Malayalam
വല്ലാതെ വണ്ണം വെച്ചതോടെ ഗൈനക്കോളജിസ്റ്റിനെ കണ്ടു; പിന്നാലെ കീ ഹോള്‍ സര്‍ജറി; തനിക്ക് സംഭവിച്ചതിനെ കുറിച്ച് പ്രിയാമണി
വല്ലാതെ വണ്ണം വെച്ചതോടെ ഗൈനക്കോളജിസ്റ്റിനെ കണ്ടു; പിന്നാലെ കീ ഹോള്‍ സര്‍ജറി; തനിക്ക് സംഭവിച്ചതിനെ കുറിച്ച് പ്രിയാമണി
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോള്‍ മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ പ്രിയ പ്രത്യക്ഷപ്പെടാറുണ്ട്. മലയാളവുമായി അടുത്ത ബന്ധമുള്ള പ്രിയ തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്.
അഭിനയിക്കുന്ന ഭാഷകളിലെല്ലാം ശ്രദ്ധേയമായ വേഷം ലഭിക്കുന്നതാണ് പ്രിയാമണിയെ വ്യത്യസ്തയാക്കുന്നത്. മലയാളത്തില്‍ തിരക്കഥ എന്ന സിനിമയില്‍ നടി അവിസ്മരണീയ പ്രകടനം കാഴ്ച വെച്ചു. തമിഴില്‍ പരുത്തിവീരന്‍, കന്നഡയില്‍ ചാരുലത, ഹിന്ദിയില്‍ ഫാമിലി മാന്‍ തുടങ്ങി പ്രിയാമണിക്ക് കരിയറില്‍ എടുത്ത് പറയാനുള്ള സിനിമകളും സീരിസുകളുമുണ്ട്.
പൊതുവെ വിവാഹ ശേഷം നടിമാര്‍ക്ക് അവസരം കുറയാറോ സിനിമകളില്‍ നിന്ന് മാറി നില്‍ക്കാറോ ആണ് പതിവെങ്കില്‍ പ്രിയാമണിയുടെ കാര്യത്തില്‍ സംഭവിച്ചത് മറിച്ചാണ്. വിവാഹ ശേഷമാണ് നടിക്ക് തിരക്ക് കൂടിയത്. ജവാന്‍, വിരാടപര്‍വം തുടങ്ങിയ സിനിമകളില്‍ ക്യാരക്ടര്‍ റോളാണ് പ്രിയാമണി ചെയ്തത്. അടുത്ത കാലത്ത് പ്രിയാമണിയുടെ ലുക്കിലും വലിയ മേക്കോവര്‍ സംഭവിച്ചു. വണ്ണം കുറച്ച നടി ഫിറ്റ്‌നെസിന് ശ്രദ്ധ നല്‍കുന്നുണ്ട്.
പുതിയ സിനിമ ഭമകല്‍പം 2 വിന്റെ പ്രൊമോഷന് എത്തിയ പ്രിയാമണി ആരാധക പ്രശംസ നേടുകയാണ്. നടി പതിവിലധികം സുന്ദരിയായിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു, വണ്ണം കുറച്ചതിന് പിന്നില്‍ നടി നേരിട്ട ചില ആരോഗ്യപ്രശ്‌നങ്ങളും കാരണമാണ്. ഇതേക്കുറിച്ച് പ്രിയാമണി മാസങ്ങള്‍ക്ക് മുമ്പെ തുറന്ന് സംസാരിച്ചിട്ടുമുണ്ട്. ഞാന്‍ വല്ലാതെ വണ്ണം വെച്ചതായി എനിക്ക് തോന്നി. അമിതമായി ഭക്ഷണം കഴിച്ചത് കൊണ്ടായിരുന്നില്ല.
ഇതോടെയാണ് ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോയത്. ചില ടെസ്റ്റുകള്‍ ചെയ്യാന്‍ ഗൈനക്കോളജിസ്റ്റ് നിര്‍ദ്ദേശിച്ചെന്നും പ്രിയാമണി തുറന്ന് പറഞ്ഞു. യൂട്രസില്‍ ടിഷ്യൂകള്‍ വളരുന്ന എഡിനോമയോമയായിരുന്നു അത്. ആറ് സെന്റിമീറ്ററോളം വളര്‍ന്നതിനാല്‍ അത് നീക്കം ചെയ്യണം. ആറ് സെന്റി മീറ്റര്‍ വളരെ വലുതാണെന്ന് ഡോക്ടര്‍ പറഞ്ഞു. ഒരു കീ ഹോള്‍ സര്‍ജറി ചെയ്യണം.
സര്‍ജറിക്കായി എനിക്ക് വണ്ണം കുറക്കേണ്ടി വന്നു. വണ്ണം കുറച്ചാലെ ഓപ്പറേഷന്‍ സാധിക്കൂ എന്നതിനാല്‍ അതിന് വേണ്ടി മാത്രം ടാബ്ലെറ്റ് തന്നു. അത് ശരീര ഭാരം വല്ലാതെ കുറച്ചു. ഓപ്പറേഷന്‍ വിജയകരമായിരുന്നു. മുഴയുടെ 95 ശതമാനവും നീക്കി. ബാക്കിയുള്ള അഞ്ച് ശതമാനം അപകടകരമല്ല, ഒരുപക്ഷെ തിരിച്ച് വന്നേക്കാം എന്നും ഡോക്ടര്‍ പറഞ്ഞു. യോഗയിലൂടെയും മറ്റുമാണ് താന്‍ ഫിറ്റ്‌നെസ് നിലനിര്‍ത്തുന്നതെന്നും വണ്ണം കുറയ്ക്കാന്‍ ലിപൊസക്ഷന്‍ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും പ്രിയാമണി വ്യക്തമാക്കി.
39 കാരിയായ പ്രിയാമണിക്ക് ഇന്ന് ഹിന്ദി സിനിമാ രംഗത്തും അവസരങ്ങളേറെയാണ്. ജവാനില്‍ നായികാ വേഷമല്ലെങ്കിലും മികച്ച കഥാപാത്രമാണ് പ്രിയാമണിക്ക് ലഭിച്ചത്. ഫാമിലി മാന്‍ എന്ന സീരീസാണ് പ്രിയാമണിക്ക് ഹിന്ദി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിക്കൊടുത്തത്. കരിയറില്‍ തുടരുന്നുണ്ടെങ്കിലും പഴയത് പോലെ ഇന്റിമേറ്റ് രംഗങ്ങളോ ഗ്ലാമറസ് വേഷങ്ങളോ ചെയ്യില്ലെന്ന് പ്രിയാമണി വ്യക്തമാക്കിയിട്ടുണ്ട്. താരത്തിന്റെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
മലയാളത്തില്‍ നേര് എന്ന ചിത്രമാണ് പ്രിയാമണിയുടേതായി പുറത്തിറങ്ങിയത്. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ജിത്തു ജോസഫായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം പ്രിയാമണി ചെയ്യുന്ന മലയാള സിനിമയായിരുന്നു നേര്. ഇതിന് പുറമെ ബോളിവുഡില്‍ നിന്നും നടിക്ക് തുടരെ അവസരങ്ങള്‍ വരുന്നുണ്ട്. പ്രിയാമണിയുടെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
2004 ല്‍ പുറത്ത് ഇറങ്ങിയ സത്യം എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണി മലയാളത്തില്‍ എത്തുന്നത്. പിന്നീട് ഒറ്റനാണയം എന്ന ചിത്രം ചെയ്‌തെങ്കിലും നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് 2008 ല്‍ പുറത്തിറങ്ങിയ തിരക്കഥ എന്ന ചിത്രത്തിലൂടെയാണ്. പ്രിയാമണിയുടെ എക്കാത്തേയും ഹിറ്റ് കഥപാത്രങ്ങളിലൊന്നാണ് തിരക്കഥയിലെ മാളവിക എന്ന കഥാപാത്രം. ഇന്നും സിനിമാ കോളങ്ങളില്‍ തിരക്കഥയും മാളവിക എന്ന കഥാപാത്രവും ചര്‍ച്ചയാവുന്നുണ്ട്. 2003 മുതല്‍ പ്രിയ സിനിമയില്‍ സജീവമാണെങ്കിലും വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളു. എന്നാല്‍ തെലുങ്ക് , തമിഴ്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും ബോളിവുഡ് വെബ് സീരീസുകളിലും നടി സജീവമാണ്.