News
ചിത്രയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ദുരൂഹതകള്‍ ബാക്കിയാക്കി ആ പാടുകള്‍
ചിത്രയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ദുരൂഹതകള്‍ ബാക്കിയാക്കി ആ പാടുകള്‍
തമിഴ് നടിയും അവതാരകയുമായ ചിത്ര വിജെയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. ചെന്നൈ കില്‍പോക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം വ്യാഴാഴ്ച ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. രണ്ട് ഡോക്ടര്‍മാരുടെയും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം. മരണത്തില്‍ ദുരൂഹതകളൊന്നും ഇല്ലെന്നും സംഭവം ആത്മഹത്യ ആണെന്നുമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ചിത്രയുടെ മാതാവ് വിജയ കാമരാജ് രംഗത്തെത്തിയിരുന്നു.
മകള്‍ കൊല്ലപ്പെട്ടതാണെന്നും അതിന് ഉത്തരവാദി ഭാവിവരന് ഹേമന്ദാണെന്നായിരുന്നു ഇവര്‍ ആരോപിച്ചിരുന്നത്. ചിത്രയ്ക്ക് നീതി ലഭിക്കാന്‍ എല്ലാവരും തന്നോടൊപ്പം നില്‍ക്കണമെന്നും ഇവര്‍ പറഞ്ഞു. ചിത്രയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പ്രാഥമിക നിഗമനം അനുസരിച്ച് ചിത്രയുടേത് ആത്മഹത്യയാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ചിത്രയുടെ കവിളത്തും ശരീരത്തിലും കണ്ടെത്തിയ നഖപ്പാടുകളിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. മരിക്കുന്നതിനുമുമ്പ് ചിത്രയും ഹേമന്ദും തമ്മില്‍ വാക് തര്‍ക്കമുണ്ടായതായാണ് വിവരം. ചിത്രയെ ഹേമന്ദ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഷൂട്ടിംഗ് കഴിഞ്ഞ് അസ്വസ്ഥയായാണ് ചിത്ര മുറിയില്‍ തിരിച്ചെത്തിയതെന്നാണ് ഹേമന്ദിന്റെ പോലീസിന് നല്കിയ മൊഴി.
കഴിഞ്ഞ ദിവസമാണ് ചെന്നൈ നസ്രത്ത്പേട്ടിലെ ഹോട്ടല്‍ മുറിയില്‍ ചിത്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹേമന്ദിനൊപ്പമാണ് ചിത്ര ഹോട്ടലില്‍ താമസിച്ചിരുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് കുളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നി ഹോട്ടല്‍ ജീവനക്കാരെ വിളിച്ച് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് റൂം തുറന്നപ്പോള്‍ ഫാനില്‍ തൂങ്ങി നില്ക്കുന്ന ചിത്രയെയാണ് കണ്ടതെന്നാണ് ഹേമന്ദ് പറയുന്നത്. 3.30നാണ് ഹോട്ടലില്‍ നിന്ന് പോലീസ് കണ്ട്രോള് റൂമിലേക്ക് കോള്‍ വന്നതെന്നും തുടര്‍ന്ന് പോലീസ് ചിത്രയുടെ ചെന്നൈയിലുള്ള കുടുംബത്തെ വിളിച്ചു പറയുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
അമ്മയും ഹേമന്ദുമായുള്ള വഴക്കുകള്‍ മൂലം ഡിസംബര്‍ 4 മുതല്‍ ചിത്ര താമസിച്ചിരുന്നത് ഹോട്ടലിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ചിത്രയും ഹേമന്ദും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. എന്നാല്‍ തങ്ങളുടെ വിവാഹം കഴിഞ്ഞതായുള്ള രേഖകള്‍ ഹേമന്ദ് പോലീസിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒക്ടോബര്‍ 19ന് ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നുവെന്നും ഇതിന്റെ രേഖകളാണ് പോലീസിന് മുമ്പാകെ ഹേമന്ദ് സമര്‍പ്പിച്ചതെന്നുമാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന് സ്റ്റോര്‍സ് എന്ന ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ധേയയായിരുന്നു ചിത്ര. ചെന്നൈ കോട്ടൂര്‍പുരം സ്വദേശിയാണ് ചിത്ര. ഒരു തമിഴ് സിനിമയിലേക്ക് ചിത്ര കരാര്‍ ആയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മക്കള്‍ ടിവി, ജയ ടിവി, സീ തമിഴ്, സ്റ്റാര്‍ വിജയ് തുടങ്ങിയ ചാനലുകളിലെല്ലാം നിരവധി ഷോയുടെ അവതാരകയായ ചിത്ര വിവിധ ചാനലുകളിലെ സീരിയലുകളിലും അഭിനയിച്ചിരുന്നു.
about chithra’s postmortem report
