News
ഓസ്കര് പ്രചാരണത്തിനായി ആര്‍ആര്‍ആര്‍ ടീം ചെലവാക്കിയത് 80 കോടി രൂപ; പ്രതികരണവുമായി നിര്‍മ്മാതാവ്
ഓസ്കര് പ്രചാരണത്തിനായി ആര്‍ആര്‍ആര്‍ ടീം ചെലവാക്കിയത് 80 കോടി രൂപ; പ്രതികരണവുമായി നിര്‍മ്മാതാവ്
രാജ്യത്തിന് തന്നെ അഭിമാനമായി ആയിരുന്നു എസ്എസ് രാജമൗലി ചിത്രമായ ആര്‍ആര്‍ആറിലെ നാട്ടു നാട്ടു ഗാനം മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്കാര്‍ നേടിയത്. എന്നാല്‍ ചിത്രത്തിന്റെ ഈ പുരസ്കാര വിജയം കാണാന്‍ സംവിധായകന് എസ്എസ് രാജമൗലിയും സംഘവും വലിയ തുക ചിലവാക്കിയെന്ന വാര്‍ത്ത വന്നിരുന്നു.
ഇതിന് പിന്നാലെ ഓസ്കാറില്‍ ചിത്രത്തിന്റെ പ്രചാരണത്തിനായി ഒരു വലിയ തുക ചെലവഴിച്ചുവെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. 80 കോടി രൂപയ്ക്ക് അടുത്ത് ആര്‍ആര്‍ആര്‍ ടീം ഓസ്കാര്‍ പ്രചാരണത്തിനായി ചെലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ആര്‍ആര്‍ആറിന്റെ നിര്‍മ്മാതാവ് ഡിവിവി ധനയ്യ.
നേരത്തെ തന്നെ ഓസ്കാര്‍ നേടിയ ചിത്രത്തെക്കുറിച്ചോ, അതുമായി ബന്ധപ്പെട്ട പരിപാടികളിലോ നിര്‍മ്മാതാവ് ഡിവിവി ധനയ്യ പങ്കെടുക്കാത്തത് എറെ ചര്‍ച്ചയായ സമയത്താണ് ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം.
‘ഓസ്കാര്‍ പ്രചാരണത്തിനായി ചെലവഴിച്ച പണത്തെക്കുറിച്ചും ഞാന്‍ കേട്ടു. പ്രചാരണത്തിനായി ഞാന്‍ പണമൊന്നും ചെലവഴിച്ചിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. എന്നാല്‍ ഒരു അവാര്‍ഡിന് വേണ്ടി ആരും 80 കോടി രൂപ ചിലവഴിക്കാറില്ല. അതില്‍ ലാഭമൊന്നും ഉണ്ടാകില്ല’ എന്നാണ് ധനയ്യ പറഞ്ഞത്.
അതേസമയം ആര്‍ആര്‍ആര്‍ നിര്‍മ്മാതാവ് ആയിട്ടും ഓസ്കാര്‍ പോലുള്ള ആര്‍ആര്‍ആര്‍ ആദരിക്കപ്പെട്ട വേദിയിലൊന്നും ധനയ്യ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. രാജമൗലിയുമായി നിര്‍മാതാവിന് ചില പ്രശ്നങ്ങള്‍ ഉണ്ട് എന്നതടക്കം വാര്‍ത്തകള്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. 300 കോടിയോളം മുടക്കി നിര്‍മ്മിച്ച ചിത്രം 1200 കോടി രൂപയില്‍ അധികം കളക്ഷന്‍ നേടിയിരുന്നു.
