Malayalam
ഒരു ക്രിമിനല്‍ പറയുന്നതാണ് സത്യം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, എന്റെ സുഹൃത്ത് പറയുന്നതാണ് എനിക്ക് വിശ്വാസം; ദിലീപ് വിഷയത്തില്‍ താന്‍ എടുത്ത നിലപാടിനെ കുറിച്ച് സിദ്ദിഖ്
ഒരു ക്രിമിനല്‍ പറയുന്നതാണ് സത്യം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, എന്റെ സുഹൃത്ത് പറയുന്നതാണ് എനിക്ക് വിശ്വാസം; ദിലീപ് വിഷയത്തില്‍ താന്‍ എടുത്ത നിലപാടിനെ കുറിച്ച് സിദ്ദിഖ്
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ഒരുകാലത്ത് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരായിരുന്നു മലയാള സിനിമയുടെ അമരക്കാരായിരുന്നത്. ഒരു സാധാരണ മിമിക്രി കലാകാരനില്‍ നിന്ന് ഉയരങ്ങള്‍ കീഴടക്കി മലയാളസിനിമയുടെ മുന്‍ നിരയിലെത്താന്‍ ദിലീപിന് അധികം കാല താമസം വേണ്ടി വന്നില്ല. സൂപ്പര്‍ താര ചിത്രങ്ങള്‍ പലതും നിലം പൊത്തിയപ്പോഴും പ്രേക്ഷകരെ, പ്രത്യേകിച്ച് കുടുംബപ്രേക്ഷകരെ തിയേറ്ററുകളിലെത്തിച്ചതിന് ദിലീപ് ചിത്രങ്ങള്‍ക്ക് വലിയ പങ്കുണ്ട്.
കഴിഞ്ഞ കുറച്ച് കാലങ്ങളായി നിരവധി വിവാദങ്ങളിലൂടെ താരത്തിന് കടന്നുപോകേണ്ടി വന്നുവെങ്കിലും ദിലീപെന്ന നടനെ സ്‌നേഹിക്കുന്നവര്‍ നിരവധിയാണ്. ഇപ്പേഴിതാ ദിലീപ് വിഷയത്തില്‍ താന്‍ എടുത്ത നിലപാടിനെപ്പറ്റി മനസ്സ് തുറന്നിരിക്കുകയാണ് നടന്‍ സിദ്ദിഖ്. ദിലീപിനൊപ്പം നില്‍ക്കണം എന്നത് തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്നും കുറ്റം തെളിയുന്നത് വരെ ദിലീപ് നിരപരാധിയാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ദിഖ് വ്യക്തമാക്കി.
‘വ്യക്തിപരമായ നിലപാടാണ് ഞാന്‍ എടുത്തത്. എവിടാണ് സത്യം എന്നത് എനിക്ക് തോന്നിയിടത്ത് ഞാന്‍ നിന്നു. ഒരുപാട് ക്രിമിനല്‍ പശ്ചാത്തലമുള്ള, ക്രിമിനല്‍ കേസില്‍ പങ്കാളിയായ ഒരാള്‍ പറയുന്ന വാക്കിനേക്കാളും എന്റെ സുഹൃത്ത് പറയുന്നതാണ് എനിക്ക് വിശ്വാസം. ഒരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്ത, ഒരു ക്രിമിനല്‍ കേസില്‍ പോലും പ്രതിയല്ലാത്ത ഒരാള്‍ പറയുന്ന വാക്കിനാണ് ഞാന്‍ വില കൊടുക്കുന്നത്’.
‘ഒരു ക്രിമിനല്‍ പറയുന്നതാണ് സത്യം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കുറ്റം തെളിയുന്നത് വരെ ദിലീപ് ആരോപിതന്‍ മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാവരും അങ്ങനെ തന്നെയല്ലേ. ദിലീപ് ഇപ്പോള്‍ കുറ്റാരോപിതന്‍ മാത്രമാണ്. കുറ്റം തെളിയിച്ചിട്ടില്ല, ശിക്ഷ വിധിച്ചിട്ടില്ല. ശിക്ഷ വിധിക്കുന്നത് വരെ എന്റെ വിശ്വാസം ഇതാണെന്ന് എനിക്ക് പറയാം’ എന്നും സിദ്ദിഖ് പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം ദിലീപിന്റെ കേസിനെ കുറിച്ച് നാദിര്‍ഷ പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. അക്കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ലെന്നും ഏതൊരു കാര്യത്തിനായാലും ചിലര്‍ പിന്തുണയ്ക്കുകയും സത്യാവസ്ഥ അറിയാവുന്നവര്‍ തള്ളിക്കളയുകയും ചെയ്യുമെന്നും മറ്റുചിലര്‍ അത് വിശ്വസിക്കുകയും ചെയ്യുമെന്നും നാദിര്‍ഷ പറഞ്ഞു.
ദിലീപ് ഏറ്റവും കൂടുതല്‍ സന്തോഷവാനായിരിക്കുന്നത് അവന്‍ നിരപരാധിയാണെന്ന് ലോകം അറിയുന്ന ദിവസം ആയിരിക്കുമെന്നാണ് നാദിര്‍ഷ പറഞ്ഞത്. ദിലീപിന്റെ കാര്യങ്ങളൊക്കെ എനിക്ക് അറിയാവുന്നതാണ്. അവന്‍ നിരപരാധിയാണെന്ന് ലോകം അറിയുന്ന ദിവസത്തിന് വേണ്ടിയിട്ടാണ് അവന്‍ കാത്തിരിക്കുന്നത്. ആ ദിവസത്തിനുവേണ്ടി, അവനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന ആളാണ് ഞാന്‍.
നമ്മുക്ക് അറിയാലോ, ആളുകള്‍ പറയുന്നത് പോലെയല്ല കാര്യങ്ങളെന്ന്.നൂറ്റിപ്പത്ത് ശതമാനം അവന്‍ നിരപരാധിയാണെന്ന് അറിയുന്ന സുഹൃത്തുക്കളാണ് ഞങ്ങള്‍. അത് ജനങ്ങളിലേയ്ക്ക് എത്തുന്ന ഒരു ദിവസം, അതിനാണ് ഞാനും അവന്റെ കുടുംബുമെല്ലാം കാത്തിരിക്കുന്നത്’, എന്നും നാദിര്‍ഷ പറഞ്ഞു.
അതേസമയം, നടന്‍ സലിം കുമാറും ഇതേ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ദിലീപ് ചെയ്ത കാര്യങ്ങളൊന്നും ശരിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അയാളെ വിധിക്കേണ്ട ആളുകള്‍ നമ്മള്‍ അല്ല എന്നേ പറഞ്ഞുള്ളു. നമ്മള്‍ മാധ്യമങ്ങളോ, ജനങ്ങളോ അല്ല വിധി നടപ്പാക്കേണ്ടത്. അത് കോടതിയാണ് എന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ ജഡ്ജ് ചെയ്യാന്‍ ആരുമല്ല. ചിലപ്പോള്‍ അയാള്‍ തെറ്റുകാരനല്ലെങ്കിലോ? കോടതിയുടെ മുന്നില്‍ നില്‍ക്കുന്ന സംഭവമാണ്.
അയാള്‍ തെറ്റുകാരന്‍ അല്ലെങ്കില്‍ നമ്മള്‍ എന്തു ചെയ്യും. ഞാന്‍ ചോദിച്ചപ്പോ തെറ്റ് ചെയ്തില്ല എന്നാണ് പറഞ്ഞത്. ഞാന്‍ ചെയ്തിട്ടില്ല എന്ന് പറയുമ്പോള്‍ പിന്നെന്ത് ചെയ്യും? ഇത് ശരിയാണോ ചെയ്‌തോ എന്ന് ചോദിച്ചപ്പോള്‍, മക്കളെ പിടിച്ച് സത്യം ചെയ്യുകയാണ്. ഞാന്‍ ഇത് ചെയ്തിട്ടില്ല എന്ന് പറഞ്ഞ്. ഞാന്‍ ആലോചിച്ചപ്പോള്‍ ഒരു മനുഷ്യനും അങ്ങനെ ചെയ്യാന്‍ പറ്റില്ല. അങ്ങനെ ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. എന്റെ ആ വിശ്വാസം ചിലപ്പോള്‍ ശരിയാകാം, തെറ്റാകാം. നടിയോട് ചോദിച്ചിരുന്നോ എന്ന ചോദ്യത്തിന്; അതിന് മുമ്പ് തന്നെ ഞങ്ങള്‍ അകന്നിരുന്നു എന്നാണ് സലിം കുമാര്‍ പറഞ്ഞത്.