Malayalam
സിനിമ പറയുന്നത് വസ്തുതകളാണ്; ‘ദ കേരള സ്റ്റോറി’ യെ കുറിച്ച് മേനക
സിനിമ പറയുന്നത് വസ്തുതകളാണ്; ‘ദ കേരള സ്റ്റോറി’ യെ കുറിച്ച് മേനക
പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ വിവാദ ചിത്രം ‘ദ കേരളാ സ്‌റ്റോറി’ ഇന്നലെ സംസ്ഥാനത്തെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു. സുദീപ്‌ദോ സെന്‍ സംവിധാനം ചെയ്ത് വിപുല്‍ അമ്രുത്‌ലാല്‍ ഷാ നിര്‍മ്മിച്ച ചിത്രം മികച്ച പ്രതികരണമാണ് നേടുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
സിനിമ കണ്ടിറങ്ങിയ നടി മേനക സുരേഷിന്റെ പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ‘നല്ല സിനിമയാണ്. പത്രത്തിലും ടിവിയിലും എല്ലാം കാണുന്ന സംഭവങ്ങളല്ലേ. നമ്മുടെ അയല്‍പക്കങ്ങളിലും സുഹൃത്തുക്കളുടെ അടുത്തുനിന്നും കേള്‍ക്കുന്നത് തന്നെയാണ് ഇതെല്ലാം. സിനിമ പറയുന്നത് വസ്തുതകളാണ്,’ എന്നും മേനക സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മേനകയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ജി. സുരേഷ് കുമാറും പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരെയും മോശമായി ചിത്രീകരിച്ചിട്ടുള്ള സിനിമ അല്ല ‘ദി കേരള സ്‌റ്റോറി’ എന്നാണ് അദ്ദേഹം പറഞ്ഞത്.
33,000 പേര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ മതപരിവര്‍ത്തനം ചെയ്യപ്പെട്ടു എന്നാണ് സിനിമ എഴുതി കാണിക്കുന്നത്. കേരള സ്‌റ്റോറി നല്ല സിനിമയാണെന്നും കേരളത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് കൃത്യമായി സിനിമ പറയുന്നുവെന്നും എന്തിനാണ് ഭയക്കുന്നതെന്നും എല്ലാവരും സിനിമ കാണട്ടെ എന്നും സുരേഷ് കുമാര്‍ പറഞ്ഞു.
കേരളത്തിലെ 21 സ്‌ക്രീനുകളിലാണ് ചിത്രം റിലീസിന് എത്തിയിരിക്കുന്നത്. കേരള സ്‌റ്റോറിയെ പ്രശംസിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിട്ടുണ്ട്. ദ കേരള സ്‌റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയുടെ പ്രദര്‍ശനം സ്‌റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കേരളാ ഹൈക്കോടതി ഹര്‍ജിക്കാരുടെ ആവശ്യം തളളിയിരുന്നു. വിവാദപരാര്‍മശമുളള ടീസര്‍ പിന്‍വലിക്കുന്നതായി നിര്‍മാണ കമ്പനി തന്നെ അറിയിച്ച സാഹചര്യത്തില്‍ പ്രദര്‍ശന വിലക്ക് വേണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്.
ഇത് ചരിത്ര സിനിമയല്ല. സാങ്കല്‍പികമാണ്. സിനിമ ഇസ്ലാം മതത്തിനെതിരെയല്ല. തീവ്രവാദ സംഘടനയായ ഐഎസിന്റെ പ്രവര്‍ത്തനങ്ങളെയാണ് ചിത്രത്തില്‍ കാണിക്കുന്നതെന്നും കോടതി പരാമര്‍ശിച്ചു. ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.
