Tamil
ഇന്ത്യൻ 2 തിയേറ്ററുകളിലോ ഒടിടി പ്ലാറ്റ്‌ഫോമുകളിലോ പ്രദർശിപ്പിക്കുന്നത് തടയണം; ഹർജിയുമായി മധുര സ്വദേശി
ഇന്ത്യൻ 2 തിയേറ്ററുകളിലോ ഒടിടി പ്ലാറ്റ്‌ഫോമുകളിലോ പ്രദർശിപ്പിക്കുന്നത് തടയണം; ഹർജിയുമായി മധുര സ്വദേശി
തെന്നിന്ത്യൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ട് ദിവസം മാത്രമാണ് ചിത്രം തിയേറ്ററിലെത്താൻ അവശേഷിക്കുന്നത്. ഈ വേളയിൽ ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരിക്കുകയാണ്.
മധുര സ്വദേശി ആശാൻ രാജേന്ദ്രൻ എന്നയാളാണ് സിനിമയുടെ റിലീസിനെതിരെ മധുര കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. സിനിമ തിയേറ്ററുകളിലോ ഒ ടി ടി പ്ലാറ്റ്‌ഫോമുകളിലോ പ്രദർശിപ്പിക്കുന്നത് തടയണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. മധുരയിലെ എച്ച്എംഎസ് കോളനിയിലുള്ള ആയോധനകല ഗവേഷണ അക്കാദമിയിലെ വർമകലൈയിലെ മുഖ്യ അധ്യാപകനാണ് ആശാൻ രാജേന്ദ്രൻ.
ഇന്ത്യൻ സിനിമയിൽ കമൽഹാസന് വർമകലൈയുമായി ബന്ധപ്പെട്ട ചില ടെക്‌നിക്കുകൾ ആശാൻ രാജേന്ദ്രനാണ് പഠിപ്പിച്ചു നൽകിയത്. സിനിമയിൽ ഇദ്ദേഹത്തിന്റെ പേരും ക്രെഡിറ്റിൽ നൽകിയിരുന്നു. എന്നാൽ ഇന്ത്യൻ-2 വിൽ ഈ ടെക്‌നിക്കുകൾ തന്റെ അറിവില്ലാതെ സിനിമയിൽ ഉപയോഗിച്ചുവെന്നാണ് ഹർജിക്കാരൻ ആരോപിക്കുന്നത്. ഹർജി കോടതി വ്യാഴാഴ്ച പരിഗണിക്കും.
അതേസമയം, ഈ വർഷം അവസാനം ഇന്ത്യൻ 3 യും എത്തുമെന്നാണ് സൂചന. ഇന്ത്യൻ 2 വിൻറെ റിലീസ് വിവധ കാരണങ്ങളാൽ നീണ്ട് നീണ്ട് പോകുകയായിരുന്നു. ആരാധകരടക്കം ഇക്കാര്യത്തിൽ നിരവധി പേരാണ് അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നത്.
2020 ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിച്ച ശേഷം പലവിധ കാരണങ്ങളാൽ സിനിമയുടെ പ്രവർത്തനം നിർത്തിവേക്കേണ്ടി വന്നിരുന്നു. ഷൂട്ടിങ്ങിനിടെ ലൊക്കേഷനിൽ ഉണ്ടായ അപകടത്തിൽ 3 പേർ മരണപ്പെട്ടതും, കോവിഡ് നിയന്ത്രണങ്ങളും, സാമ്പത്തിക പ്രതിസന്ധിയും സിനിമയെ കാര്യമായി ബാധിച്ചിരുന്നു.
അതേസമയം, ഇന്ത്യൻ രണ്ടാം ഭാഗത്തിന് താൻ സമ്മതിച്ചതിന് പിന്നിലെ ഒരേയൊരു കാരണം മൂന്നാം ഭാഗമാണ് എന്നാണ് കമൽ ഹാസൻ പറഞ്ഞത്. ഞാൻ ഇന്ത്യൻ 3യുടെ ഫാൻ ആണ്. സിനിമ കണ്ട ശേഷം ആളുകൾ പറയാറില്ലേ ഫസ്റ്റ് ഹാഫാണ് ഇഷ്ടപ്പെട്ടത്, രണ്ടാം പകുതിയാണ് ഇഷ്ടപ്പെട്ടത് എന്നൊക്കെ.
എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ 3യാണ് രണ്ടാം പകുതി. അത് പുറത്തിറങ്ങാൻ ഇനിയും ആറുമാസം സമയമെടുക്കും എന്ന വിഷമത്തിലാണ് ഞാൻ,’ എന്നുമാണ് കമൽഹാസൻ പറയുന്നത്.ഇന്ത്യൻ 2-3 ഭാഗങ്ങളിലായി കമൽഹാസനെ 12 ഗെറ്റപ്പുകളിൽ കാണാൻ കഴിയുമെന്നായിരുന്നു പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. ഏഴ് ഗെറ്റപ്പുകൾ ഇന്ത്യൻ 2ലും അഞ്ച് ഗെറ്റപ്പുകൾ ഇന്ത്യൻ 3ലുമായിരിക്കും ഉണ്ടാവുക എന്നാണ് വിവരം.