Malayalam
ഒടിടിയില്‍ ഒറ്റയ്ക്ക് ഇരുന്ന് കാണുമ്പോള്‍ ആ സിനിമ ആസ്വദിക്കാന്‍ പറ്റില്ല. ആസ്വദിക്കാന്‍ പറ്റാത്ത ഒരുപാട് പേരുണ്ടായിരുന്നു; കേശു ഈ വീടിന്റെ നാഥനെ കുറിച്ച് നാദിര്‍ഷ
ഒടിടിയില്‍ ഒറ്റയ്ക്ക് ഇരുന്ന് കാണുമ്പോള്‍ ആ സിനിമ ആസ്വദിക്കാന്‍ പറ്റില്ല. ആസ്വദിക്കാന്‍ പറ്റാത്ത ഒരുപാട് പേരുണ്ടായിരുന്നു; കേശു ഈ വീടിന്റെ നാഥനെ കുറിച്ച് നാദിര്‍ഷ
എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ദിലീപിന് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ കൂടുതല്‍ സമയത്തിന്റെ ആവശ്യമില്ലാതിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന്‍ ആയി മാറാന്‍ ദിലീപിനായി. ചെറിയ വേഷമായിരുന്നു ഈ ചിത്രത്തിലെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ കേസിന് പിന്നാലെയാണെങ്കിലും ദിലീപിന്റേതായി പുറത്തെത്താറുള്ള എല്ലാ വാര്‍ത്തകള്‍ക്കും വലിയ പിന്തുണയാണ് ലഭിക്കുന്നത്.
ദിലീപിനൊപ്പം തന്നെ, മിമിക്രിയിലൂടെ എത്തി, ഇന്ന് മലയാള സിനിമയില്‍ സംവിധായകനായും നടനായും ഗായകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് നാദിര്‍ഷ. കലാഭവനില്‍ മിമിക്രിയും മറ്റ് പരിപാടികളും ചെയ്ത് നടക്കുന്ന കാലം മുതലുള്ളതാണ് ഇരുവരുടേയും സൗഹൃദം. ദിലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളര്‍ന്നതിനെ കുറിച്ചും നാദിര്‍ഷ വാചാലനായിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് സിനിമയിലെത്തും മുമ്പ് നിരവധി ടെലിവിഷന്‍ പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും സൗഹൃദവും തമാശകളുമെല്ലാം തന്നെ ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയാറുമുണ്ട്.
അമര്‍ അക്ബര്‍ അന്തോണി ആയിരുന്നു നാദിര്‍ഷ സംവിധാനം ചെയ്ത ആദ്യ സിനിമ. ചിത്രത്തില്‍ പൃഥിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. പൃഥിരാജിന് ആദ്യമായി കോമഡി റോള്‍ കൊടുത്ത് ഫലിപ്പിച്ചെടുക്കാനും നാദിര്‍ഷയ്ക്കായി. എന്നാല്‍ പിന്നീട് ഇതേ വിജയം ആവര്‍ത്തിക്കാന്‍ നാദിര്‍ഷയ്ക്ക് കഴിഞ്ഞില്ല. കട്ടപ്പനയിലെ ഹൃതിക് റോഷന്‍, മേരാ നാം ഷാജി, കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയ സിനിമകള്‍ക്ക് സമ്മിശ്ര പ്രതികരണം ആയിരുന്നു ലഭിച്ചത്.
നാദിര്‍ഷയുടെ ഏറ്റവും പുതിയ സിനിമയാണ് ഈശോ. ഒടിടിയില്‍ പുറത്തിറക്കിയ സിനിമയില്‍ ജയസൂര്യ, നമിത പ്രമോദ്, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നാദിര്‍ഷ. ദിലീപിനെ നായകനാക്കി ചെയ്ത കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയെ പറ്റി നാദിര്‍ഷ സംസാരിച്ചു.സമ്മിശ്ര പ്രതികരണം ലഭിച്ച സിനിമ പക്ഷെ സാമ്പത്തിക വിജയം ആയിരുന്നെന്നും ദിലീപ് സിനിമകളില്‍ ഏറ്റവും കൂടുതല്‍ പണം നിര്‍മാതാവിന് ലഭിച്ച സിനിമയാണിതെന്നും നാദിര്‍ഷ പറഞ്ഞു. സിനിമയുടെ നിര്‍മാണത്തില്‍ ദിലീപും പങ്കാളി ആയിരുന്നു.
‘കേശു ഈ വീടിന്റെ നാഥന്‍ സിനിമയുടെ പ്രിവ്യൂ മലയാളത്തിലെ സീനിയര്‍ സംവിധായകരെ കാണിച്ചിരുന്നു. തിയറ്ററില്‍ ഇരുന്ന് സിനിമ കാണുമ്പോള്‍ കുടുംബം ഒന്നിച്ചാണ്. കുഞ്ഞു കുഞ്ഞു ചിരികള്‍ വലിയ ചിരിയായി തിയറ്ററില്‍ കിട്ടുന്നതാണ്. പക്ഷെ ഒടിടിയില്‍ ഒറ്റയ്ക്ക് ഇരുന്ന് കാണുമ്പോള്‍ ആ സിനിമ ആസ്വദിക്കാന്‍ പറ്റില്ല. ആസ്വദിക്കാന്‍ പറ്റാത്ത ഒരുപാട് പേരുണ്ടായിരുന്നു. ചീത്ത കേട്ടിട്ടുമുണ്ട്. അത് മഹത്തായ സിനിമയാണ് എന്നൊന്നും ഒരു അവകാശ വാദവുമില്ല. പാളിച്ചകള്‍ സിനിമകള്‍ക്ക് ഉണ്ടാവാറുണ്ട്. ചിലര്‍ക്ക് ഇഷ്ടപ്പെടും ചിലര്‍ക്ക് ഇഷ്ടപ്പെടില്ല. കുറച്ച് പ്രായമുള്ളവര്‍ക്ക് ഈ സിനിമയ്ക്ക് എന്താണ് കുഴപ്പമെന്ന് തോന്നിയിട്ടുണ്ട്’.
‘യുവാക്കള്‍ക്ക് ഇയാളെന്താണ് ഇങ്ങനെ ചെയ്തിരിക്കുന്നത് ഇതൊക്കെ പഴയ പാറ്റേണാണ് എന്ന ഫീലും വന്നിട്ടുണ്ട്. പക്ഷെ സാമ്പത്തികമായിട്ട് ആ സിനിമ ഓക്കെ ആയിരുന്നു. ഒടിടിയില്‍ കൊടുത്തപ്പോള്‍ നല്ല ലാഭം കിട്ടി. ദിലീപ് സിനിമകളില്‍ നിന്ന് പ്രൊഡ്യൂസര്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ പൈസ കേശുവിന്റെ നാഥനില്‍ നിന്ന് കിട്ടിയിട്ടുണ്ട്. അത് ഇന്‍ഡസ്ട്രിയിലെ എല്ലാ നിര്‍മാതാക്കള്‍ക്കും അറിയാം. നൂറ് കോടി കലക്ട് ചെയ്തു എന്നല്ല. ഇതൊരു തള്ള് ആണെന്ന് വിചാരിക്കുന്നവര്‍ക്ക് അങ്ങനെ വിചാരിക്കാം’
‘സിനിമ ഭയങ്കര നഷ്ടം ആയി, അടി കിട്ടി എന്ന് ആശ്വസിച്ചിരിക്കുന്ന കുറേ ആള്‍ക്കാര്‍ ഉണ്ട്. ആ സമയത്തെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സിനിമയ്ക്ക് നേരെ സൈബര്‍ ആക്രമണ്‍ രൂക്ഷമായി ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഒടിടിയില്‍ കൊടുത്തപ്പോള്‍ ഞങ്ങള്‍ സേഫ് ആയിരുന്നു. സിനിമ കണ്ടിട്ട് ആളുകള്‍ നന്നാവുമെന്നോ ചീത്ത ആവുമെന്നോ ഉള്ള വിശ്വാസക്കാരനല്ല ഞാന്‍. സിനിമയിലൂടെ ഒരു മെസേജ് കൊടുത്തിട്ട് കുറേ ആള്‍ക്കാരെ നന്നാക്കിയെടുക്കാം എന്നും വിശ്വാസമില്ല. പക്ഷെ സിനിമകള്‍ സ്വാധീനിക്കും,’ എന്നും നാദിര്‍ഷ പറഞ്ഞു.
