News
ഇദയക്കനി, ബാഷാ, കാക്കിച്ചട്ടൈ സിനിമകളുടെ നിര്‍മാതാവ് ആര്‍എം വീരപ്പന് അന്തരിച്ചു
ഇദയക്കനി, ബാഷാ, കാക്കിച്ചട്ടൈ സിനിമകളുടെ നിര്‍മാതാവ് ആര്‍എം വീരപ്പന് അന്തരിച്ചു
തമിഴ്നാട് മുന്‍ മന്ത്രിയും ചലച്ചിത്ര നിര്‍മ്മാതാവുമായ ആര്‍എം വീരപ്പന് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യത്തെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച ആര്‍എം വീരപ്പന് 98 വയസ്സായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തമിഴ്നാട്ടിലെ മുതിര്‍ന്ന ദ്രാവിഡ രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനാണ് ആര്‍എംവി എന്നറിയപ്പെടുന്ന ആര്‍എം വീരപ്പന്.
എഴുപതുകളിലും എണ്‍പതുകളിലും എഐഎഡിഎംകെ രാഷ്ട്രീയത്തിലെ ‘ചാണക്യന്’ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. പുതുക്കോട്ട ജില്ലയിലെ വല്ലാതിരകോട്ടൈ ഗ്രാമത്തിലാണ് വീരപ്പന് ജനിച്ചത്.1953ല്‍ എം.ജി.ആറിന്റെ സഹായിയായി ചേര്‍ന്ന ആര്.എം.വീരപ്പന് വൈകാതെ അദ്ദേഹത്തിന്റെ വിശ്വസ്തനായി, അദ്ദേഹത്തിന്റെ അക്കൗണ്ടന്റായി ഉയര്‍ന്ന വീരപ്പനെ എം.ജി.ആര് പിക്ചേഴ്സ് െ്രെപവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചിരുന്നു.
ആര്‍എം വീരപ്പന് പിന്നീട് സത്യാ മൂവീസ് തുടങ്ങുകയും നിരവധി ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. എംജിആര്‍ 1972ല്‍ ഡിഎംകെയില്‍ നിന്ന് പുറത്തു വന്ന ശേഷം, എഐഎഡിഎംകെ എന്ന പേരില്‍ പ്രത്യേക പാര്‍ട്ടി ആരംഭിച്ചപ്പോള്‍ ആര്‍എം വീരപ്പന് അദ്ദേഹത്തെ പിന്തുണച്ചു. ആര്‍എം വീരപ്പന് എഐഎഡിഎംകെയുടെ പ്രധാന സംഘാടകരില്‍ ഒരാളായി മാറി.
എ ഐ എ ഡി എം കെ പാര്‍ട്ടി രൂപീകരണത്തിനായി എംജിആര്‍ ഫാന്‍സ് ക്ലബ്ബുകളെ ഏകോപിപ്പിച്ച സംഘടനയുടെ ശില്പിയായിരുന്നു അദ്ദേഹം. 1984ല്‍ എം.ജി.ആര്. അനാരോഗ്യം മൂലം പ്രചാരണം നടത്താന്‍ കഴിയാതെ വന്നപ്പോള്‍ ആര്‍എം വീരപ്പന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഏകോപിപ്പിക്കുകയായിരുന്നു. എം.ജി.ആറിന്റെ മരണശേഷം എഡിഎംകെ രണ്ടായി പിളര്‍ന്നപ്പോള്‍, 98 എംഎല്‍എമാരുടെ പിന്തുണയോടെ എംജിആറിന്റെ ഭാര്യ വി എന്‍ ജാനകിയെ മുഖ്യ മന്ത്രിയാക്കുന്നതില്‍ ആര്‍എം വീരപ്പന്റെ പങ്ക് നിര്‍ണായകമായിരുന്നു.
പിന്നീട് എഡിഎംകെ യോജിച്ചപ്പോള്‍ എഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിതനായി. രണ്ടു തവണ നിയമസഭയിലേക്കും മൂന്നു തവണ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കും ആര്‍എം വീരപ്പന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1977 മുതല്‍ 1996 വരെ എംജിആറിന്റെയും ജാനകിയുടെയും ജയലളിതയുടെയും നേതൃത്വത്തിലുള്ള സര്‍ക്കാരുകളില്‍, ഹിന്ദുമത ചാരിറ്റീസ് വകുപ്പ്, ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ആര്‍എം വീരപ്പന് കൈകാര്യം ചെയ്തു.
എഐഎഡിഎംകെയിലാണെങ്കിലും ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുമായും ഡിഎംകെ നേതാക്കളുമായും ആര്‍എം വീരപ്പന് സൗഹൃദത്തിലായിരുന്നു.1996 ന് ശേഷം ജയലളിതയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടി വിട്ട ആര്‍എം വീരപ്പന് എംജിആര്‍ കഴകം എന്ന പേരില്‍ പ്രത്യേക പാര്‍ട്ടി ആരംഭിച്ചു.
1966 മുതല്‍ 2006 വരെ എംജിആര്‍ സംവിധാനം ചെയ്ത ദൈവത്തായ് , നാന് ആണയിട്ടാല്‍, കാവല്ക്കാരന്, റിക്ഷാക്കാരന്, ഇദയക്കനി, തുടങ്ങി എം ജി ആര് നായകനായ നിരവധി ചിത്രങ്ങള്‍ ആര്‍എം വീരപ്പന് നിര്‍മ്മിച്ചിട്ടുണ്ട്. ഊര്‍ക്കാവലന്‍, തങ്ക മകന്, പണക്കാരന് , ബാഷാ, എന്നീ രജനീകാന്ത് ചിത്രങ്ങളും, കമല്ഹാസന് അഭിനയിച്ച കാക്കിച്ചട്ടൈ, കാതല്‍ പരിശ് തുടങ്ങിയ സിനിമകളും ആര്‍എം വീരപ്പന് നിര്‍മ്മിച്ചവയാണ്.
