Cricket
കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ
കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്. ഒട്ടേറെ മികച്ച പ്രതിഭകൾ കേരള ക്രിക്കറ്റിൽ ഉണ്ടാകുന്നുണ്ട്. അവർക്ക് ദേശീയ ശ്രദ്ധയും അതുവഴി മികച്ച അവസരങ്ങളും കൈവരാനുള്ള അവസരമാണ് ലീഗിലൂടെ ഒരുങ്ങുന്നതെന്ന് മോഹൻലാൽ വ്യക്തമാക്കി.
സിനിമാ സംഘടനയുടെ ക്രിക്കറ്റ് ലീഗായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള ടീമിന്റെ നായകനുമായിരുന്ന മോഹൻലാൽ ബ്രാൻഡ് അംബാസിഡറാകുന്നതോടെ ക്രിക്കറ്റ് ലീഗിന് കൂടുതൽ പ്രചാരം കിട്ടുമെന്നാണ് കെസിഎ പ്രതീക്ഷിക്കുന്നത്.ഐപിഎൽ മാതൃകയിൽ മലയാളി താരങ്ങൾ ഉൾപ്പെട്ട ആറ് ടീമുകൾ ആണ് അണിനിരക്കുന്നത്.
60 ലക്ഷം രൂപയാണ് ലീഗിലെ ആകെ സമ്മാനത്തുക. പകലും രാത്രിയുമായി രണ്ട് മത്സരങ്ങളാണ് ദിവസവും ഉണ്ടാകുക. ട്വന്റി20 ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസൺ സെപ്റ്റംബർ രണ്ടുമുതൽ 19 വരെ തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.സ്റ്റാർ സ്പോർട്സ് 1 ചാനലിലും ഡിജിറ്റൽ സ്ട്രീമിംഗ് ആപ്ലിക്കേഷനായ ഫാൻകോഡിലും ടൂർണമെന്റ് തത്സമയം സംപ്രേഷണം ചെയ്യും.
അതേസമയം, 24 വർഷങ്ങൾക്ക് ശേഷം റീറിലീസിന് തയാറെടുക്കുകയാണ് മോഹൻലാലിൻ്റെ ക്ലാസിക് റൊമാൻസ് ഹൊറർ ചിത്രമായ ‘ദേവദൂതൻ’.
ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുകയാണ് ഇപ്പോൾ. റീ മാസ്റ്റേർഡ് & റീ എഡിറ്റഡ് പതിപ്പാകും തിയേറ്ററുകളിൽ എത്തുക.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസ് നേതൃത്വത്തിലാണ് ചിത്രം 4K നിലവാരത്തിലേക്ക് റീമാസ്റ്റർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
സംഗീതസംവിധായകനും ഗായകനുമായ വിശാൽ കൃഷ്ണമൂർത്തിയായി മോഹൻലാലും, വിശാൽ തൻ്റെ പ്രാരംഭ പോരാട്ടങ്ങളെക്കുറിച്ചും പാട്ടുകൾ രചിക്കാൻ അവനെ പ്രേരിപ്പിക്കുന്ന ഒരു അജ്ഞാത ആത്മാവിനെക്കുറിച്ചും ഓർമ്മിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ.