News
മൈക്കല്‍ ജാക്സണ് ധരിച്ച ലെതര്‍ ജാക്കറ്റ് ലേലത്തില്‍ വിറ്റു; വില കേട്ട് ഞെട്ടി!
മൈക്കല്‍ ജാക്സണ് ധരിച്ച ലെതര്‍ ജാക്കറ്റ് ലേലത്തില്‍ വിറ്റു; വില കേട്ട് ഞെട്ടി!
പോപ് ചക്രവര്‍ത്തിയായി ആാരാധകര്‍ അംഗീകരിച്ച ഒരേ ഒരാളാണ് മൈക്കല്‍ ജാക്സണ്. ആ സിംഹാസനത്തിന്റെ കൈപ്പിടിയില്‍ ഇരിക്കാന്‍ രാജകുമാരന്മാര് പലരും വന്നു. പക്ഷേ പട്ടാഭിഷേകം നടത്തി കിരീടം ഏറ്റെടുക്കാനോ എംജെക്ക് പകരക്കാരനാകാനോ ആര്‍ക്കും കഴിഞ്ഞില്ല. ‘ബീറ്റ് ഇറ്റ്’ പോലെ വേഗതയേറിയ താളവും ‘ഹീല്‍ ദ വേള്‍ഡ്’ പോലെ ചിന്തിപ്പിക്കുന്ന ഈണവും ഒരു പോലെ അവതരിപ്പിച്ചാണ് മൈക്കല്‍ ജാക്സന് ലോകത്തിന്റെ പ്രിയം മുഴുവന്‍ ഏറ്റുവാങ്ങിയത്.
നാല് പതിറ്റാണ്ട് നീണ്ട കലാജീവിതം. എണ്ണമറ്റ പുരസ്കാരങ്ങള്‍. നിരവധി റെക്കോഡുകള്‍. മൈക്കല്‍ ജോസഫ് ജാക്സണ് എന്ന മൈക്കല്‍ ജാക്സണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഇടം അനന്യമാണ്. ഇപ്പോഴിതാ മൈക്കല്‍ ജാക്സണ് ധരിച്ച ലെതര്‍ ജാക്കറ്റ് ലേലത്തില്‍ വിറ്റു പോയിരിക്കുകയാണ്. 3,06,000 ഡോളറിനാണ് ജാക്കറ്റ് വിറ്റത്.
അതായത് 2,54,89,539 രൂപയ്ക്കാണ് വിറ്റത്. 1984ല്‍ ഒരു പെപ്സി പരസ്യത്തില്‍ അദ്ദേഹം ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ജാക്കറ്റ് ധരിച്ചായിരുന്നു പ്രത്യക്ഷപ്പെട്ടത്. ഇന്നലെ ലണ്ടനില്‍ വെച്ചായിരുന്നു ലേലം നടന്നത്. എല്‍വിസ് പ്രെസ്ലി, ജോര്‍ജ് മൈക്കല്‍, എമി വൈന്‍ഹൗസ്, ഡേവിഡ് ബോയി, ബീറ്റില്‍സ്, ക്വീന്‍ എന്നിങ്ങനെ സംഗീത ലോകത്തെ പ്രമുഖരുമായും ബന്ധപ്പെട്ട വിവിധ കളക്ഷനുകളും ലേലം ചെയ്തിരുന്നു.
അതേസമയം, മൈക്കിള്‍ ജാക്സന്റെ ജീവിതം സിനിമയാകുകയാണ്. ‘മൈക്കിള്‍’ എന്ന് പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് അന്റോയിന്‍ ഫ്യൂകയാണ്. ജാക്സന്റെ ജീവിതത്തിലെ കൂടുതല്‍ വിശദാംശങ്ങളും ഇതുവരെ പറയാത്ത കാര്യങ്ങളും ചിത്രത്തിലുണ്ടാകും. ജോണ്‍ ലോഗന് രചന നിര്‍വഹിക്കുന്ന ചിത്രം ഗ്രഹാം കിങ്ങാണ് നിര്‍മിക്കുന്നത്. ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കും.
മൈക്കിള്‍ ജാക്സന്റെ ജീവിതത്തിന്റെ എല്ലാ വശവും ചര്‍ച്ചചെയ്യുന്ന ചിത്രത്തില്‍ അദ്ദേഹത്തെ പോപ് ഇതിഹാസമാക്കിമാറ്റിയ ഗാനങ്ങളുടെ ജനപ്രിയ അവതരണങ്ങളും ഉണ്ടാകുമെന്ന് അന്റോയിന്‍ ഫ്യൂക പറഞ്ഞു. ട്രെയിങ് ഡേ, ദി മാഗ്നിഫിസന്റ് സെവന്, ദി ഗില്‍റ്റി, എമാന്‍സിപ്പേഷന്‍ എന്നിവയാണ് ഫ്യൂക സംവിധാനംചെയ്ത സിനിമകള്‍.
