Movies
തിരക്കഥയില്‍ മാറ്റങ്ങള്‍ വന്നപ്പോഴാണ് പാട്ട് ഒഴിവാക്കിയത്, സിനിമയില്‍ ഇതൊക്കെ പതിവാണ്, ബാലനോട് ഇതൊക്കെ പറഞ്ഞു; പന്തളം ബാലന്റെ ആരോപണത്തിന് മറുപടിയുമായി വിനയന്‍
തിരക്കഥയില്‍ മാറ്റങ്ങള്‍ വന്നപ്പോഴാണ് പാട്ട് ഒഴിവാക്കിയത്, സിനിമയില്‍ ഇതൊക്കെ പതിവാണ്, ബാലനോട് ഇതൊക്കെ പറഞ്ഞു; പന്തളം ബാലന്റെ ആരോപണത്തിന് മറുപടിയുമായി വിനയന്‍
വിനയൻ ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്നും താന്‍ പാടിയ പാട്ട് ഒഴിവാക്കിയതിനെതിരെ ഗായകന്‍ പന്തളം ബാലന്‍ രംഗത്ത് എത്തിയിരുന്നു. വിനയന്‍ ആവശ്യപ്പെട്ടതു പ്രകാരം രണ്ടു വര്‍ഷം മുന്‍പ് പാടിയ പാട്ടാണെന്നും എന്നാല്‍ സിനിമ റിലീസായപ്പോള്‍ തന്‍റെ പാട്ടില്ലെന്നും ബാലന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞത്. ഇപ്പോഴിതാ ഗായകന്‍ പന്തളം ബാലന്റെ ആരോപണത്തിന് മറുപടിയുമായി സംവിധായകന്‍ വിനയന്‍.
തിരക്കഥയില്‍ മാറ്റങ്ങള്‍ വന്നപ്പോഴാണ് പാട്ട് ഒഴിവാക്കിയതെന്നും ഇക്കാര്യം ഗായകനെ അറിയിച്ചിരുന്നതായുമാണ് വിനയന്‍ പറയുന്നത്. സിനിമയുടെ തിരക്കഥ ഒരുക്കുന്ന സമയം ബാലനെ കൊണ്ട് ഒരു ഗാനം പാടിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. അത് എം ജയചന്ദ്രനെ അറിയിക്കുകയും ചെയ്തു. തിരക്കഥയില്‍ പിറന്നാളാഘോഷം പോലെ ഒരു സീന്‍ ഉണ്ടായിരുന്നു.
ആ പാട്ടാണ് അദ്ദേഹം പാടിയത്. പക്ഷേ തിരക്കഥ പൂര്‍ത്തിയാക്കിയപ്പോള്‍ പിറന്നാളാഘോഷത്തിനു പകരം ആ ഏരിയയില്‍ ഒരു പൂതം തുള്ളല്‍ ആണ് ആവശ്യമായി വന്നത്. അപ്പോള്‍ തന്നെ ബാലനെ വിളിച്ച് വിഷമം അറിയിച്ചു. അടുത്ത പടത്തില്‍ പാട്ട് തരാമെന്ന് പറഞ്ഞു. അടുത്ത പടത്തില്‍ തന്നെ പരിഗണക്കണമെന്ന് ബാലനും പറഞ്ഞു.
സിനിമ അങ്ങനെയാണ്. ഷൂട്ട് ചെയ്ത കാര്യങ്ങള്‍, ചില താരങ്ങള്‍, പാട്ടുകള്‍ അങ്ങനെ പലതും നമുക്ക് ചിലപ്പോള്‍ ഒഴിവാക്കേണ്ടി വരും. ആ രംഗത്തിന് ആവശ്യമില്ലാത്ത ഒരു പാട്ടിനു വേണ്ടി 40 ലക്ഷം രൂപയോളം മുടക്കി ചിത്രീകരിക്കാന്‍ നിര്‍മ്മാതാവിനോട് പറയാന്‍ കഴിയില്ലല്ലോ. ഈ സിനിമയില്‍ ഗായകന്‍ ഹരിശങ്കറിന്റെ ഒരു പാട്ടും ഒഴിവാക്കിയിട്ടുണ്ട്.
സിനിമയില്‍ ഇതൊക്കെ പതിവാണ്. ബാലനോട് ഇതൊക്കെ പറഞ്ഞതാണ്. പക്ഷേ ബാലന്‍ ഇപ്പോള്‍ ഇത്തരമൊരു പോസ്റ്റുമായി വന്നത് എന്താണെന്ന് മനസിലാകുന്നില്ല. പോസ്റ്റ് കണ്ടപ്പോള്‍ ശരിക്കും വിഷമം തോന്നി. ബാലനെ പോലെയുള്ള ഒരു സീനിയര്‍ കലാകാരന്‍ പറയേണ്ട വാക്കുകളല്ല അത്. താന്‍ ജാതിയോ മതമോ നോക്കാതെ എല്ലാ കലാകാരന്മാരെയും ചേര്‍ത്തു പിടിക്കുന്ന ആളാണ്.
പല ജാതിയിലും മതത്തിലും പെട്ട പലരെയും തന്റെ സിനിമകളില്‍ ഉള്‍പ്പെടുത്താറുണ്ട്. ബാലനോടുള്ള സ്‌നേഹത്തിന്റെ പുറത്താണ് താന്‍ പാടിച്ചത്. ബാലന്റെ ജാതി നോക്കി ഒഴിവാക്കി എന്നൊക്കെ പറയുന്നത് കഷ്ടമാണ്. സിനിമയെയും കലയെയും കുറിച്ച് നല്ല വിവരമുള്ള ബാലനെപ്പോലെ ഒരു കലാകാരനില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്നാണ് വിനയന്‍ പ്രതികരിച്ചത്
