Malayalam Breaking News
അതിമോഹനം ഈ ലാൽ
അതിമോഹനം ഈ ലാൽ
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ പത്മശ്രീ ഭരത് മോഹന്‍ലാലിന് 59 തികഞ്ഞിരിക്കുകയാണ്. മെയ് 21 നാണ് അദ്ദേഹത്തിന്റെ പിറന്നാള്‍. രേവതി നക്ഷത്രത്തില്‍ ഭൂജാതനായ താരത്തിന്‍റെ പിറന്നാളാണ് ചൊവ്വാഴ്ച. ഈ ദിനത്തിനായി കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികള്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകളിലൊരാളായ താരത്തെ മാറ്റി നിര്‍ത്തിയുള്ള സിനിമയെക്കുറിച്ച് ചിന്തിക്കാന്‍ പോലും മലയാള സിനിമയ്ക്ക് കഴിയില്ല.
പത്തനംതിട്ടയിലെ ഇലന്തൂരിൽ 1960 മെയ് 21നാണ് വിശ്വനാഥൻ നായരുടെയും ശാന്താകുമാരിയുടെയും മകനായി മോഹൻ ലാലിന്റെ ജനനം. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ മലയാള സിനിമാലോകത്തിലേക്കെത്തിയ താരം പിന്നീട് മലയാളസിനിമയുടെ താരരാജാവായി വളരുകയായിരുന്നു. 1978ൽ പുറത്തിറങ്ങിയ ‘തിരനോട്ടം’ എന്ന സിനിമയാണ് പ്രായഭേദമന്യേ ആരാധകർ ‘ലാലേട്ടൻ’ എന്ന് വിളിക്കുന്ന മലയാളികളുടെ അഭിമാനമായ താരത്തിന്റെ വെള്ളിത്തിരയിലെ ആദ്യ സിനിമ. എന്നാൽ ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ഫാസിലിന്റെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ മലയാളസിനിമക്ക് പുതിയൊരു താരത്തെ ലഭിച്ചു. വില്ലൻ വേഷത്തിൽ എത്തിയ മോഹൻലാൽ ആരാധകരുടെ പ്രിയങ്കരനായി മാറുന്നതാണ് പിന്നീട് കണ്ടത്. വില്ലനായി വന്ന് മലയാളി പ്രേക്ഷരുടെ മനസ്സിൽ നായകനായ അപൂര്‍വം നടൻമാരിൽ ഒരാൾ കൂടിയാണ് മോഹൻലാൽ.
1980-1990കളിലെ ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളടക്കം ഈ പ്രതിഭയെ തേടിയെത്തി. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001 ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി കേന്ദ്ര സർക്കാറും ആദരിച്ചു. 2009ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്‍റ് കേണൽ പദവിയും നൽകി. മോഹൻലാലിനെ നായകനാക്കി അണിയറയിൽ ഒരുങ്ങുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, കുഞ്ഞാലി മരയ്ക്കാര്‍, ബിഗ് ബ്രദര്‍ എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
ഈ പിറന്നാൾ മോഹൻലാലിനെയും ലാലേട്ടന്റെ ആരാധകരെയും സംബന്ധിച്ചിടത്തോളം സ്പെഷ്യലാണ്. ലൂസിഫറിലൂടെ ഒരു മലയാള സിനിമ ആദ്യമായി 200 കോടി ക്ലബിൽ ഇടംനേടിയെന്നത് മാത്രമല്ല, മോഹൻലാൽ സംവിധായകന്റെ കുപ്പായമണിയുന്നുവെന്ന വാർത്തയും ദിവസങ്ങൾക്ക് മുൻപാണ് എത്തിയത്. മലയാളസിനിമയുടെ ‘ലൂസിഫറിന്’ പിറന്നാളാശംസകൾ നേരുന്ന തിരക്കിലാണ് മലയാള സിനിമാലോകം.
കാമുകനായും ഭര്‍ത്താവായും കുടുംബനാഥനായും മലയാളി മനസ്സില്‍ ഈ താരം നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ സര്‍പ്രൈസ് എന്തൊക്കെയായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. നാല് പതിറ്റാണ്ട് നീണ്ടുനില്‍ക്കുന്ന സിനിമാജീവിതത്തില്‍ സംവിധായകന്‍റെ വേഷമണിയുകയാണ് താനെന്ന് അദ്ദേഹം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. അധികം വൈകാതെ തന്നെ അദ്ദേഹത്തില്‍ നിന്നും സിനിമ പ്രതീക്ഷിക്കാമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ലൂസിഫര്‍ വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു അദ്ദേഹം ബ്ലോഗിലൂടെ ബറോസിനെക്കുറിച്ച് പ്രഖ്യാപിച്ചത്.
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ത്രീഡി ചിത്രങ്ങളിലൊന്നായ മൈഡിയര്‍ കുട്ടിച്ചാത്തന്‍റെ സ്രഷ്ടാവായ ജിജോയാണ് ചിത്രത്തിന് കഥയൊരുക്കുന്നത്. ത്രീഡി ചിത്രവുമായാണ് താനെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മരക്കാര്‍ അറബിക്കടലിന്‍രെ സിംഹം, ഇട്ടിമാണി മേഡ് ഇന്‍ ചൈന തുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ബറോസിലേക്ക് കടക്കുക. ഇതിന് ശേഷം ലൂസിഫറിന്‍റെ രണ്ടാം ഭാഗത്തില്‍ ജോയിന്‍ ചെയ്തേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. പിറന്നാള്‍ ദിനത്തില്‍ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടായെക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.
കംപ്ലീറ്റ് ആക്ടറിന് 59 വില്ലനില്‍ നിന്നും സഹനടനിലേക്കും പിന്നീട് നായകനിലേക്കുമെത്തി മലയാള സിനിമയുടെ സ്വന്തം താരരാജാവായി മാറിയ നടന്‍. ആ താരം സ്‌ക്രീനില്‍ കരഞ്ഞപ്പോള്‍ പ്രേക്ഷകരും കൂടെക്കരയുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രതിസന്ധിയും നിസ്സഹായവസ്ഥയുമൊക്കെ ആരാധകരെയും ബാധിക്കാറുണ്ട്. അത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയവും. മെയ് 21ന് അദ്ദേഹം 59 ലേക്ക് കടന്നിരിക്കുകയാണ്. ലോകമെങ്ങുമുള്ള ആരാധകരും സഹപ്രവര്‍ത്തകരുമൊക്കെ അദ്ദേഹത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്.
തിരനോട്ടം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. എന്നാല്‍ സെന്‍സര്‍ഷിപ്പ് പ്രശ്‌നം കാരണം ചിത്രം വെളിച്ചം കണ്ടില്ല. മോഹന്‍ലാലിന്റെ സിനിമാജീവിതത്തില്‍ 25 വര്‍ഷം പിന്നിട്ടപ്പോള്‍ ആ പരിപാടിക്ക് തിരനോട്ടം എന്ന പേരായിരുന്നു നല്‍കിയത്. ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയാണ് മോഹന്‍ലാലിന്റെ മുഖം വെള്ളിത്തിരയില്‍ തെളിഞ്ഞു കണ്ടത്. നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. വില്ലത്തരത്തില്‍ നിന്നും നായകനിലേക്ക് ഗുഡ് ഈവനിങ് മിസ്സിസ് പ്രഭാനരേന്ദ്രന്‍, ഇതായിരുന്നു മോഹന്‍ലാലിന്റെ ആദ്യ ഡയലോഗ്. വില്ലനായി തുടക്കം കുറിച്ച താരം പിന്നീട് നായകനിലേക്കും മലയാള സിനിമയെ ഒന്നടങ്കം കൈയ്യിലൊതുക്കാന്‍ കെല്‍പ്പുള്ള താരവുമായി മാറുകയായിരുന്നു.നടനവിസ്മയമായി ഇന്നും അദ്ദേഹം സിനിമയില്‍ സജീവമാണെന്ന് മാത്രമല്ല അദ്ദേഹത്തെ മാറ്റിനിര്‍ത്തിയുള്ള സിനിമയെക്കുറിച്ച് ആലോചിക്കാന്‍ പോലും മലയാളിക്ക് കഴിയില്ല.
സിനിമാജീവിതം 39 വര്‍ഷമായി മോഹന്‍ലാല്‍ സിനിമയിലെത്തിയിട്ട്. മോഹന്‍ലാലിനോടൊപ്പം സിനിമ ചെയ്യണമെന്നാഗ്രഹിക്കാത്ത സിനിമാപ്രവര്‍ത്തകര്‍ വിരളമാണ്. മുന്‍നിര സംവിധായകരും താരങ്ങളുമെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. അതുവരെ ചിരിച്ച് കളിച്ച് നിന്നിരുന്ന മനുഷ്യന്‍ ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ പെട്ടെന്ന് കഥാപാത്രമായി മാറുന്ന അദ്ദേഹത്തെക്കുറിച്ച് പലരും വാചാലരായിട്ടുണ്ട്. ഏകദേശം 332 ഓളം ചിത്രങ്ങളിലാണ് അദ്ദേഹം ഇതുവരെ അഭിനയിച്ചതെന്നാണ് ചിലരുടെ കണ്ടെത്തല്‍.
നാലുപതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിനിടെ ബോക്സോഫീസിൽ റെക്കോഡുകളുടെ പുതുചരിത്രം കുറിച്ചുകൊണ്ടുള്ള ലാലിന്റെ ജൈത്രയാത്ര തുടരുകയാണ്. ദൃശ്യം, ഒപ്പം, പുലിമുരുകൻ ഇപ്പോൾ ഇതാ ലൂസിഫറും ബോക്സോഫീസിൽ ചരിത്രം സൃഷ്ടിക്കുന്നതിനിടെയാണ് പ്രിയ താരത്തിന്റെ പിറന്നാളെത്തുന്നത്. ലൂസിഫറിന്റെ വിജയാഘോഷത്തിനിടെ എത്തുന്ന ഈ പിറന്നാൾ വൻ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ആരാധകർ.
ഇട്ടിമാണി മെയ്ഡ് ഇൻ ചൈന , മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി ഈ വര്ഷം പുറത്തിറങ്ങാനുള്ള സിനിമ.
birthday of mohanlal