Malayalam
ബോക്‌സ് ഓഫീസില്‍ വലിയ ദുരന്തമായി മാറിയ മോഹന്‍ലാല്‍ ചിത്രം; 4k റീറിലീസിന്
ബോക്‌സ് ഓഫീസില്‍ വലിയ ദുരന്തമായി മാറിയ മോഹന്‍ലാല്‍ ചിത്രം; 4k റീറിലീസിന്
മലയാള സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് സിബി മലയില്‍. തനിയാവര്‍ത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം, ആകാശദൂത്, ചെങ്കോല്‍, സമ്മര്‍ ഇന്‍ ബത്‌ലഹേം തുടങ്ങീ നിരവധി മികച്ച സിനിമകളാണ് സിബി മലയില്‍ മലയാളത്തിന് സമ്മാനിച്ചത്. ഇപ്പോഴിതാ രഘുനാഥ് പാലേരി തിരക്കഥയെഴുതി സിബി മലയില്‍ സംവിധാനം ചെയ്ത് 2000ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘ദേവദൂതനെ’ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍.
റിലീസ് ചെയ്ത സമയത്ത് വലിയ രീതിയില്‍ ഇംപാക്ട് ഉണ്ടാക്കാതെ പോയ സിനിമയാണ് ദേവദൂതന്‍. എന്നാല്‍ ഇന്ന് ചിത്രത്തെ പറ്റി നിരവധി ചര്‍ച്ചകളും പ്രശംസകളും ഉയര്‍ന്നുവരുന്നുണ്ട്. ചിത്രത്തിന്റെ 4K റിലീസ് ചെയ്യാന്‍ ആലോചിക്കുന്നുണ്ടെന്നാണ് സിബി മലയില്‍ പറയുന്നത്.
എന്നാല്‍ അത് ഒര്‍ജിനല്‍ വേര്‍ഷനില്‍ നിന്നും വ്യത്യസ്തമായി റീ എഡിറ്റഡ് ആയിട്ടാവും ഇറങ്ങുകയെന്നും സിബി മലയില്‍ പറയുന്നു. ‘ദേവദൂതന്‍ ബോക്‌സ് ഓഫീസില്‍ വലിയ ദുരന്തമായി മാറി. നിര്‍മാതാവിനെയെല്ലാം അത് വല്ലാതെ ബാധിച്ചു. എനിക്ക് ഏറ്റവും വലിയ ഡിപ്രഷന്‍ ഉണ്ടാക്കിയ സമയമായിരുന്നു അത്. അതിപ്പോള്‍ ആളുകള്‍ കണ്ട് ആസ്വദിക്കുന്നത് കൊണ്ട് നമുക്ക് അന്നുണ്ടായ നഷ്ടങ്ങളൊന്നും ഇല്ലാതെ ആവുന്നില്ല.
ഒരുപക്ഷേ ഇപ്പോള്‍ അത് എന്‍ജോയ് ചെയ്യുന്നത് അതിന് ശേഷമുണ്ടായ ആളുകളാണ്. 2000ത്തിലാണ് അത് ഇറങ്ങുന്നത്. ടീനേജ് കുട്ടികള്‍, അല്ലെങ്കില്‍ ഇപ്പോള്‍ കോളേജിലേക്ക് കടക്കുന്നവരാവും അത് കാണുകയും അഭിപ്രായം പറയുകയും ചെയ്യുന്നത്. അത് നല്ല കാര്യമാണ് പക്ഷെ അതുകൊണ്ടൊന്നും അന്നുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരമാവുന്നില്ല.
ഇപ്പോള്‍ അതിന്റെ ഒരു 4k വേര്‍ഷന്‍ ചെയ്യാനുള്ള ഒരു പ്ലാനുണ്ട്. അതിനുള്ള ശ്രമം നടത്തുന്നുണ്ട്. അതൊരു റീഎഡിറ്റഡ് വേര്‍ഷനായി ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ട്. അതിന്റെയൊരു വര്‍ക്ക് നടക്കുന്നുണ്ട്. നിര്‍മാതാവിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന മൂവ്‌മെന്റാണ്.
പക്ഷെ അത് ഒറിജിനല്‍ വേര്‍ഷന്‍ ആയിരിക്കില്ല. ഞാന്‍ അതിനകത്തൊരു എഡിറ്റിങ് വേണ്ടി വരുമെന്ന് പറഞ്ഞിട്ടുണ്ട്. കാരണം നമുക്ക് അന്ന് ഇഷ്ട്ടപ്പെടാത്ത കുറെ ഭാഗങ്ങളുണ്ട് അതിനകത്ത്. അതെല്ലാം ഒഴിവാക്കി, കണ്ടന്റ് കുറച്ചുകൂടെ സ്‌ട്രോങ്ങ് ആക്കിയിട്ട് വേണം അത് ചെയ്യാന്‍.’ എന്നാണ് സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സിബി മലയില്‍ പറഞ്ഞത്.
ഫാസിലിന്റെയും പ്രിയദര്‍ശന്റെയും സഹസംവിധായകനായി പ്രവര്‍ത്തിച്ചുകൊണ്ടാണ് സിനിമയിലേക്ക് സിബി മലയില്‍ കടന്നു വരുന്നത്. 1985 ല്‍ പുറത്തിറങ്ങിയ ‘മുത്താരംകുന്ന് പി. ഒ’ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ആസിഫ് അലിയെ നായകനായെത്തിയ ‘കൊത്ത്’ എന്ന ചിത്രമാണ് സിബി മലയിലിന്റെ അവസാനമിറങ്ങിയ ചിത്രം.