Tamil
സിനിമാ നടി, മുംബൈക്കാരി, തമിഴ് പോലും സംസാരിക്കാൻ അറിയില്ല; സൂര്യ-ജ്യോതിക വിവാഹത്തിന് ശിവകുമാർ എതിർപ്പ് പ്രകടിപ്പിക്കാൻ കാരണം!
സിനിമാ നടി, മുംബൈക്കാരി, തമിഴ് പോലും സംസാരിക്കാൻ അറിയില്ല; സൂര്യ-ജ്യോതിക വിവാഹത്തിന് ശിവകുമാർ എതിർപ്പ് പ്രകടിപ്പിക്കാൻ കാരണം!
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. തമിഴകത്തെ പോലെ കേരളത്തിലും ഇരുവർക്കും നിരവധി ആരാധകരുണ്ട്. ജീവിതത്തിലും കരിയറിലും ഇരുവരും പരസ്പരം നൽകുന്ന പിന്തുണയാണ് മറ്റ് പല താര ദമ്പതികളിൽ നിന്നും ഇവരെ വ്യത്യസ്തരാക്കുന്നത്. ജ്യോതിക അഭിനയ രംഗത്ത് തിരിച്ച് വരുന്നതിന് ഏറ്റവും വലിയ പിന്തുണ നൽകിയത് ഭർത്താവ് സൂര്യയാണ്.
ഇരുവരുടെയും പ്രണവും വിവാഹവുമെല്ലാം സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ചയാകാറുണ്ട്. ഇവരുടെ ബന്ധത്തിൽ സൂര്യയുടെ പിതാവ് ശിവകുമാറാണ് ഏറ്റവും കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ചത്. മുംബൈ സ്വദേശിയാണ് ജ്യോതിക. താരം വളർന്ന് വന്ന പശ്ചാത്തലമെല്ലാം വ്യത്യസ്തം ആയിരുന്നു. അന്ന് തമിഴ് പോലും സംസാരിക്കാൻ അറിയില്ലായിരുന്നു. ഇത്തര്തതിലൊരു മരുംകൾ തന്റെ കുടുംബത്തിന് ചേർന്നതല്ലെന്നാണ് ശിവകുമാർ പറഞ്ഞിരുന്നത്.
കുടുംബത്തിന്റെ കെട്ടുറപ്പിന് വലിയ പ്രാധാന്യം നൽകുന്ന ആളാണ് ഇദ്ദേഹം. എന്നാൽ ജ്യോതിക തന്നെയാണ് തന്റെ ജീവിത പങ്കാളിയെന്ന് സൂര്യ ഉറപ്പിച്ചു. അച്ഛന്റെ സമ്മതം ലഭിക്കും വരെ ഇരുവരും കാത്തിരുന്നു, ഒടുവിൽ ശിവകുമാറിന്റെ സമ്മതം ലഭിച്ച ശേഷം വിവാഹം നടന്നു. വിവാഹ ശേഷം ജ്യോതിക അഭിനയത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. ഇതിന് പിന്നിലും ശിവകുമാറാണെന്നാണ് സംസാരം.
വിവാഹശേഷം സൂര്യ കൂടുതൽ ഉയരങ്ങളിലേയ്ക്ക് കുതിക്കുകയായിരുന്നു. ജ്യോതിക രണ്ട് മക്കളെയും നോക്കി വീട്ടമ്മയായും കഴിഞ്ഞു. എന്നാൽ വർഷങ്ങൾക്കിപ്പുറം ജ്യോതിക വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചെത്തി. അതും സൂര്യയുടെ പൂർണ പിന്തുണയോടെ. തിരിച്ച് വരവിൽ ചെയ്ത ആദ്യ സിനിമ നിർമ്മിച്ചത് ഇരുവരുടെയും പ്രൊഡക്ഷൻ ഹൗസായ 2 ഡി എന്റർടെയ്ന്റ്‌മെന്റ്‌സാണ്. പിന്നാലെ ഇവർ മക്കളോടൊപ്പം മുംബൈയിലേക്ക് താമസം മാറി.
കൂട്ടുകുടുംബത്തിൽ നിന്നും ഇവർ താമസം മാറിയപ്പോൾ തന്നെ എന്തൊക്കെയോ അസ്വാരസ്യങ്ങളുണ്ടെന്നാണ് തമിഴകത്ത് ചർച്ചകൾ ആരംഭിച്ചിരുന്നു. ജ്യോതിക അഭിനയ രംഗത്ത് തുടരുന്നതിൽ ശിവകുമാറിന് താൽപര്യമില്ലെന്നും ഇത് കാരണമുള്ള അസ്വാരസ്യമാണ് ജ്യോതിക മുംബെെയിലേക്ക് പോകാൻ കാരണമെന്നുമാണ് പറയപ്പെടുന്നത്. എന്നാൽ ജ്യോതിക ഇതെല്ലാം നിഷേധിക്കുകയാണ് ചെയ്തത്.
അച്ഛനും അമ്മയ്ക്കും വേണ്ടിയാണ് മുംബൈയിലേക്ക് താമസം മാറിയതെന്നും അവരുടെ ആരോഗ്യകാര്യങ്ങൾ നോക്കുന്നതിനായുള്ള താത്കാലിക മാറ്റം മാത്രമാണിതെന്നും ജ്യോതിക പറഞ്ഞിരുന്നു. മാത്രമല്ല, ഭർതൃപിതാവ് തന്റെ കരിയറിന് പിന്തുണ നൽകുന്നുണ്ടെന്ന് പറഞ്ഞ നടി ഇദ്ദേഹത്തെ പ്രശംസിച്ച് ഒന്നിലേറെ അഭിമുഖങ്ങളിൽ സംസാരിച്ചിരുന്നു.
എന്നാൽ യഥാർത്ഥത്തിൽ ശിവകുമാറും ജ്യോതികയും തമ്മിൽ അസ്വാരസ്യമുണ്ടെന്നാണ് ആരാധകർ പറയുന്നത്. ജ്യോതിക സിനിമാ രംഗത്ത് തിരിച്ച് വന്നതിലെ ആശങ്ക ഒരിക്കൽ ശിവകുമാർ പരസ്യമായി സൂചിപ്പിച്ചിട്ടുമുണ്ട്. 2015 ൽ 36 വയതിനിലെ എന്ന സിനിമയിലൂടെയാണ് ജ്യോതിക തിരിച്ചെത്തിയത്. ഈ സിനിമയുടെ ഇവന്റിൽ വെച്ചാണ് ശിവകുമാർ ഇക്കാര്യം തുറന്ന് പറഞ്ഞത്.
ഈ സിനിമയിലൂടെ നല്ല വരവേൽപ്പ് ലഭിക്കുന്ന ജ്യോതിക തുടർന്നും സിനിമകൾ ചെയ്യും. എത്ര ചെയ്താലും മുൻഗണന കുടുംബം, കുട്ടികൾ, ഭർത്താവ് എന്നിവർക്കാണ്. അതിന് ശേഷമേയുള്ളൂ സിനിമ എന്നായിരുന്നു ശിവകുമാർ പറഞ്ഞത്. പിന്നാലെ അന്ന് ഈ പരാമർശം വലിയ ചർച്ചകൾക്കും വഴിവെച്ചു. 36 വയതിനിലൂടെ തിരിച്ച് വന്നെങ്കിലും മുംബൈയിലേയ്ക്ക് മാറിയ ശേഷമാണ് ജ്യോതിക സിനിമാ രംഗത്ത് കൂടുതൽ സജീവമായത്.
നടിയുടെ ലുക്കിലും ഇന്ന് മാറ്റങ്ങൾ ഏറെയാണ്. വളരെ സ്റ്റെെലിഷായാണ് താരം ഇപ്പോൾ എത്താറുള്ളത്. ശിവകുമാറിന്റെ മരുമകൾ എന്നതിനപ്പുറം, സൂര്യയുടെ ഭാര്യ എന്നതിനപ്പുറം സിനിമാ ലോകത്ത് വീണ്ടും തന്റേതായ സ്ഥാനം ജ്യോതിക നേടിയെടുക്കുകയായിരുന്നു. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.