മലയാളത്തിന്റെ സൂപ്പര്‍താരം ജനിച്ചു വളര്‍ന്ന വീട്; നശിപ്പിച്ചു കളയാതെ കാത്ത് സൂക്ഷിച്ചതിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ
ഓരോരുത്തരും ജനിച്ചു വളര്‍ന്ന വീടിനോട് എന്നും ഒരു പ്രത്യേക ഇഷ്ടം എല്ലാവര്‍ക്കും ഉണ്ടാകും. അവര്‍ക്ക് എന്നും സ്‌പെഷ്യലായിരിക്കും അത്. ആ വീട് വിട്ട് ദൂരേയ്ക്ക് പോകേണ്ടി വന്നാലും എന്നും ആ വീട്ടിലെ ഓര്‍മ്മകള്‍ മനസില്‍ തളംകിട്ടികിടപ്പുണ്ടായിരിക്കും. അത്തരത്തില്‍ പത്തനംതിട്ട ഇലന്തൂരിലെ പഴമ നിറഞ്ഞ ഈ വീട് ആ വീട്ടുകാരെ സംബന്ധിച്ചു മാത്രമല്ല, മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്.
മലയാളത്തിന്റെ പ്രിയപ്പെട്ട സൂപ്പര്‍സ്റ്റാറുകളില്‍ ഒരാള്‍ ജനിച്ചുവളര്‍ന്നത് ഈ വീട്ടിലാണ്. മറ്റാരുമല്ല, മലയാളത്തിന്റെ സ്വന്തം നടന്‍ മോഹന്‍ലാല്‍ ജനിച്ചു വളര്‍ന്ന വീടാണിത്. മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ വീട്. പുന്നയ്ക്കല്‍ തറവാടെന്ന ആ വീട് ഇന്നും മനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും ഊട്ടിയിലും ബുര്‍ജ് ഖലീഫയിലുമെല്ലാം വീടുകളുണ്ടെങ്കിലും മോഹന്‍ലാലിന്റെ മനസ്സിനോട് ചേര്‍ന്നു നില്‍ക്കുന്ന വീടുകളില്‍ ഒന്നാണിത്.
പരമ്പരാഗത ശൈലിയില്‍ നിര്‍മിച്ച, ഓടിട്ട ഒരു ഒറ്റനില വീടാണിത്. പഴമയുടെ സൗന്ദര്യം വിളിച്ചോതുന്ന ജനാലകളും റെഡ് ഓക്‌സൈഡ് പാകിയ നിലവുമൊക്കെയായി നൊസ്റ്റാള്‍ജിയ സമ്മാനിക്കുന്നതാണ് ഈ വീടിന്റെ കാഴ്ചകള്‍. പില്‍ക്കാലത്ത്, അച്ചന്റെ ജോലിയുമായി ബന്ധപ്പെട്ട് മോഹന്‍ലാലും അമ്മയും സഹോദരനുമൊക്കെ തിരുവന്തപുരത്തേക്ക് മാറുകയായിരുന്നു.
താരത്തിനു മൂന്നു വയസ്സായപ്പോഴാണ് അച്ഛന്‍ വിശ്വനാഥന്‍ നായര്‍ തിരുവനന്തപുരം മുടവന്‍മുഗളിലെ കേശവദേവ് റോഡില്‍ പുതിയ വീട് പണി കഴിപ്പിച്ചത്. ഹില്‍വ്യൂ എന്ന ആ വീട്ടിലാണ് പിന്നീട് താരം തന്റെ ബാല്യവും കൗമാരവും യൗവ്വനവുമൊക്കെ ചെലവഴിച്ചത്. മോഹന്‍ലാലിന്റെ സിനിമാജീവിതത്തിലും ഹില്‍വ്യൂ എന്ന വീടിനു വലിയ പ്രാധാന്യമുണ്ട്. താരത്തിന്റെ സിനിമാജീവിതം ആരംഭിക്കുന്നതും ഈ വീട്ടില്‍ നിന്നാണ്. 1978ല്‍ ‘തിരനോട്ടം’ എന്ന സിനിമയുടെ ഏതാനും ഭാഗങ്ങള്‍ ചിത്രീകരിച്ചത് ഇവിടെയാണ്.
‘സിനിമയിലെ എന്റെ ആദ്യ വീടാണിത്. തിരനോട്ടത്തിന്റെ കുറെ ഭാഗങ്ങള്‍ ഇവിടെയാണ് ഷൂട്ട് ചെയ്തത്. അശോകും സുരേഷും പ്രിയനും സനലും കുമാറുമെല്ലാം ഒരു കുടുംബം പോലെ ഞങ്ങള്‍ക്കൊപ്പം ഈ വീട്ടില്‍ കഴിഞ്ഞു. വീടിനു മുന്നിലുള്ള റോഡിലൂടെ സൈക്കിള്‍ ചവിട്ടിവരുന്ന രംഗമാണ് ആദ്യം ചിത്രീകരിച്ചത്. അതായിരുന്നു സിനിമയിലെ എന്റെ ആദ്യ ഷോട്ട്,’ എന്നാണ് മോഹന്‍ലാല്‍ ഒരിക്കലൊരു അഭിമുഖത്തില്‍ പറഞ്ഞത്.
അങ്ങിങ്ങായി നിരവധി വീടുകളുള്ള മോഹന്‍ലാലിന് ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഒരു ഫ്‌ളാറ്റ് സ്വന്തമാക്കിയിരിക്കുന്നു. ദുബായിലെത്തുമ്പോള്‍ മോഹന്‍ലാലിന്റെ താമസം ഈ ഫ്‌ളാറ്റിലായിരിക്കും. ഡൗണ്‍ടൗണ്‍ ദുബയില്‍ അംബരചുംബിയായി നില്‍ക്കുന്ന ബുര്‍ജ് ഖലീഫയുടെ ഇരുപത്തിയൊമ്പതാം നിലയിലാണ് ലാലിന്റെ ഫ്‌ളാറ്റ്.
160ലേറെ നിലകളുമായി ദുബയ് നഗരത്തില്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന കെട്ടിട ഭീമനില്‍ ഒരു മുറി സ്വന്തമാക്കാന്‍ ലാല്‍ ചില്ലറയൊന്നുമല്ല പണം വാരിയെറിഞ്ഞത്. അംബരചുംബിയിലെ താഴത്തെ നിലയിലെ ഒരു സിംഗിള്‍ ബെഡ് റൂം ഫ്‌ളാറ്റിന്റെ വില 27.5 ലക്ഷം ദിര്‍ഹമാണ് അതായത് മൂന്നേകാല്‍ കോടിയിലേറെ രൂപ.
അതേസമയം, മോഹന്‍ലാല്‍ തിരക്കുകളെല്ലാം മാറ്റിവെച്ച് ഈ വീട്ടില്‍ വന്ന് താമസിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. ഭാവിയില്‍ ഇനി അഭിനയം നിര്‍ത്തി സുചിത്രയെയും കൂട്ടി ലാലേട്ടന്റെ ജീവിതം ഇനി ഇവിടെയായിരിക്കും എന്നൊക്കെ സ്വപ്‌നം കാണം എന്നാണ് മറ്റൊരു ആരാധകന്‍ കുറിച്ചത്. നിരവധി പേരാണ് മനോഹരമായ ഈ വീടിനെ കുറിച്ചും മറ്റും കമന്‌റുകളായി രേഖപ്പെടുത്തിയിരിക്കുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അദ്ദേഹത്തിന്റെ 64ാം പിറന്നാള്‍. ഈ വേളയിലാണ് അദ്ദേഹം ജനിച്ചു വളര്‍ന്ന വീടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. കേരളക്കരയൊന്നാകെ ആഘോഷമാക്കിയ ദിവസമായിരുന്നു ഇത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ ആശംസകളുമായി എത്തിയത്. കുറച്ച് സുഹൃത്തുക്കള്‍ക്കും ഭാര്യ സുചിത്രയ്ക്കും ഒപ്പമായിരുന്നു മോഹന്‍ലാലിന്റെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം.
