Movies
2018 സിനിമ ഒടിടിയിലേക്ക്! റിലീസ് തിയ്യതി പ്രഖ്യാപിച്ചു
2018 സിനിമ ഒടിടിയിലേക്ക്! റിലീസ് തിയ്യതി പ്രഖ്യാപിച്ചു
2018 സിനിമ ഒടിടിയിലേക്ക്. സോണി ലൈവിലൂടെ ജൂണ്‍ ഏഴിനാണ് സിനിമ ഒടിടിയില്‍ പ്രീമിയര്‍ ചെയ്യുന്നത്. മലയാള സിനിമയില്‍ ആദ്യമായി 150 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ചിത്രമാണിത്. തിയറ്ററില്‍ വിജയകരമായി പ്രദര്‍ശനം നടക്കുമ്പോള്‍ തന്നെയാണ് ഒടിടി റിലീസും പ്രഖ്യാപിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
മെയ് 5 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇന്ന് 25 ദിനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. എന്നാല്‍ കേരളത്തിലടക്കം റിലീസ് ചെയ്യപ്പെട്ട മിക്ക കേന്ദ്രങ്ങളിലും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം. കേരളത്തില്‍ മാത്രം 265 സ്ക്രീനുകളിലാണ് ചിത്രം ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതുവരെ നേടിയ കളക്ഷനും പുതിയ പോസ്റ്ററിനൊപ്പം നിര്‍മ്മാതാക്കള്‍ പങ്കുവച്ചിട്ടുണ്ട്. 24 ദിനങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 160 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
അതേസമയം ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ ഈ വെള്ളിയാഴ്ച റിലീസ് ചെയ്യപ്പെട്ടിരുന്നു. ഇതില്‍ തെലുങ്ക് പതിപ്പ് മികച്ച ഓപണിംഗ് ആണ് ആന്ധ്ര, തെലങ്കാന മേഖലകളില്‍ നിന്ന് നേടിയത്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്, നരേന്, ലാല്‍, വിനീത് ശ്രീനിവാസന്, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്ത ചിത്രത്തിന് ആദ്യദിനം 1.01 കോടി രൂപയാണ് ലഭിച്ചത്. രണ്ടാം ദിനത്തില്‍ 70 ശതമാനത്തോളം വര്‍ധനയാണ് കലക്ഷനില്‍ വന്നിരിക്കുന്നത്. ശനിയാഴ്ച ചിത്രം നേടിയ കലക്ഷന്‍. 1.7 കോടിയാണെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ നിന്നു മാത്രം 80 കോടി, റെസ്റ്റ് ഓഫ് ഇന്ത്യ 11 കോടി, ഓവര്‍സീസ് 65 കോടി. വെറും 22 ദിവസം കൊണ്ടാണ് ചിത്രം 150 കോടി കടന്നത്.
