Actress
നിറത്തിന്റേയും രൂപത്തിന്റേയും പേരിൽ മാറ്റി നിർത്തലുകൾ നേരിട്ടിട്ടുണ്ട്; രമ്യ നമ്പീശൻ
നിറത്തിന്റേയും രൂപത്തിന്റേയും പേരിൽ മാറ്റി നിർത്തലുകൾ നേരിട്ടിട്ടുണ്ട്; രമ്യ നമ്പീശൻ
മലയാളികൾക്ക് രമ്യ നമ്പീശൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിറഞ്ഞു നിൽക്കുകയാണ് നടി. വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമയിൽ നടിയായും ഗായികയായും തന്റേതായ സാഥാനം നേടിയെടുക്കുക ആയിന്നു രമ്യാ നമ്പീശൻ. ജയറാമിന്റെ നായികയായി എത്തിയ ആനച്ചന്തം എന്ന ചിത്രത്തിലൂടെയാണ് നടി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. നടി എന്നതിൽ ഉപരി മികച്ച ഒരു ഗായികയും നർത്തർത്തകിയും മോഡലും കൂടിയാണ് രമ്യാ നമ്പീശൻ.
വളരെ ചെറുപ്പത്തിൽ തന്നെ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന രമ്യ നമ്പീശൻ അനേകം ഭക്തി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ഒരു ടെലിവിഷൻ പരിപാടിയുടെ അവതാരക ആയിട്ടായിരുന്നു രമ്യാ നമ്പീശൻ തന്റെ കരിയർ ആരംഭിച്ചത്. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ആയിരുന്നു രമ്യാ നമ്പീശൻ സിനിമയിലേക്ക് അരങ്ങേറിയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ സഹനടിയായി പ്രത്യക്ഷപ്പെട്ട രമ്യ നമ്പീശൻ ജയരാജ് സംവിധാനം ചെയ്ത ആനച്ചന്തം എന്ന ചിത്രത്തിലൂടെ യാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ നിറത്തിന്റേയും രൂപത്തിന്റേയും പേരിൽ മാറ്റി നിർത്തലുകൾ നേരിട്ടിട്ടുണ്ടെന്ന് പറയുകയാണ് നടി. ഒരു മാഗസീനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയായിരുന്നു രമ്യ നമ്പീശൻ ഇതേ കുറിച്ച് പറഞ്ഞത്. പതിനഞ്ചുകാരിയായ രമ്യയോട് ഇപ്പോൾ എന്താകും പറയാനുള്ളത് എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.
കുറച്ചധികം കാര്യങ്ങൾ പറയാനുണ്ട്. ചിലപ്പോൾ ഒരു ദിവസം മതിയാകാതെ വരും. ഞാൻ അന്നങ്ങനെ ജീവിച്ചതു കൊണ്ടാണ് ഇന്ന് കാണുന്ന രമ്യയാകാൻ കഴിഞ്ഞത്. എനിക്കൊരു നല്ല കുടുംബമുണ്ടായിരുന്നു. അതുകൊണ്ട് വലിയ പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. ഞാനായിട്ട് ഉണ്ടാക്കി വെച്ച പ്രശ്നങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.
സമൂഹത്തിൽ നിന്ന് ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്. നിറത്തിന്റെ പേരിലും രൂപത്തിന്റെ പേരിലുമൊക്കെ സ്കൂളിൽ നിന്നും സമൂഹത്തിൽ നിന്നുമൊക്കെ ഒരുപാട് മോശം അനുഭവങ്ങളും മാറ്റി നിർത്തലുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ഒരുപക്ഷെ പലരും അത്തരം പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടാകും. പക്ഷെ അതെല്ലാം മറികടക്കാൻ പറ്റി എന്നതാണ് എന്റെ വിജയം.
ഞാനൊരു ഇൻട്രോവേർട്ടഡ് എക്സ്ട്രോവേർട്ട് ആയിരുന്നു. വളരെ പരിചിതമായ ഇടങ്ങളിൽ എക്സ്ട്രോവേർട്ടായിരുന്നു. എന്നാൽ മറ്റിടങ്ങളിൽ അൽപ്പം നാണക്കാരിയായ, അത്യാവശ്യത്തിന് മാത്രം സംസാരിക്കുന്ന ഒരാളായിരുന്നു. എല്ലാ കാര്യങ്ങളും സ്വന്തമായി ആർജിച്ചെടുത്താണ് ഇന്ന് കാണുന്ന രമ്യയിലേക്ക് എത്തിയത്. അതിന് അച്ഛൻ, അമ്മ, സഹോദരൻ എന്നിവരെല്ലാം വലിയ പിന്തുണ നൽകിയിട്ടുണ്ടെന്നും നടി പറഞ്ഞു.
ഇതിനോടകം മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം താരം ശ്രദ്ധേയമായ നിരവധി വേഷങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിൽ ആയിരുന്നു തുടക്കം എങ്കിലും, തമിഴ് സിനിമയിൽ ആണ് മികച്ച വേഷങ്ങൾ രമ്യയെ കാത്തിരുന്നത്. അഭിനയത്തിലൂടേയും പാട്ടിലൂടേയും കയ്യടി നേടിയിട്ടുള്ള രമ്യ നമ്പീശൻ തന്റെ നിലപാടുകളിലൂടേയും വാർത്തകളിൽ ഇടം നേടിട്ടുണ്ട്. സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് എന്നും ഉറച്ച ശബ്ദത്തോടെ സംസാരിച്ചിട്ടുള്ള താരമാണ് രമ്യ.
