ഇവൾ എന്റെ ഏക മകൾ, വിദേശത്തേക്ക് പോയപ്പോൾ തനിക്കൊരുപാട് മിസ് ചെയ്തു; ആദ്യമായി മകളെ പരിചയപ്പെടുത്തി രേഖ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രേഖ. റാംജി റാവു സ്പൂക്കിംഗ്, ഏയ് ഓട്ടോ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത രേഖ അക്കാലത്ത് സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരി ആയിരുന്നു. ഇപ്പോൾ സിനിമകളിൽ സജീവമല്ലെങ്കിലും മുമ്പ് ചെയ്ത് വെച്ച സിനിമകളാൽ രേഖ ഇന്നും പ്രേക്ഷക മനസ്സിൽ നില നിൽക്കുന്നു.
താരം തന്റെ കുടുംബത്തെക്കുറിച്ച് അധികം മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല. ലൈം ലൈറ്റിൽ നടിയുടെ മക്കളെയോ മറ്റോ കണ്ടിരുന്നുമില്ല. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ മകളെ പരിചയപ്പെടുത്തിയിരിക്കുകയാണ് രേഖ. മകളോടൊപ്പം ഫോട്ടോ ഷൂട്ടീന് ശേഷം സംസാരിക്കുന്നതാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്.
യുഎസിലാണ് രേഖയുടെ മകൾ അബി ജോലി ചെയ്യുന്നത്. വെക്കേഷൻ സമയത്ത് നാട്ടിലെത്തിയാണ്. രണ്ടര വർഷത്തിന് ശേഷമാണ് മകൾ കാണാൻ വരുന്നതെന്ന് രേഖ പറയുന്നു. സിനിമയിലേക്ക് വരാൻ താൽപര്യമില്ലെന്ന് മകൾ വ്യക്തമാക്കി. ഒരുപാട് നാൾ പഠിച്ചാണ് ജോലി കിട്ടിയത്. കരിയറിൽ ശ്രദ്ധ നൽകാനാണ് തീരുമാനമെന്നും മകൾ പറഞ്ഞു.
താൻ ഒരു സെലിബ്രറ്റി ആയതിനാൽ നിന്റെ ജീവിതത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ വന്നിട്ടുണ്ടോ എന്ന് രേഖ ചോദിച്ചു. ബുദ്ധിമുട്ടായി ഒന്നുമില്ല. നല്ലതാണ്. ചിലപ്പോൾ ആളുകൾ രേഖയുടെ മകളാണെന്ന് തിരിച്ചറിയും. അപ്പോൾ ഒന്ന് കോൺഷ്യസ് ആവണം. വേറെ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് മകൾ പറഞ്ഞു.
അമ്മയാവുകയെന്ന അനുഭവത്തെക്കുറിച്ചും രേഖ സംസാരിച്ചു. ‘അമ്മയെന്ന ഫീൽ ഭയങ്കരമാണ്. അമ്മ വളരെ ആത്മാർത്ഥമായും ശ്രദ്ധയോടെയും ഇരിക്കണം. എല്ലാം ത്യാഗം ചെയ്യണം. ജീവിതത്തിൽ എല്ലാ അമ്മമാരും മക്കൾക്ക് വേണ്ടി ത്യാഗം ചെയ്യും. കുട്ടികൾ വളർന്ന് അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ കുട്ടികൾ നമുക്കൊപ്പം ഉണ്ടാവും’
‘അപ്പോൾ നന്നായി ആസ്വദിക്കുക. പത്താം ക്ലാസ് കഴിഞ്ഞാൾ സുഹൃത്തുക്കൾ ആവും. കോളേജിൽ പോയാൽ പിന്നെ പറയുകയും വേണ്ട. അവരുടെ ലോകത്തേക്ക് അവരെ വിടണം. അവരെ ഒന്നിനും നിർബന്ധിക്കരുത്. അമ്മയുടെ സ്ഥാനത്ത് വേറെ ആർക്കും വരാൻ കഴിയില്ല,’ രേഖ പറഞ്ഞു.
മകൾ വിദേശത്തേക്ക് പോയപ്പോൾ തനിക്കൊരുപാട് മിസ് ചെയ്തു. ഭർത്താവ് അന്യൻ കഥാപാത്രത്തെ പോലെ ആണ്. പകൽ ഒരു സ്വഭാവവും രാത്രി വേറൊരു സ്വഭാവവും. എപ്പോഴും ബിസിനസ് മൈൻഡിൽ ആയിരിക്കും എപ്പോഴും ഉണ്ടാവുക. ഒരു കമ്പനി ലഭിക്കില്ല.
മകളോടൊപ്പമാണ് അധിക സമയവും ചെലവഴിച്ചത്. വിദേശത്തേക്ക് പോയപ്പോൾ ഭയങ്കരമായി മിസ് ചെയ്തു. എപ്പോൾ വിളിച്ചാലും ബിസി ആയിരുന്നു. അതിന് ശേഷമാണ് യൂട്യൂബ് ചാനൽ ആരംഭിച്ചത്. അതിന് ശേഷം ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായെന്നും രേഖ പറഞ്ഞു.
ജോർജ് ഹാരിസ് ആണ് രേഖയുടെ ഭർത്താവ്. ഇരുവരുടെയും ഏക മകളാണ് അബി. ഏയ് ഓട്ടോയിലെ മീനൂട്ടി എന്ന കഥാപാത്രമായാണ് ഇന്നും പ്രേക്ഷക മനസ്സിൽ രേഖ നിൽക്കുന്നത്. 1990 ൽ പുറത്തിറങ്ങിയ ഏയ് ഓട്ടോയിൽ മോഹൻലാൽ ആയിരുന്നു നായകൻ. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ എല്ലാം ഒരു പോലെ രേഖ അഭിനയിച്ചിട്ടുണ്ട്.
