general
സുധിയോടുള്ള ആത്മബന്ധം കൊണ്ടായിരിക്കാം സുരാജ് വീട് വെക്കാമെന്ന് പറഞ്ഞത്, ആ ഗതികേട് സുധിയുടെ വീടിന് വരാതിരിക്കട്ടെ; ശാന്തിവിള ദിനേശ്
സുധിയോടുള്ള ആത്മബന്ധം കൊണ്ടായിരിക്കാം സുരാജ് വീട് വെക്കാമെന്ന് പറഞ്ഞത്, ആ ഗതികേട് സുധിയുടെ വീടിന് വരാതിരിക്കട്ടെ; ശാന്തിവിള ദിനേശ്
സ്വന്തമായൊരു വീട് എന്ന സ്വപ്നം ബാക്കിയാക്കിയാണ് കൊല്ലം സുധി യാത്രയായത്. സുഹൃത്തും സഹപ്രവർത്തകനുമായ ഉല്ലാസ് പന്തളമാണ് സുധിയുടെ ഓർമ്മകൾ പങ്കുവെക്കവെ ഇക്കാര്യം തുറന്ന് പറഞ്ഞത്. പിന്നാലെ സുധിയുടെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി നിരവധി പേർ രംഗത്ത് വന്നു. സുധിയുടെ കുടുംബത്തിന് വീട് വെച്ച് കൊടുക്കുമെന്ന് ഫ്ലവേഴ്സ് ചാനൽ അറിയിച്ചു. ഇതിനിടെ നടൻ സുരാജ് വെഞ്ഞാറമൂടും സുധിക്ക് വീട് വെച്ച് നൽകുമെന്ന് പ്രഖ്യാപിച്ചു. രണ്ട് പേർ ഒരേസമയം സഹായവാഗ്ദാനം പ്രഖ്യാപിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ്.
‘സുധിയോടുള്ള ആത്മബന്ധം കൊണ്ടായിരിക്കാം സുരാജ് വീട് വെക്കാമെന്ന് പറഞ്ഞത്. സ്റ്റേജ് ഷോകളിൽ സുധിയുടെ അസിസ്റ്റന്റായിരുന്നു സുരാജ്. അവിടെ നിന്നും സുരാജ് എത്ര വളർന്നു. ഫ്ലവേഴ്സും സുരാജും കൂടി മത്സരിക്കേണ്ട. ഫ്ലവേഴ്സ് വീട് വെക്കുമെന്ന് കരുതി സുരാജ് പിൻമാറുകയും സുരാജ് വീടുവെക്കുമെന്ന് കരുതി ഫ്ലവേഴ്സ് പിൻമാറുകയും ചെയ്യേണ്ട’ ‘പണ്ട് വയനാട്ടിലെ ഒരു ആദിവാസി ഏരിയ മഞ്ജു വാര്യർ ദത്തെടുത്തു. അതിന് മുമ്പ് സർക്കാർ അവിടെ വികസനം കൊണ്ടുവരാനിരുന്നതാണ്. മഞ്ജു ദത്തെടുത്തല്ലോ എന്ന് വിചാരിച്ച് സർക്കാർ അതിൽ നിന്നും പിൻമാറി. സർക്കാർ ചെയ്യുകയല്ലേ എന്ന് കരുതി മഞ്ജുവും പിൻമാറി. ഫലത്തിൽ അവർ അവതാളത്തിലായി’
‘ആ ഗതികേട് സുധിയുടെ വീടിന് വരാതിരിക്കട്ടെ,’ ശാന്തിവിള ദിനേശൻ പറഞ്ഞു. ജനക്കൂട്ടവും ക്യാമറയുമെല്ലാം കാണുമ്പോൾ പലർക്കും ആവേശം വന്ന് സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. കൊച്ചിൻ ഹനീഫ മരിച്ചപ്പോൾ സൂപ്പർതാരങ്ങൾ അവിടെ നിന്ന് പൊട്ടിക്കരഞ്ഞു. പക്ഷെ മലയാള സിനിമയിൽ കൊച്ചിൻ ഹനീഫയുടെ വീട്ടുകാരെ തിരിഞ്ഞ് നോക്കിയ ഒരാളെയുള്ളൂ. അത് ദിലീപാണ്,’ ശാന്തിവിള ദിനേശൻ പറയുന്നു. ദിലീപിനെ പിന്തുണച്ച് സംസാരിച്ചാൽ പലരും തന്നെ വിമർശിക്കുമെന്നും സംവിധായകൻ ആരോപിച്ചു.