Actress
പ്രിയാമണിയുടെ ജന്മദിനത്തിന് ആശംസകളുമായി ആരാധകര്‍ ; നന്ദി പറഞ്ഞ് നടി
പ്രിയാമണിയുടെ ജന്മദിനത്തിന് ആശംസകളുമായി ആരാധകര്‍ ; നന്ദി പറഞ്ഞ് നടി
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോള്‍ മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ പ്രിയ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ പ്രിയാമണിയുടെ ജന്മദിനം ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ.
നാല്‍പതാം ജന്മദിനം ആഘോഷിക്കുന്ന നടിയ്ക്ക് ആശംസകള്‍ രേഖപ്പെടുത്തി കൊണ്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. സിനിമയിലെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് നടിയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. ജന്മദിനത്തോട് അനുബന്ധിച്ച് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ പ്രിയാമണിയുടെ വിശേഷങ്ങളും പുറത്ത് വന്നിരിക്കുകയാണ്. നടിയ്ക്ക് എത്രത്തോളം സ്വത്ത് ഉണ്ടെന്നും ദാമ്പത്യ ജീവിതത്തിലെയടക്കം നിരവധി കാര്യങ്ങളാണ് വൈറലാവുന്നത്.
പഠിക്കുന്ന പ്രായത്തില്‍ മോഡലായി പ്രവര്‍ത്തിച്ചു കൊണ്ടാണ് പ്രിയാമണി കരിയര്‍ തുടങ്ങുന്നത്. പഠനത്തിന് ശേഷം പൂര്‍ണമായിട്ടും നടി മോഡലിങ്ങിലേക്ക് തിരിഞ്ഞു. പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് തമിഴ് സംവിധായകന്‍ ഭാരതിരാജ നടിയെ സിനിമാമേഖലയിലേക്ക് പരിചയപ്പെടുത്തിയത്. കണ്‍കളാല്‍ കൈത് സൈ എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണി ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
കരിയറിന്റെ തുടക്കത്തില്‍ ഭാരതിരാജ, ബാലുമഹേന്ദ്ര എന്നീ രണ്ട് മഹാരഥന്മാരുടെ സംവിധാനത്തില്‍ അഭിനയിച്ച പ്രിയാമണി സിനിമാലോകത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. അങ്ങനെ സിനിമയില്‍ സജീവമായി വരുന്നതിനിടയിലാണ് ആമിര്‍ സംവിധാനം ചെയ്ത പരുത്തിവീരന്‍ എന്ന സിനിമയിലൂടെ പ്രിയാമണിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. ദേശീയ അവാര്‍ഡ് ലഭിച്ചതോടെ കൂടുതല്‍ സിനിമയിലേക്ക് അവസരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതില്‍ നിന്ന് വ്യത്യസ്തമായ അനുഭവമാണ് നടിയ്ക്ക് നേരിടേണ്ടതായി വന്നത്.
ഒന്നു രണ്ടു സിനിമകളിലേക്ക് മാത്രമാണ് നല്ല അവസരങ്ങള്‍ വന്നത്. ഈ കാലയളവില്‍ തെലുങ്കിലും നടി അഭിനയിച്ചു. ഒരു ഘട്ടത്തില്‍ സിനിമയിലേക്ക് നല്ല അവസരങ്ങള്‍ ലഭിക്കാതെ വന്നതോടെ പ്രിയാമണി കുടുംബജീവിതത്തിലേക്കും പ്രവേശിച്ചു. 2017 ലാണ് ബിസിനസുകാരനായ മുസ്തഫയെ നടി വിവാഹം കഴിക്കുന്നത്. വളരെ ലളിതമായി നടത്തിയ വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും ഗ്യാപ്പ് എടുത്തു. ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാവുകയാണ് പ്രിയാമണി. കൈനിറയെ സിനിമകളാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ നടി ചെയ്തത്.
മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം നേര് എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ ഷാരൂഖ് ഖാനൊപ്പം ജവാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അഭിനയിച്ചു. മാത്രമല്ല തെലുങ്കിലും തമിഴിലുമൊക്കെ പ്രിയാമണി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമകള്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി പുറത്തിറങ്ങി. മാത്രമല്ല ഇത്രയധികം സിനിമകളില്‍ അഭിനയിച്ചതിലൂടെയും മോഡലിങ് ചെയ്തുമൊക്കെ ഏകദേശം 60 കോടി രൂപയുടെ ആസ്തി നടിയ്ക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു സിനിമയ്ക്ക് രണ്ട് കോടി വരെയാണ് നടിയിപ്പോള്‍ പ്രതിഫലമായി വാങ്ങിക്കുന്നതെന്നാണ് സൂചന. ഇതിന് പുറമേ ബാംഗ്ലൂരില്‍ വലിയൊരു വീടും സ്വന്തമായിട്ടുണ്ട്. ചെന്നൈ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലും വീടുകളുണ്ട്. ഔഡി എ3, ബെന്‍സ് ജിഎല്‍എസ് 350 ഡി തുടങ്ങിയ ആഡംബര കാറുകളും പ്രിയാമണിയ്ക്കുണ്ട്.
2004 ല്‍ പുറത്ത് ഇറങ്ങിയ സത്യം എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണി മലയാളത്തില്‍ എത്തുന്നത്. പൃഥ്വിരാജിന്റെ നായികയായിട്ടായിരുന്നു തുടക്കം. പിന്നീട് ഒറ്റനാണയം എന്ന ചിത്രം ചെയ്‌തെങ്കിലും നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് 2008 ല്‍ പുറത്തിറങ്ങിയ തിരക്കഥ എന്ന ചിത്രത്തിലൂടെയാണ്. പ്രിയാമണിയുടെ എക്കാത്തേയും ഹിറ്റ് കഥപാത്രങ്ങളിലൊന്നാണ് തിരക്കഥയിലെ മാളവിക എന്ന കഥാപാത്രം. ഇന്നും സിനിമാ കോളങ്ങളില്‍ തിരക്കഥയും മാളവിക എന്ന കഥാപാത്രവും ചര്‍ച്ചയാവുന്നുണ്ട്.
2003 മുതല്‍ പ്രിയ സിനിമയില്‍ സജീവമാണെങ്കിലും വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളു. എന്നാല്‍ തെലുങ്ക് , തമിഴ്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും ബോളിവുഡ് വെബ് സീരീസുകളിലും നടി സജീവമാണ്. അടുത്തിടെ പുറത്തിറങ്ങിയ ഫാമിലി മാന്‍ വെബ് സീരിസില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയിരുന്നു.
