Actress
പൂര്‍ത്തിയാക്കാന്‍ ഒപ്പമുണ്ടായിരുന്നവര്‍ക്ക് നന്ദി; പുതിയ ഓഫീസ് കെട്ടിടത്തിന്റെ ചിത്രങ്ങളുമായി നയന്‍താര
പൂര്‍ത്തിയാക്കാന്‍ ഒപ്പമുണ്ടായിരുന്നവര്‍ക്ക് നന്ദി; പുതിയ ഓഫീസ് കെട്ടിടത്തിന്റെ ചിത്രങ്ങളുമായി നയന്‍താര
നടി എന്നതിലുപരിയായി ബിസിനസിലും ഉയര്‍ന്നു വരികയാണ് തെന്നിന്ത്യയുടെ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ നയന്‍താര. ജെന്‍ഡര്‍ ന്യൂട്രല്‍ ലിപ് ബാം കമ്പനി മുതല്‍ സ്കിന്‍കെയര്‍ ബ്രാന്‍ഡ് 9 സ്കിന്‍, ഫെമി 9 വരെ നിരവധി സംരംഭങ്ങളാണ് നയന്‍താരയുടെ ഉടമസ്ഥതയിലുള്ളത്. ബിസിനസിനും മറ്റു ഔദ്യോഗിക കാര്യങ്ങള്‍ക്കുമായുള്ള ഒരു ഓഫീസ് കെട്ടിടം യാഥാത്ഥ്യമാക്കാനുള്ള യാത്രയിലായിരുന്നു താരം. ഇപ്പോഴിതാ തന്റെ സ്വപ്ന ഓഫീസ് കെട്ടിടത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം.
ഭര്‍ത്താവ് വിഘ്നേഷിനും മക്കള്‍ക്കുമൊപ്പം നയന്‍താര താമസിക്കുന്ന വിടിന്റെ മുകളില്‍ തന്നെയാണ് ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്. ഉയരമുള്ള സീലിംഗും ധാരാളം ഗ്ലാസ് വര്‍ക്കുകളും ഉള്‍പ്പെടുന്ന ഒരു മിനിമലിസ്റ്റിക് ഡിസൈനാണ് നടി തിരഞ്ഞെടുത്തതെന്ന്. കെട്ടിടത്തിന്റെ ചിത്രങ്ങള്‍ നയന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഓഫീസ് പൂര്‍ത്തിയാക്കാന്‍ ഒപ്പമുണ്ടായിരുന്നവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് സൈബര്‍ ലോകത്തേക്ക് നയന്‍താര കാലെടുത്ത് വയ്ക്കുന്നത്. തന്റെ ഉത്പന്നങ്ങള്‍ പലപ്പോഴും താരം തന്റെ അക്കൗണ്ടിലൂടെ പരസ്യം ചെയ്യാറുമുണ്ട്. എന്നിരുന്നാലും, തന്റെ വ്യക്തിജീവിതത്തിലേക്കുള്ള കാഴ്ചകള്‍ ആരാധകരുമായി പങ്കിടാനും നടി മറക്കാറില്ല. വിഘ്നേഷിനും മക്കളായ ഉയിരിനും ഉലഗിനും ഒപ്പമുള്ള പ്രത്യേക നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും താരം നിരന്തരം പോസ്റ്റ് ചെയ്യാറുണ്ട്.
പ്രദീപ് രംഗനാഥന് നായകനാകുന്ന ‘ലവ് ഇന്‍ഷുറന്‍സ് കമ്പനി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് വിഘ്നേഷ്. ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ വിഘ്നേഷ് അടുത്തിടെ സിംഗപ്പൂരില്‍ നിന്ന് മടങ്ങിയെത്തിയിരുന്നു. അതേസമയം, ഷാരൂഖ് ഖാനൊപ്പം ജവാനില്‍ അഭിനയിച്ച ശേഷം, ബിസിനസ് രംഗത്ത് സജീവമാകുകയാണ് നയന്‍താര. ടെസ്റ്റ്, മണ്ണങ്കട്ടി സിന്‍സ് 1960 തുടങ്ങിയ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
