News
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പള്‍സര്‍ സുനിയ്ക്ക് താത്കാലിക ജാമ്യം; ജാമ്യം അനുവദിച്ചത് അച്ഛന്റെ സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പള്‍സര്‍ സുനിയ്ക്ക് താത്കാലിക ജാമ്യം; ജാമ്യം അനുവദിച്ചത് അച്ഛന്റെ സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി നിരവധി തവണയാണ് ജാമ്യാപേക്ഷയുമായി നേരത്തെ വിവിധ കോടതികളെ സമീപിച്ചിരുന്നത്. സുപ്രീംകോടതി വരെ ഹര്‍ജിയുമായി എത്തിയെങ്കിലും ഒരിക്കല്‍ പോലും അനുകൂലമായ വിധി നേടിയെടുക്കാന്‍ സുനിയ്ക്ക് സാധിച്ചില്ല. 2017 ഫെബ്രുവരിയില്‍ അറസ്റ്റിലായത് മുതല്‍ വിചാരണ തടവുകാരനായി തുടരുകയാണ് അദ്ദേഹം.
കേസില്‍ പ്രതികളായ മറ്റുള്ളവരെല്ലാം പുറത്തിറങ്ങിയിട്ടും തനിക്ക് മാത്രം ജാമ്യം ലഭിച്ചില്ലെന്നായിരുന്നു സുനിയുടെ പ്രധാന വാദം. കേസിലെ വിചാരണ നീണ്ടുപോവുന്നതെന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും പ്രോസിക്യൂഷന് ശക്തമായ എതിര്‍പ്പുമായി രംഗത്ത് എത്തിയതോടെ എല്ലാ കോടതികളും സുനിയുടെ ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്.
എന്നാല്‍ ഇപ്പോഴിതാ പള്‍സര്‍ സുനിക്ക് കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചിരിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. അച്ഛന്റെ സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് പള്‍സര്‍ സുനിക്ക് കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതോടെ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി പ്രതി ജയിലില്‍ നിന്നും വീട്ടിലേക്ക് വരും. എറണാകുളം സെഷന്‍സ് കോടതിയാണ് വ്യാഴാഴ്ച സുനിക്ക് താല്കാലിക ജാമ്യം അനുവദിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ എട്ടിനും വൈകിട്ട് നാലിനുമിടയില്‍ പെരുമ്പാവൂരിലെ വീട്ടിലേക്ക് പോവാനാണ് സുനിക്ക് സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് അനുമതി നല്‍കിയത്. അടുത്ത ബന്ധുക്കളുമായി മാത്രം ഇടപഴകണമെന്നും സാക്ഷികളെ ബന്ധപ്പെടരുതെന്നും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുതെന്ന നിര്‍ദേശവും കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ അച്ഛന് മരിച്ചതിനെ തുടര്‍ന്ന് സുനി കോടതിയില്‍ ജാമ്യാപേക്ഷയുമായി എത്തുകയായിരുന്നു. സിനിമാ നടന് ദിലീപിന്റെ നിര്‍ദ്ദേശപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി കാറില്‍ കയറ്റി, ഫോട്ടോയെടുക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നതാണ് സുനിക്കെതിരായ കേസ്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ഇപ്പോള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടന്ന് വരികയാണ്. 2022 മാര്‍ച്ചിലാണ് സുനി ആദ്യം ജാമ്യത്തിനായി കേരള ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു, 2022 ജൂലൈയില്‍ സുപ്രീംകോടതിയും ജാമ്യം നല്കാന് വിസമ്മതിച്ചു.
ന്യായമായ സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സുനിക്ക് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പുതുക്കി നല്‍കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന്, അദ്ദേഹം വീണ്ടും ഹൈക്കോടതിയെ സമീപിച്ചു, എന്നാല്‍ മാര്‍ച്ച് 6 ന് ജാമ്യാപേക്ഷ വീണ്ടും നിരസിച്ചു. തുടര്‍ന്ന് അദ്ദേഹം മാര്‍ച്ച് 29 ന് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
നടിയ്ക്ക് നേരിട്ടത് അതിക്രൂരമായ പീഡനമാണെന്ന് വ്യക്തമാക്കിയായിരുന്നു ഹൈക്കോടതി പള്‍സര്‍ സുനിയുടെ ജാമ്യം തള്ളിയത്. പള്‍സര്‍ സുനിക്കെതിരെ ചുമത്തിയിട്ടുള്ളത് ഗുരുതരമായ വകുപ്പുകളാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മുദ്ര വെച്ച കവറില്‍ ഹാജരാക്കിയ നടിയുടെ മൊഴി പകര്‍പ്പ് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമര്‍ശം.
അതേസമയം, വിചാരണ തടവുകാരനായി പള്‍സര്‍ സുനി കഴിയേണ്ട സാഹചര്യമില്ലെന്നായിരുന്നു അടുത്തിടെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന് ആളൂര്‍ പറഞ്ഞിരുന്നത്. ‘കാരണം പ്രത്യക സമയത്ത് കേസ് അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടും എന്തുകൊണ്ടാണ് വിചാരണ കോടതിക്ക് കേസ് അവസാനിപ്പിക്കാന്‍ കഴിയാതെയിരുന്നത്? രണ്ട് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ട് പ്രധാനപ്പെട്ട സാക്ഷികളെ വിസ്തരിച്ച് കഴിഞ്ഞാല്‍ പള്‍സര്‍ സുനിക്ക് ജാമ്യം നല്കുന്നതില് പ്രശ്നമില്ലെന്ന്.
വിചാരണ പൂര്‍ത്തിയാക്കണമെന്ന് വ്യക്തമാക്കി സുപ്രീം കോടതി നല്കിയ സമയം കഴിഞ്ഞിട്ടും ഒരു പ്രതി വിചാരണ തടവുകാരനായി കഴിയരുതെന്നാണ് ഞാന്‍ കരുതുന്നത്. കോടതി കണ്ടെത്തുമ്പോള്‍ മാത്രമാണ് ഒരാള്‍ കുറ്റക്കാരന്‍. അതുവരെ അയാള്‍ കുറ്റാരോപിതനാണ്. അതുവരെ നിരപരാധിയാണ് എന്ന കാര്യം പ്രൊട്ടക്ട് ചെയ്യപ്പെടണം. പക്ഷേ ഇവിടെ കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്കെതിരായ ആരോപണം ശക്തമാണ്.
നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തെന്നും മറ്റുള്ള ആക്രമണം നടത്തിയെന്നുമാണ് സുനിക്കെതിരായ ആരോപണം. ഇതെല്ലാം ശക്തമായ ആരോപണങ്ങള്‍ തന്നെയാണ്. ഒരാള്‍ക്ക് ജാമ്യം നിഷേധിക്കുകയെന്നത് കടന്നകൈയാണ്. ഇവിടെ രണ്ട് മുതല്‍ 8 വരെയുള്ള പ്രതികള്‍ പുറത്താണ്. ഒന്നാം പ്രതി മാത്രമാണ് ജയിലില്‍ കഴിയുന്നത്. അയാളുടെ മാനസിക സമ്മര്‍ദ്ദവും ഹൈക്കോടതി പരിശോധിക്കും. പള്‍സര്‍ സുനി പുറത്തിറങ്ങിയാല്‍ ഈ കേസില്‍ പല കാര്യങ്ങളും സുനിക്ക് കോടതിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും’, എന്നും ആളൂര്‍ പറഞ്ഞിരുന്നു.
