മലയാളത്തിന്റെ താരരാജാവിനിന്ന് 59 ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ ചെത്തുപയ്യനായി ലാലേട്ടന്‍….
നാല് പതിറ്റാണ്ടിലധികം നീളുന്ന അഭിനയ സപര്യയില്‍ മോഹന്‍ലാല്‍ എന്ന നടനൊപ്പം ചേര്‍ത്തുനിര്‍ത്താന്‍ ഒരു പേരുമില്ല. ദൃശ്യം, ഒപ്പം, പുലിമുരുകന്‍ ഇപ്പോള്‍ ഇതാ ലൂസിഫറും ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിക്കുന്നതിനിടെയാണ് പ്രിയ താരത്തിന്റെ പിറന്നാളെത്തുന്നത്. ലൂസിഫറിന്റെ വിജയാഘോഷത്തിനിടെ എത്തുന്ന ഈ പിറന്നാള്‍ വന്‍ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ആരാധകര്‍.
പകരം വെക്കാനില്ലാത്ത വ്യക്തിത്വം അത് അഭിനയത്തിലാണെങ്കിലും ജീവിതത്തിലാണെങ്കിലും. ചമ്മിയ ചിരിയും ഇത് തോള്‍ ചരിച്ചുള്ള നടപ്പും മലയാളികളുടെ അഭിമാന മുദ്രയായിട്ട് വര്‍ഷങ്ങള്‍ പലതായി. എപ്പോഴും പുതുമ ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്ക് പുതുമക്കൊപ്പം വ്യത്യസ്തതയും നല്‍കാന്‍ ശ്രമിക്കുന്ന നടന്‍. ഏതൊരു കൊച്ചുകുട്ടിയും ആദ്യം അനുകരിക്കുന്നത് ആ ഇടം തോള്‍ ചരിച്ചുള്ള നടത്തവും നീ പോ മോനെ ദിനേശാ എന്ന ഡയലോഗുമായിരിക്കും. ഇതുപോലെ വിസ്മയം തീര്‍ത്ത,പ്രേക്ഷക പ്രീതി നേടിയ മറ്റൊരു നടനും ഉണ്ടാവില്ല.
അതുകൊണ്ട് തന്നെ മോഹന്‍ലാല്‍ വിശ്വനാഥന്‍ നായര്‍ എന്ന മോഹന്‍ലാല്‍ മുതിര്‍ന്നവര്‍ മുതല്‍ കൊച്ചുകുട്ടികള്‍ക്ക് വരെ സ്വന്തം ലാലേട്ടനാണ്. അഭിനയം കൊണ്ടു മാത്രമല്ല, ഗാനാലാപനത്തിലൂടെയും മെയ് വഴക്കത്തിലൂടെയും ലാലേട്ടന്‍ പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ്. 1960 മെയ് 21ന് പത്തനംതിട്ടയില്‍ വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. അന്തരിച്ച തമിഴ് നടനും, നിര്‍മ്മാതാവുമായ കെ. ബാലാജിയുടെ മകള്‍ സുചിത്രയെയാണ് മോഹന്‍ലാല്‍ വിവാഹം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് രണ്ടു മക്കളുണ്ട് : പ്രണവ്, വിസ്മയ. പ്രണവ് ബാലതാരമായി ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. മോഹന്‍ലാല്‍ തന്നെ നായകനായി അഭിനയിച്ച ഒന്നാമന്‍എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ബാല്യകാലമാണ് ആദ്യമായി പ്രണവ് ആദ്യം അഭിനയിച്ചത്. ഇപ്പോള്‍ ഒരു യുവ നടനായി ചലച്ചിത്രരംഗത്ത് ശോഭിക്കുകയാണ് പ്രണവ്.
മുഡവന്മുകുള് സ്‌കൂള്, മോഡല് സ്‌കൂള് തിരുവനന്തപുരം എന്നിവിടങ്ങളില് നിന്നു പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ മോഹന്‌ലാല് തിരുവനന്തപുരം എംജി കോളേജില് നിന്നു ബികോം ബിരുദം നേടി. സ്‌കൂള് പഠനകാലത്ത് മികച്ച നാടകനടനുള്ള പുരസ്‌ക്കാരങ്ങള് നേടിയ ലാല് കോളേജിലെത്തിയതോടെയാണ് സിനിമയുമായി ചങ്ങാത്തത്തിലാകുന്നത്. സുഹൃത്തുക്കളായ പ്രിയദര്ശന്, സുരേഷ്‌കുമാര് എന്നിവരുമായി ചേര്ന്നു ഭാരത് സിനി ഗ്രൂപ്പ് എന്ന കമ്പനി സ്ഥാപിച്ച ലാല് 1978 സെപ്റ്റംബര് മൂന്നിന് തിരനോട്ടം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില് അരങ്ങേറുന്നത്. ഈ സിനിമ പുറത്തിറങ്ങിയില്ലെങ്കിലും മലയാളിയുടെ ഭാഗ്യമായി ലാല് ഫാസിലിന്റെ മഞ്ഞില്വിരിഞ്ഞ പൂക്കളിലെ വില്ലന്കഥാപാത്രമായി ആദ്യമായി പ്രേക്ഷകര്ക്ക് മുന്നിലെത്തുകയായിരുന്നു. വില്ലനായി വന്ന് മലയാളി പ്രേക്ഷരുടെ മനസ്സില്‍ നായകനായ അപൂര്വം നടന്‍മാരില്‍ ഒരാള്‍ കൂടിയാണ് മോഹന്‍ലാല്‍.
പിന്നീട് എത്ര കഥാപാത്രങ്ങള്‍ ലാലിന്റേതായി അഭ്രപാളിയില്‍ തിളങ്ങി. വില്ലനായും കോമാളിയായും രക്ഷകനായും മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ നടത്തിയ വേഷപ്പകര്‍ച്ചകള്‍ സുപരിചിതമാണ് നാം ഓരോരുത്തര്‍ക്കും. 1996മുതല്‍ പിന്നീട് ഇങ്ങോട്ടുള്ള കാലഘട്ടത്തില്‍ മോഹന്‍ലാലിന്റെ പ്രശസ്തിയും നായകപദവിയും ഉപയോഗപ്പെടുത്തിക്കൊണ്ട് നിര്‍മ്മാതാക്കളും, സംവിധായകരും ലാലിനു വേണ്ടി ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ഇതില്‍ പലതും ലാലിനെ ഒരു അസാമാന്യ നായകപദവി കൊടുത്തു കൊണ്ട് നിര്‍മ്മിച്ച ചിത്രങ്ങള്‍ ആയിരുന്നു. ആറാം തമ്പുരാന്‍, ഉസ്താദ്, നരസിംഹം, പ്രജ, നരന്‍ എന്നിവ ഇങ്ങനെയുള്ള ചിത്രങ്ങളാണ്. ഒരു സൂപ്പര്‍സ്റ്റാര്‍ എന്ന പദവി പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുന്ന ചിത്രങ്ങളായിരുന്നു ഇവ.
ഈ നിരയിലെ ആദ്യ ചില ചിത്രങ്ങള്‍ വിജയിച്ചെങ്കിലും പിന്നീട് പല ചിത്രങ്ങളും പരാജയപ്പെടുകയും ധാരാളം വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുകയും ചെയ്തു. 90കളുടെ അവസാനത്തില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാലാപാനി എന്ന ചിത്രം ഇതില്‍ നിന്ന് വ്യത്യസ്തമായി വിജയിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് രാജവംശം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ ജയിലില്‍ അടക്കുന്ന പോരാളികളുടെ കഥ പറയുന്ന ഈ ചിത്രം ദേശീയ തലത്തിലും ശ്രദ്ധേയമായ ഒരു ചിത്രമായിരുന്നു. 1997ല്‍ മോഹന്‍ലാല്‍ അഭിനയിച്ച് പുറത്തിറങ്ങിയ ഒരു ചിത്രമാണ് ഗുരു. വര്‍ഗ്ഗീയ ലഹളയേയും, ആത്മീയതയേയും ചര്‍ച്ച ചെയ്ത ഈ ചിത്രം. ഓസ്‌കാര്‍ അവാര്‍ഡിനു വേണ്ടിയുള്ള വിദേശ ചലച്ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. രാജീവ് അഞ്ചല്‍ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്.
ഇതേ വര്‍ഷത്തില്‍ തന്നെ മമ്മൂട്ടിയോടൊപ്പം തുല്യ നായക പ്രാധാന്യമുള്ള ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിലും ലാല്‍ അഭിനയിച്ചു. ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രം നല്ല വിജയം കൈവരിച്ചു. കൂടാതെ ആ സമയത്ത് തന്നെ ലോഹിതദാസ് സംവിധാനം ചെയ്ത കന്മദം എന്ന ചിത്രവും കഥയിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി.
1999ല്‍ പുറത്തിറങ്ങിയ ഇന്‍ഡോഫ്രഞ്ച് ചലച്ചിത്ര സംരംഭമായ വാനപ്രസ്ഥം വിഖ്യാതമായ കാന്‍ ചലച്ചിത്ര മേളയില്‍പ്രദര്‍ശിപ്പിക്കുകയുണ്ടായിട്ടുണ്ട്. വിദേശത്തും ഈ ചിത്രത്തിന് വളരെയധികം അഭിനന്ദനങ്ങള്‍ ലഭിക്കുകയുണ്ടായി. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് രണ്ടാം തവണ മോഹന്‍ലാലിന് ഈ ചിത്രം നേടിക്കൊടുത്തു.
2006ലെ തന്മാത്ര എന്ന ചിത്രത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 2007ല്‍ പുറത്തിറങ്ങിയ പരദേശി എന്ന ചിത്രം സാമ്പത്തികമായി പരാജയം ആയിരുന്നു എങ്കിലും, മികച്ച നടനുള്ള കേരള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരവും, ഫിലിം ഫെയര്‍ പുരസ്‌കാരവും, ക്രിട്ടിക്‌സ് അവാര്‍ഡും ലാലിന് നേടിക്കൊടുത്തു. 2009ല്‍ പുറത്തിറങ്ങിയ ഭ്രമരം എന്ന ചിത്രം ധാരാളം ജനശ്രദ്ധ ആകര്‍ഷിക്കുകയും, വ്യാവസായികമായി വിജയിക്കുകയും ചെയ്ത ഒരു ചിത്രമായിരുന്നു. ബ്ലെസ്സി സംവിധാനം ചെയ്ത രണ്ടാമത്തെ മോഹന്‍ലാല്‍ ചിത്രമായിരുന്നു ഇത്.
നടനായി മാത്രമല്ല ഗായകനായും നിര്മ്മാതാവായും കളിക്കളത്തിലെ ആവേശപ്പൂരത്തില് ക്രിക്കറ്ററായുമൊക്കെ ലാല് വിസ്മയിപ്പിക്കുകയാണ് എപ്പോഴും. മലയാളിയുടെ സ്വകാര്യ അഹങ്കാരമായ മോഹന്‌ലാലിനെ പത്മശ്രീ നല്കി രാജ്യം ആദരിച്ചു. ലഫ്റ്റനന്റ് കേണലുമായി. രണ്ടുതവണ മികച്ച നടനുള്ള ദേശീയ അവാര്ഡും ഒമ്പത് തവണ സംസ്ഥാന അവാര്ഡും ലാല് കരസ്ഥമാക്കി. ഇവയ്‌ക്കൊപ്പം എണ്ണത്തില് ഏറെയുള്ള മറ്റു പുരസ്‌കാരങ്ങളും എത്തിയപ്പോഴും ലാല് അഭിനയത്തിനോടുള്ള അഭിനിവേശം കൈവെടിഞ്ഞില്ല. മോഹന്‍ലാലിനെ നായകനാക്കി അണിയറയില്‍ ഒരുങ്ങുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, കുഞ്ഞാലി മരയ്ക്കാര്, ബിഗ് ബ്രദര് എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഈ പിറന്നാള്‍ മോഹന്‍ലാലിനെയും ലാലേട്ടന്റെ ആരാധകരെയും സംബന്ധിച്ചിടത്തോളം സ്‌പെഷ്യലാണ്. ലൂസിഫറിലൂടെ ഒരു മലയാള സിനിമ ആദ്യമായി 200 കോടി ക്ലബില്‍ ഇടംനേടിയെന്നത് മാത്രമല്ല, മോഹന്‍ലാല്‍ സംവിധായകന്റെ കുപ്പായമണിയുന്നുവെന്ന വാര്‍ത്തയും ദിവസങ്ങള്‍ക്ക് മുന്‍പാണ് എത്തിയത്. എന്നാല്‍ പിറന്നാള്‍ ദിനത്തില്‍ സ്റ്റൈലിഷ് ഗെറ്റപ്പുമായാണ് ലാലേട്ടന്‍ മലയാളികള്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. ഒരു പ്രമുഖ ഓണ്‍ലൈന്‍ പുറത്തിറക്കിയ കലണ്ടര്‍ അപ്പിലെ മോഹന്‍ലാലിന്റെ ഗെറ്റപ്പ് ആണ് സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ടീഷര്‍ട്ടും ജാക്കറ്റും അണിഞ്ഞ് ചെത്തുപയ്യന്റെ ഔട്ട് ഫിറ്റോടെയാണ് ലാല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇതിനോടകം തന്നെ നിരവധി പേരാണ് കമന്റുകളും ലൈക്കുകളുമായി എത്തിയിരിക്കുന്നത്. കറുത്ത ഷര്‍ട്ടും മുണ്ടുമണിഞ്ഞും പിരിച്ചുവെച്ച മീശയുമായും ലാല്‍ എത്തുന്നുണ്ട്. രണ്ട് ചിത്രങ്ങള്‍ക്കും ഇതിനോടകം വന്‍ പ്രേക്ഷകസ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
എന്തായാലും 59-ാം പിറന്നാള്‍ ആഘോഷിക്കുന്ന നമ്മുടെ സ്വന്തം ലാലേട്ടന് മെട്രോമാറ്റിനിയുടെ പിറന്നാളാശംസകള്‍. കാത്തിരിക്കാം പുത്തന്‍ വേശപ്പകര്‍ച്ചകള്‍ക്കായി….
Mohanlal’s 59 th birthday
