Bollywood
അതിന് ശേഷം കുടുംബത്തോടെ ഇന്ത്യ വിട്ട് പോകാമെന്നാണ് ശില്‍പ പറഞ്ഞത്; ജയില്‍ ജീവിതം തന്നെ മാത്രമല്ല കുടുംബത്തെയും തകര്‍ത്തു; രാജ് കുന്ദ്ര
അതിന് ശേഷം കുടുംബത്തോടെ ഇന്ത്യ വിട്ട് പോകാമെന്നാണ് ശില്‍പ പറഞ്ഞത്; ജയില്‍ ജീവിതം തന്നെ മാത്രമല്ല കുടുംബത്തെയും തകര്‍ത്തു; രാജ് കുന്ദ്ര
നീല ചലച്ചിത്ര നിര്‍മാണ കേസുമായി ബന്ധപ്പെട്ട് ജയില്‍ മോചിതനായതിന് ശേഷം കുടുംബത്തോടെ ഇന്ത്യ വിടാമെന്ന് ഭാര്യയും നടിയുമായ ശില്‍പ ഷെട്ടി പറഞ്ഞതായി രാജ് കുന്ദ്ര. ജയില്‍ ജീവിതം തന്നെ മാത്രമല്ല കുടുംബത്തേയും തകര്‍ത്തുവെന്നും ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചതായും കുന്ദ്ര ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
രാജ് കുന്ദ്രയുടെ ജയില്‍ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് യു.ടി 69. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യ വെളിപ്പെടുത്തിയത്. രാജ് കുന്ദ്രയാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
‘ശില്‍പയാണ് എന്നോട് ആദ്യമായി ഞാന്‍ ജനിച്ചു വളര്‍ന്ന നാടായ ലണ്ടനിലേക്ക് കുടുംബത്തോടെ താമസം മാറാമെന്ന് പറഞ്ഞത്. എന്നാല്‍ എനിക്ക് ഇന്ത്യവിട്ടുപോകാന്‍ തോന്നിയില്ല. കാരണം ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു. തെറ്റ് ചെയ്തവരാണ് നാട് വിട്ട് പോകുന്നത്. പക്ഷേ ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, അതിനാല്‍ ഇന്ത്യ വിട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ശില്‍പയോട് പറഞ്ഞു.
ജയില്‍ ജീവിതം തന്നെ മാത്രമല്ല കുടുംബത്തെയും തകര്‍ത്തു. ഞാന്‍ ശരിക്കും തകര്‍ന്ന അവസ്ഥയായിരുന്നു. ജയിലില്‍ തന്നെ ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചു. ഇന്ന് ആ വാക്ക് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷെ അന്ന് അങ്ങനെയൊരു അവസ്ഥയിലായിരുന്നു.
വളരെയധികം അപമാനിക്കപ്പെട്ടു. ഞാന്‍ കാരണം എന്റെ ഭാര്യയും മക്കളും മാതാപിതാക്കളും മാധ്യമവേട്ടക്ക് ഇരയായി. അത് വേദനാജനകമായിരുന്നു. പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയാമായിരുന്നു’ രാജ് കുന്ദ്ര പറഞ്ഞു. നവംബര്‍ 3 നാണ് യു.ടി69 തിയറ്ററുകളില്‍ എത്തുന്നത്. ഷാനവാസ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
