Malayalam
ജന്മദിനം ആശംസിക്കുന്നതിന് പകരം ആദരാഞ്ജലി പറയേണ്ടി വന്നല്ലോ രഞ്ജൂ.., പൊട്ടിക്കരഞ്ഞ് സഹപ്രവര്‍ത്തകര്‍
ജന്മദിനം ആശംസിക്കുന്നതിന് പകരം ആദരാഞ്ജലി പറയേണ്ടി വന്നല്ലോ രഞ്ജൂ.., പൊട്ടിക്കരഞ്ഞ് സഹപ്രവര്‍ത്തകര്‍
കഴിഞ്ഞ ദിവസമായിരുന്നു രഞ്ജുഷയുടെ ജന്മദിനം. അന്ന് തന്നെയാണ് നടി മരണത്തിന് കീഴടങ്ങിയതും. പ്രിയപ്പെട്ട കൂട്ടുകാരിയ്ക്ക് ജന്മദിനാശംസ നേരാനായി കാത്തിരുന്നവര്‍ക്ക് ലഭിച്ചത് ഞെട്ടിക്കുന്നൊരു വാര്‍ത്തയായിരുന്നു. ജന്മദിനത്തില്‍ തന്നെ ജീവനൊടുക്കിയ രഞ്ജുഷയുടെ മരണ വാര്‍ത്ത. തിരുവനന്തപുരത്തെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയായിരുന്നു രഞ്ജുഷയുടെ മരണം. ഷൂട്ടിംഗ് സെറ്റിലെത്തേണ്ടിയിരുന്ന രഞ്ജുഷ എത്താതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
ഫോണ്‍ വിളിച്ചിട്ട് എടുക്കാതെ വന്നതോടെ രഞ്ജുഷയെ തേടി പങ്കാളി മനോജ് വീട്ടിലെത്തിയപ്പോഴാണ് രഞ്ജുഷയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. ഉടനെ താഴെയിറക്കിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. താരത്തിന്റെ മരണ വാര്‍ത്ത സീരിയല്‍ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി ടെലിവിഷന്‍ രംഗത്ത് സജീവമായിരുന്നു രഞ്ജുഷ. ധാരാളം സുഹൃത്തുക്കളുമുണ്ട്.
രഞ്ജുഷയുടെ മരണത്തിന്റെ വേദന പങ്കിടുകയാണ് സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍. ഇപ്പോഴിതാ നടിയും സുഹൃത്തുമായി സൗപര്‍ണികയും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ”ഇന്ന് ജന്മദിനം ആശംസിക്കുന്നതിന് പകരം എനിക്ക് ആദരാഞ്ജലി പറയേണ്ടി വന്നല്ലോ രഞ്ജൂ. നീ എന്തിനായിരുന്നു ഇത് ചെയ്തത്? ഒരു നിമിഷം നിന്റെ മോളെക്കുറിച്ച് ഓര്‍ക്കാമായിരുന്നില്ലേ. പ്രണാമം” എന്നാണ് സൗപര്‍ണിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
നേരത്തെ നടി അശ്വതിയും രഞ്ജുഷയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. സാധാരണ ഒരു വ്യക്തി മരിച്ചു കഴിഞ്ഞാല്‍ പരിചയം ഉള്ളവര്‍ ആണെകിലും അല്ലെങ്കിലും ഒരു ആദരാഞ്ജലി അല്ലെങ്കില്‍ പ്രണാമം, പരിചയമുള്ളവരെ വല്ലപ്പോഴെങ്കിലും ഓര്‍ക്കുന്നു അതോടെ അത് കഴിയുന്നു. ..പക്ഷെ അങ്ങനെ ഒരു പ്രണാമം പറഞ്ഞു അവസാനിപ്പിക്കാന്‍ പറ്റാത്ത സൗഹൃദമുള്ള ഒരു വ്യക്തി എന്നെ വിട്ടു പോയി. അല്ലെങ്കില്‍ ഞങ്ങളുടെ സൗഹൃദ കൂട്ടായ്മയില്‍ നിന്ന് പോയി എന്നാണ് രഞ്ജുഷയുടെ മരണത്തെക്കുറിച്ച് അശ്വതി പറഞ്ഞത്.
2009മുതല്‍ തുടങ്ങിയ സൗഹൃദം, നമുക്ക് കൂട്ടുകാര്‍ ഒരുപാട് പേരുണ്ടാകാം പക്ഷെ വളരെ ചുരുക്കം ചിലരൊടെ നമുക്കെന്തു തോന്ന്യാസവും, കുശുമ്പും എല്ലാം പങ്കുവെക്കാന്‍ കഴിയുകയുള്ളു. എനിക്ക് അങ്ങനെ പങ്കുവെക്കാന്‍ വിരലില്‍ എണ്ണാന്‍ പറ്റിയ ചുരുക്കം പേരില്‍ ഒരാളായിരുന്നു എന്റെ രഞ്ജുമ്മ എന്നാണ് അശ്വതി കൂട്ടുകാരിയെക്കുറിച്ച് പറയുന്നത്.
ഇന്ന് രാവിലെ പിറന്നാള്‍ ആശംസകള്‍ മെസ്സേജ് ചെയ്ത്, അടുത്ത വാട്‌സ്ആപ്പ് ഗ്രൂപ്പ് ഓപ്പണ്‍ ചെയ്തു നോക്കുമ്പോള്‍ കണ്ട ആ വാര്‍ത്ത ഒരു നിമിഷത്തേക്ക് ഭൂമി തലകീഴായ് മറിയുന്നപോലെ തോന്നിയെന്നും അശ്വതി പറയുന്നു. അടുത്ത നിമിഷം വെറുതെ ആഗ്രഹിച്ചു, ആര്‍ക്കോ ടൈപ്പ് ചെയ്തതില്‍ പറ്റിയ അബദ്ധം, ‘ആശംസകള്‍’ എന്നത് മാറിപ്പോയതായിരിക്കണേ എന്ന്, പക്ഷെ അല്ല, ഞങ്ങളെ ഒക്കെ വിട്ട് രഞ്ജുമ്മ പോയി.നിയന്ത്രണം വിട്ട് കരയുവാനല്ലാതെ എനിക്കൊന്നിനും കഴിഞ്ഞില്ല. അതല്ലാതെ എനിക്കൊന്നിനും കഴിയുകയുമില്ല എന്നും അശ്വതി വികാരഭരിതയാകുന്നുണ്ട്.
‘നാട്ടില്‍ വരുമ്പോള്‍ നീ എന്നെ കാണാന്‍ വരില്ലേ എന്ന് രഞ്ജുഷ രണ്ടാഴ്ച മുന്നേ കൂടി ചോദിച്ചിരുന്നുവെന്നും അശ്വതി ഓര്‍ക്കുന്നുണ്ട്. ഇനി നാട്ടില്‍ വരുമ്പോള്‍ പറ്റില്ലല്ലോ, അതുകൊണ്ട് ഭൂമിയിലെ എന്റെ സമയം കഴിഞ്ഞു അങ്ങെത്തുമ്പോള്‍ ഞാന്‍ അന്വേഷിച്ചു വരും, നമുക്കന്നു കൊറേ കാര്യങ്ങള്‍ പറഞ്ഞു ചിരിക്കാം, എന്നെ എന്നും പൊട്ടി പൊട്ടി ചിരിപ്പിച്ചിട്ടുള്ളത് പോലെ അന്നും ചിരിപ്പിക്കണമെന്നും അശ്വതി കുറിപ്പില്‍ പറയുന്നുണ്ട്.
രഞ്ജുഷയുടെ മരണത്തിന് പിന്നാലെ താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ചര്‍ച്ചയാവുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായിരുന്നു രഞ്ജുഷ. ഇന്നലെ വരെ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ റീല്‍സ് വീഡിയോ പങ്കുവെച്ചിട്ടുണ്ട് താരം. വലിയ സന്തോഷത്തോടെയുള്ള പോസ്റ്റുകളാണ് മഞ്ജുഷയുടെ ഇന്‍സ്റ്റാഗ്രാമില്‍ കാണുന്നത്. എന്നാല്‍ ഫേസ്ബുക്കില്‍ അങ്ങനെയല്ല കാര്യങ്ങള്‍. വിഷാദം, വിശ്വാസം, പിന്തുണ മുതലായ വിഷയങ്ങള്‍ സംബന്ധിച്ച പോസ്റ്റുകളാണ് രഞ്ജുഷ കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.
സ്വയം മോട്ടിവേറ്റ് ചെയ്യുന്ന തരത്തിലുള്ള വാചകങ്ങള്‍ അടങ്ങിയതാണ് മഞ്ജുഷയുടെ അവസാന പോസ്റ്റുകളില്‍ പലതും. ‘ഉറക്കമാണ് എന്റെ ഏക ആശ്വാസം, അപ്പോള്‍ എനിക്ക് ദുഃഖമില്ല, ദേഷ്യമില്ല, ഞാന്‍ തനിയെയല്ല, ഞാന്‍ ഒന്നുമല്ല’ എന്നര്‍ത്ഥമാക്കുന്ന ഒരു പോസ്റ്റാണ് കഴിഞ്ഞ ഒക്ടോബര്‍ 16ന് രഞ്ജുഷ പങ്കുവെച്ചിരിക്കുന്നത്. ഇതിനു ശേഷം രണ്ടു പോസ്റ്റുകള്‍ കൂടി താരത്തിന്റെ പേജില്‍ കാണാം.
‘ഏറെ വര്‍ഷമെടുക്കും ഒരു വിശ്വാസം നേടിയെടുക്കാന്‍ എന്നാല്‍ ആ വിശ്വാസം നഷ്ടപ്പെടാന്‍ വെറും സെക്കന്‍ഡുകള്‍ മതിയാകും. പിന്നെ ഒരിക്കലും അത് കൂടിച്ചേരുകയില്ല’ എന്നാണ് ഏറ്റവും ഒടുവില്‍ പങ്കുവച്ച പോസ്റ്റില്‍ സൂചിപ്പിക്കുന്നത്. കൊച്ചി സ്വദേശിയാണ് രഞ്ജുഷ. രണ്ടാം കഌസില്‍ പഠിക്കുന്ന ഒരു മകളുണ്ട് താരത്തിന്. സീരിയല്‍ അഭിനയിത്തിനായി മാറിനില്‍ക്കുമ്പോള്‍ അമ്മയാണ് മകളെ നോക്കുന്നത്. സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും രഞ്ജുഷ താരമാകുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായിട്ടായിരുന്നു രഞ്ജുഷ കരിയര്‍ ആരംഭിക്കുന്നത്.
