Malayalam
ക്യാമറ ജോർജ്കുട്ടിയിലേക്ക് തിരിയുന്നു, ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല; ദൃശ്യം3മായി മോഹൻലാലും ജീത്തു ജോസഫും
ക്യാമറ ജോർജ്കുട്ടിയിലേക്ക് തിരിയുന്നു, ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല; ദൃശ്യം3മായി മോഹൻലാലും ജീത്തു ജോസഫും
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ക്യാമറ ജോർജ്കുട്ടിയിലേക്ക് തിരിയുന്നു. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയിൽ ദൃശ്യം ആദ്യ ഭാഗത്തു നിന്നുള്ള മോഹൻലാലിനെയാണ് കാണാൻ സാധിക്കുക. ഇതോടൊപ്പം മോഹൻലാലും ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരും കൈ കൊടുക്കുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട്. പിന്നാലെ ഈ വീഡിയോ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയിരിക്കുന്നത്.
ദൃശ്യത്തിന്റെ ആദ്യ ഭാഗം നേടിയ ചരിത്ര വിജയത്തിന് പിന്നാലെ എത്തിയ രണ്ടാം ഭാഗവും വലിയ വിജയമായിരുന്നു റെക്കോർഡ് കളക്ഷനാണ് ചിത്രങ്ങൾ സ്വന്തമാക്കിയത്. കൊവിഡ് കാലത്ത് ഒടിടിയിലൂടെയായിരുന്നു രണ്ടാം ഭാഗം പുറത്തിറങ്ങിയത്. ആദ്യ രണ്ട് ഭാഗങ്ങൾ പോലെ തന്നെ മൂന്നാം ഭാഗവും വലിയ വിജയമായി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
പ്രൈം വീഡിയോയിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ദൃശ്യം 2 പാൻ ഇന്ത്യൻ പ്രതികരണങ്ങളാണ് നേടിയത്. അജയ് ദേവ് ഗൺ നായകനായ ദൃശ്യം 2 റീമേക്ക് ബോക്സ് ഓഫീസ് വിജയവും നേടിയിരുന്നു.
2013 ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം പിന്നീട് ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങി വിദേശ ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. ദൃശ്യം ഹിന്ദി പതിപ്പിന്റെ മൂന്നാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളത്തിനേക്കാൾ മുമ്പ് തന്നെ ഹിന്ദി പതിപ്പ് പുറത്തിറങ്ങിയേക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
നിർമ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ആണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഫയൽ ചെയ്ത വിവരങ്ങളിൽ ദൃശ്യം 3 യുടെ കാര്യവും ഉൾപ്പെടുത്തിയിരുന്നത്. ദൃശ്യം 3 സജീവ നിർമ്മാണത്തിൽ ആണെന്നും അഭിഷേക് പതക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജയ് ദേവ് ഗൺ ആയിരിക്കും നായകനെന്നും നിർമ്മാണ കമ്പനി നൽകിയ വിവരത്തിൽ ഉണ്ടായിരുന്നു.
