ്യമപ്രവർത്തകരെ കുറിച്ച് നടൻ വ്യക്തമാക്കിയത്.
കേരളം ഉറ്റുനോക്കിയ ആ സന്തോഷ വാർത്ത വന്നിരിക്കുന്നു. ഇന്നലെ മുതൽ കേട്ടുവന്ന സകല കുത്തുവാക്കുകളും ഭേദിച്ച് മാധ്യമങ്ങൾ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു. അതോടൊപ്പം കൊല്ലം ആശ്രാമം പോലെയുള്ള ഒരു പ്രധാന ഭാഗത്ത് പട്ടാപ്പകൽ ഇത്രയും പൊലീസ് പരിശോധനകൾ ഭേദിച്ച് ഈ കുഞ്ഞുമായി അവർ എത്തിയതിലുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും കണ്ടെത്താൻ പൊലീസിന് കഴിയട്ടെയെന്നും ഷെയ്ൻ നിഗം ആശംസിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:-
കേരളം ഉറ്റുനോക്കിയ ആ സന്തോഷ വാർത്ത വന്നിരിക്കുന്നു അബിഗെലിനെ കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് തിരികെ കിട്ടി. രണ്ടു കാര്യങ്ങളാണ് ഇക്കാര്യത്തിൽ പറയാനുള്ളത്.
- കുട്ടിയെ തിരിച്ചറിയാൻ മാധ്യമ പ്രവർത്തകരുടെ പങ്കാണ് പ്രധാനം. ഇന്നലെ മുതൽ മാധ്യമങ്ങൾ കേട്ടുവന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവർ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതിൽ തർക്കമില്ല.
- കൊല്ലം ആശ്രാമം പോലെയുള്ള ഒരു പ്രധാന ഭാഗത്ത് പട്ടാപ്പകൽ ഇത്രയും പൊലീസ് പരിശോധനകൾ ഭേദിച്ച് ഈ കുഞ്ഞുമായി വാഹനത്തിൽ അവർ എത്തിയത് ആശങ്ക ഉളവാക്കുന്നു. സന്തോഷ വാർത്തയോടൊപ്പം ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പൊലീസിന് സാധിക്കട്ടെ എന്ന് ഷെയ്ൻ നിഗം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ഈ പോസ്റ്റ് വൈറലായി മാറിയത്.