News
‘രാക്ഷസൻ’ സിനിമാ നിർമാതാവ് ദില്ലി ബാബു അന്തരിച്ചു
‘രാക്ഷസൻ’ സിനിമാ നിർമാതാവ് ദില്ലി ബാബു അന്തരിച്ചു
പ്രശസ്ത തമിഴ് ചലച്ചിത്ര നിർമാതാവ് ദില്ലി ബാബു അന്തരിച്ചു. 50 വയസായിരുന്നു പ്രായം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം പുലർച്ചെ 12.30 ഓടെയാണ് അന്ത്യം സംഭവിച്ചത്. തമിഴ് സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ദില്ലി ബാബുവിന്റെ വിയോഗ വാർത്ത പുറത്തെത്തിയിരിക്കുന്നത്.
നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികളർപ്പിച്ച് എത്തുന്നത്. തമിഴ് സിനിമയ്ക്ക് ഒരു നല്ല മനുഷ്യനേയും നിർമാതാവിനേയുമാണ് നഷ്ടപ്പെട്ടത്. ഈ വിയോഗം വിശ്വസിക്കാനാവുന്നില്ലെന്നാണ് സംവിധായകൻ എ.ആർ.കെ ശരവണൻ കുറിച്ചത്. മരഗത നാണയം എന്ന ചിത്രത്തിലൂടെ തനിക്ക് ജീവിതം നൽകിയയാളാണ് ദില്ലി ബാബുവെന്നും അദ്ദേഹം പറയുന്നു.
ഈ ലോകത്തിന് ഏറ്റവും വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എൻ്റെ അനുശോചനം അറിയിക്കുന്നു എന്നാണ് സംഗീത സംവിധായകൻ ജിബ്രാൻ പറഞ്ഞത്. ഞങ്ങളുടെ രാക്ഷസന്റെ നിർമാതാവ് ദില്ലി ബാബു സാറിന്റെ വിയോഗ വാർത്ത കേട്ട ഞെട്ടലിലാണ് ഞാൻ.
ഒന്നും സംസാരിക്കാനാവാത്ത, മരവിച്ച ഒരു അവസ്ഥയിലുമാണ് ഇപ്പോൾ. വലിയ കാര്യങ്ങളേക്കുറിച്ചുള്ള കാഴ്ചപ്പാടും വലിയ സ്വപ്നങ്ങളുമുള്ള ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹം. അവ സാധ്യമാക്കാൻ കഠിനാധ്വാനംചെയ്യുകയും ചെയ്യും എന്നും ജിബ്രാൻ പറഞ്ഞിരുന്നു. നിരവധി പേരാണ് സിനിമ മേഖലയിൽ നിന്ന് അനുശോചനം അറിയിക്കുന്നത്.
2015-ൽ ഉറുമീൻ എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് ദില്ലി ബാബുവിന്റെ സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം. ആക്സസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്. മരഗത നാണയം, ഇരവുക്ക് ആയിരം കൺകൾ, രാക്ഷസൻ, ഓ മൈ കടവുളേ, ബാച്ച്ലർ, മിറൽ, കൾവൻ എന്നിവയാണ് നിർമിച്ച സുപ്രധാന ചിത്രങ്ങൾ.
രാവിലെ പത്തരയോടെ ദില്ലി ബാബുവിന്റെ ഭൗതികശരീരം ചെന്നൈയിലെ പെരുങ്കളത്തൂരിലെ വീട്ടില് പൊതുദർശനത്തിന് വെയ്ക്കും. ശവസംസ്കാരം സെപ്റ്റംബര് 9 തിങ്കളാഴ്ച വൈകിട്ട് 4.30ന് നടക്കുമെന്നുമാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. വാർച്ചയറിഞ്ഞ് നിരവധി പേരാണ് അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് എത്തിയിരിക്കുന്നത്.