Tamil
അജിത്തിന്റെ വിടാമുയർച്ചി ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക്; പുറത്ത് വരുന്ന റിപ്പോർട്ടുകൾ ഇങ്ങനെ
അജിത്തിന്റെ വിടാമുയർച്ചി ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക്; പുറത്ത് വരുന്ന റിപ്പോർട്ടുകൾ ഇങ്ങനെ
നിരവധി ആരാധകരുള്ള താരമാണ് അജിത്ത്. ആരാധകരുടെ സ്വന്തം തല. അദ്ദേഹത്തിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റേതായി പുറത്തെത്തിയ വിശേഷങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രം ഒരു പഴയ ഹോളിവുഡ് സിനിമയുടെ റീമേക്കാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് വരുന്നത്.
1997-ലെ ഹോളിവുഡ് ചിത്രമായ ബ്രേക്ക്ഡൗണിൻ്റെ ഔദ്യോഗിക റീമേക്കാണ് ചിത്രം എന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ജോനാഥൻ മോസ്റ്റോവ് സഹ-രചനയും സംവിധാനവും നിർവഹിച്ച അമേരിക്കൻ ത്രില്ലറാണ് ബ്രേക്ക്ഡൗൺ. ദമ്പതികളായ ജെഫും ആമി ടെയ്‌ലറും സഞ്ചരിക്കുന്ന കാറിന് ഒരു അപകടമുണ്ടാവുകയും ന്യൂ മെക്‌സിക്കോ മരുഭൂമിയിൽ കുടുങ്ങിപ്പോകുകയും ചെയ്യുന്നു.
തുടർന്ന് ഇരുവരെയും ട്രക്ക് ഡ്രൈവർ റെഡ് ബാർ സഹായിക്കാമെന്ന് പറയുകയും ആമിയെ അടുത്തുള്ള ഒരു കഫേയിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു. ജെഫ് കാർ നന്നാക്കി കഫേയിലേക്ക് പോക്കുന്നുവെങ്കിലും ആമിയെ കണ്ടെത്താനാവുന്നില്ല. തുടർന്ന് ജെഫ് നടത്തുന്ന അന്വേഷണമാണ് സിനിമയുടെ പ്രമേയം.
അസർബൈജാനിലെ ഒരു റോഡ് യാത്രയ്ക്കിടെ തട്ടിക്കൊണ്ടു പോകപ്പെടുന്ന തൻ്റെ ഭാര്യയെ രക്ഷിക്കാൻ അജിത് നടത്തുന്ന ശ്രമങ്ങളാണ് വിടാമുയർച്ചിയുടെ പ്രമേയം എന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. തൃഷയായിരിക്കും അജിത്തിന്റെ ഭാര്യയുടെ വേഷത്തിലെത്തുക എന്നാണ് സൂചന.
രണ്ട് മാസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാകുമെന്നും അതിന് ശേഷം റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ലൈക്ക പ്രൊഡക്ഷൻസ് ഹെഡ് എം കെ എം തമിഴ് കുമരൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം. പ്രേക്ഷകർ വളരെ ആകാംക്ഷയൊടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.