Malayalam
തങ്ങളുടെ വിവാഹമോചനത്തിന് കാരണം കാവ്യ മാധവൻ അല്ല, അതിന് കാരണം ചില ‘പ്രമുഖ വ്യക്തികളുടെ’ ഇടപെടലുകൾ; വൈറലായി ദിലീപിന്റെ വാക്കുകൾ
തങ്ങളുടെ വിവാഹമോചനത്തിന് കാരണം കാവ്യ മാധവൻ അല്ല, അതിന് കാരണം ചില ‘പ്രമുഖ വ്യക്തികളുടെ’ ഇടപെടലുകൾ; വൈറലായി ദിലീപിന്റെ വാക്കുകൾ
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങൾ വീണ്ടും ചർച്ച ചെയ്യുന്നത് നടൻ ദിലീപിന്റെ വ്യക്തിജീവിതമാണ്. നടന്റെ മകൾ മീനാക്ഷി തന്റെ അമ്മയായ മഞ്ജു വാര്യരോട് ഇന്നും കാണിക്കുന്ന അകലവും, പ്രശസ്ത താര ദമ്പതികളുടെ വിവാഹമോചനവും എല്ലാം വീണ്ടും ശ്രദ്ധ നേടുകയാണ്. ദിലീപിന്റെ രണ്ടാം ഭാര്യയും നടിയുമായ കാവ്യ മാധവന്റെ അച്ഛന്റെ മരണത്തെ തുടർന്നാണ് ഈ വിഷയങ്ങൾ വീണ്ടും ചർച്ചയാവുന്നത്.
എല്ലാവരെയും ഞെട്ടിച്ച് കൊണ്ടായിരുന്നു ദിലീപ് മഞ്ജു വാര്യർ വിവാഹ മോചന വിവരം പുറത്തെത്തുന്നത്. വിവാഹം പോലെ തന്നെ ഏവരെയും ഞെട്ടിച്ച് കൊണ്ടായിരുന്നു വിവാഹമോചന വിവരവും ഏവരെയും ഞെട്ടിച്ചത്. മഞ്ജു ഒരിക്കൽ പോലും വിവാഹമോചനത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചു മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ദിലീപും, നടന്റെ ഭാഗ്യ നായികയായിരുന്ന കാവ്യ മാധവനും തമ്മിലുള്ള വിവാഹേതര ബന്ധം മഞ്ജു അറിഞ്ഞതോടെയാണ് നടി വീട് വിട്ടു പോയതെന്നാണ് അന്ന് പല റിപ്പോർട്ടുകളും രംഗത്തെത്തിയിരുന്നത്.
1998 ലായിരുന്നു ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നത്. ഇതോടെ അഭിനയത്തിൽ നിന്നും മഞ്ജു പിന്മാറിയിരുന്നു. പതിനാല് വർഷത്തിന് ശേഷം 2014 ൽ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. ശേഷം 2016 ൽ ആണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നത്. തന്റെ പേരിൽ അപവാദം കേട്ട താരത്തെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ദിലീപ് പറഞ്ഞത്. എന്നാൽ, മഞ്ജു വാര്യരുടെ പിരിഞ്ഞതിന് ശേഷം ഒരു പ്രമുഖ മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, തങ്ങളുടെ വിവാഹമോചനത്തിന് കാരണം കാവ്യ മാധവൻ അല്ല എന്ന് ദിലീപ് തീർത്തു പറഞ്ഞിരുന്നു. അന്ന്, മറ്റു ചില വെളിപ്പെടുത്തലുകളും പ്രശസ്ത നടൻ നടത്തിയിരുന്നു. ആ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
2013 വരെ താനും മുൻ ഭാര്യ മഞ്ജു വാര്യരും, മികച്ച ദാമ്പത്യ ജീവിതം നയിക്കുകയായിരുന്നു എന്നാണ് വെളിപ്പെടുത്തിയത്. ഒരു ഭാര്യ എന്നതിലുപരി മഞ്ജു തന്റെ ഉറ്റ സുഹൃത്തായിരുന്നു, അവരുമായി എല്ലാ ചെറിയ രഹസ്യങ്ങളും പങ്കുവെച്ചിരുന്നു എന്നും നടൻ പറഞ്ഞു. എന്നാൽ, ചില ‘പ്രമുഖ വ്യക്തികളുടെ’ ഇടപെടലുകൾ കാരണം തങ്ങളുടെ സന്തോഷകരമായ ദാമ്പത്യ ജീവിതം തകർന്നു. വിവാഹമോചനത്തിനുള്ള യഥാർത്ഥ കാരണവും അതിൽ വലിയ പങ്കുവഹിച്ച ‘പ്രമുഖ വ്യക്തികളുടെ’ പേരുകളും കുടുംബകോടതിയിൽ സമർപ്പിച്ച വിവാഹമോചന ഹർജിയിൽ താൻ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അന്നത്തെ അഭിമുഖത്തിൽ ദിലീപ് അവകാശപ്പെട്ടിരുന്നു.
ദിലീപിന്റെ വാക്കുകൾ പ്രകാരം, തന്റെ കുടുംബ പ്രശ്നങ്ങൾ കാരണം ആരും കഷ്ടപ്പെടരുതെന്ന് കരുതിയാണ് നടൻ വിവാഹ മോചന കേസിൽ ഒരു രഹസ്യ വിചാരണ തിരഞ്ഞെടുത്തത്. തന്റെ മകൾ മീനാക്ഷിയുടെ സുരക്ഷയ്ക്കാണ് ഏറ്റവും വലിയ മുൻഗണനയെന്നും, അതുകൊണ്ടാണ് ദാമ്പത്യ പ്രശ്നങ്ങൾ പരസ്യമാക്കാതിരിക്കാൻ തീരുമാനിച്ചതെന്നും നടൻ അന്ന് ചൂണ്ടിക്കാണിച്ചു. അന്നത്തെ അഭിമുഖത്തിൽ, മുൻ ഭാര്യ മഞ്ജു വാര്യരോട് തനിക്ക് വിദ്വേഷം ഇല്ലെന്നും ദിലീപ് പറഞ്ഞിരുന്നു.
തന്റെ മുൻ ഭാര്യയുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്നും, അവരെ ഒരു തരത്തിലും ഉപദ്രവിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും നടൻ വെളിപ്പെടുത്തി. മഞ്ജു വാര്യർ അവരുടെ സിനിമാ കരിയറിൽ നന്നായി മുന്നോട്ട് പോകുന്നതിൽ താൻ സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ചില ആളുകൾ ഇപ്പോഴും അവർക്കെതിരെ തിരിയാൻ തന്നെ പ്രേരിപ്പിക്കാറുണ്ടെന്നും അന്ന് ദിലീപ് വ്യക്തമാക്കി. അന്നത്തെ അഭിമുഖത്തിൽ ഇനിയൊരു വിവാഹം കഴിക്കാൻ തനിക്ക് പ്ലാൻ ഇല്ലെന്ന് ദിലീപ് പറഞ്ഞെങ്കിലും, 2016ൽ കാവ്യ മാധവനെ വിവാഹം കഴിച്ചു.
തന്റെ മകൾ മീനാക്ഷിയാണ് തന്നെ വീണ്ടും വിവാഹിതനാവാൻ നിർബന്ധിച്ചതെന്ന് അന്ന് ദിലീപ് വെളിപ്പെടുത്തിയിരുന്നു. എല്ലാ പ്രശ്നങ്ങൾക്കും നടുവിൽ നടനൊപ്പം ഉറച്ചു നിൽക്കുകയായിരുന്നു മകൾ. കാവ്യ മാധവനെ കല്യാണം കഴിക്കാൻ അച്ഛനെ ഏറ്റവും നിർബന്ധിച്ചത് താൻ ആണെന്നും, ഈ ബന്ധത്തിന് തന്റെ പൂർണ്ണ പിന്തുണ ഉണ്ടെന്നും, അന്ന് സ്കൂൾ വിദ്യാർഥിനിയായിരുന്ന മീനാക്ഷി വെളിപ്പെടുത്തിയിരുന്നു. മകളോടൊപ്പം ദിലീപും കാവ്യ മാധവനും മാധ്യമങ്ങൾക്ക് മുന്നിൽ പോസ് ചെയ്യുകയും, ആ ചിത്രങ്ങൾ അന്ന് വൈറലാവുകയും ചെയ്തിരുന്നു.
‘കാവ്യ കാരണമാണ് താൻ മഞ്ജുവും ഈയുള്ള വിവാഹമോചനം നേടിയതെന്ന വാർത്ത തെറ്റാണ്. ഞാനും മഞ്ജുവും തമ്മിൽ വേർപിരിയാൻ മറ്റുപല കാരണങ്ങൾ ഉണ്ട്. അതിന് ശേഷം താൻ ഒട്ടേറെ സമ്മർദ്ദം അനുഭവിച്ച് എന്നും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധ പ്രകാരമാണ് പിന്നീട് കാവ്യയെ വിവാഹം ചെയ്തത്. വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പം ഉണ്ടായിരുന്നില്ല. പ്രായ പൂർത്തിയായ മകൾ വളർന്നു വരുന്നതിൽ ഉത്കണ്ഠ ഒരുവശത്ത്. അച്ഛൻ എപ്പോഴാ വീട്ടിൽ വരുന്നതെന്ന ചോദ്യം മകൾ മീനാക്ഷിയിൽ നിന്നും ഉണ്ടായി കൊണ്ടേയിരുന്നു.
അതെന്നെ വല്ലാതെ വേദനിപ്പിച്ചു. എന്റെ മീനൂട്ടിയുടെ ആ ചോദ്യവും കേട്ടുകൊണ്ട് എന്നും ഷൂട്ടിങ്ങിന് പോകുന്ന തനിക്ക് ഒരു സമാധാനവും ഇല്ലായിരുന്നു. മൂന്നര വർഷം താനും മകളും മാത്രമുള്ള ജീവിതം ആയിരുന്നു. രണ്ടു വർഷത്തോളം അവരുടെ വീടുപേക്ഷിച്ച് വീട്ടിൽ വന്ന് നിന്നിരുന്നു. എനിക്ക് വേണ്ടി പലരും ബുദ്ധിമുട്ടുന്നത് പ്രയാസമുണ്ടാക്കി. ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിർബന്ധിച്ചപ്പോൾ മകളോട് പറഞ്ഞു. അതേസമയം വിവാഹവും വിവാഹ മോചനവുമായി കാവ്യ മറുഭാഗത്ത് ഉണ്ടായിരുന്നു.
കാവ്യയുടെ വിവാഹ ജീവിതം തകരാൻ കാരണം താനെന്നു പലരും പറഞ്ഞ് പരത്തി. അങ്ങനെ ഞാൻ കാരണം ജീവിതം തകർന്ന് നിൽക്കുന്ന ഒരു കുട്ടിക്ക് ഒരു ജീവിതം കൊടുത്തതിൽ എന്താണ് ഇത്ര തെറ്റ്. അവളുടെ വീട്ടുകാർ ആദ്യം ഈ ബന്ധത്തിന് സമ്മതിച്ചിരുന്നില്ല, പിന്നീട് എല്ലാവരുടെയും തീരുമാനം ആയിരുന്നു ആ വിവാഹം. എനിക്കെതിരെ പല രീതിയിലും അമ്പ് എയ്യുമ്പോൾ ആളുകൾ വിചാരിക്കുന്നില്ല അവരുടെ വീട്ടിലും അമ്മ പെങ്ങന്മാർ ഉണ്ടെന്നു.
നമ്മൾ ഇങ്ങനെ നശിച്ച് ജീവിക്കേണ്ട ആവശ്യമില്ല. എല്ലാവരും നല്ല രീതിയിൽ ജീവിക്കട്ടെ. മഞ്ജു വളരെ കഴിവുള്ള ഒരു അഭിനേത്രിയാണ്. അവർ എല്ലാ ഇടത്തും നല്ല രീതിയിൽ പോകണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. മഞ്ജു എന്ന് പറയുന്നത് എന്റെ മകൾ മീനാക്ഷിയുടെ അമ്മ കൂടിയാണ്. ആ മാന്യത ഞാൻ കാണിക്കണം എന്നുമായിരുന്നു ദിലീപ് ഒരിക്കെ പറഞ്ഞിരുന്നത്. അന്ന്, വിവാഹത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ദിലീപ്, കാവ്യ മാധവനുമായുള്ള തന്റെ വിവാഹം വളരെ പെട്ടെന്ന് എടുത്ത തീരുമാനം ആണെന്ന് വെളിപ്പെടുത്തിയിരുന്നു.
വിവാഹശേഷം മാധ്യമങ്ങളെ കണ്ട ദിലീപ്, വളരെയേറെ സിനിമകളിൽ തന്റെ നായികയായി എത്തിയ കാവ്യയെ തന്നെ ഭാര്യയാക്കാനുള്ള തീരുമാനത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. വളരെ പെട്ടെന്നാണ് ഈ തീരുമാനം എടുത്തതെന്നും, എത്തിയ അതിഥികളിൽ പലരെയും ക്ഷണിച്ചത് വിവാഹ തലേന്ന്, ഫോണിൽ ആണെന്നും പ്രമുഖ നടൻ വെളിപ്പെടുത്തി. ഈ വിവാഹം ഏറ്റവും ആഗ്രഹിച്ചത്, തന്റെ മകൾ മീനാക്ഷിയാണെന്നും അന്ന് ദിലീപ് പറഞ്ഞിരുന്നു.
എന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണല്ലോ. എന്നാൽ, അതിനൊന്നും കാരണം കാവ്യ ആയിരുന്നില്ല. അതുകൊണ്ട് എന്നെ പേരിൽ ബലിയാടാക്കപ്പെട്ട പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിച്ചുവെന്നുമാണ് ദിലീപ് വെളിപ്പെടുത്തിയിരുന്നത്. ഞാൻ എൻ്റെ മകളോടും, അമ്മയോടും, സഹോദരനോടും സംസാരിച്ചു, അവരെല്ലാം പിന്തുണ നൽകി. ഞാനും കാവ്യയും, എന്റെ മകൾ മീനാക്ഷിയുടെയും എൻ്റെ അമ്മയോടൊപ്പം സന്തോഷകരവും സമാധാനപരവുമായ ഒരു ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു.
ഇവരുടെ വിവാഹത്തെ കുറിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസ് പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റ് എന്നതിൽ ഉപരിയായി കാവ്യയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നത് കൊണ്ട്, വിവാഹക്കാര്യം താൻ കുറച്ചു നേരത്തെ അറിഞ്ഞിരുന്നു എന്നാണ് ഉണ്ണി പറഞ്ഞത്. നടി വിവാഹം ചെയ്യാൻ പോവുന്നത് ദിലീപിനെയാണെന്നും അറിയാമായിരുന്നു. എന്നാൽ, മേക്കപ്പ് ടീമിലെ മറ്റ് ആർട്ടിസ്റ്റുകൾക്കും, കാവ്യയ്ക്ക് സാരി ഉടുപ്പിക്കാൻ വന്ന ഡ്രേപ്പിംഗ് ആർട്ടിസ്റ്റിനും വിവാഹക്കാര്യം അറിയില്ലായിരുന്നു.
വിവാഹത്തിന്റെ ഒരുക്കങ്ങൾക്കായി കൊച്ചിയിലെ കലൂരിൽ ഉള്ള ഒരു ഹോട്ടലിൽ റൂം ബുക്ക് ചെയ്തത് ഉണ്ണി പി.എസ് തന്നെയാണ്. അന്ന് എത്തിയ മേക്കപ്പ് ടീമും, ഡ്രേപ്പിംഗ് ആർട്ടിസ്റ്റ് ബെൻസിയും, കാവ്യ മാധവൻ ഏതോ സിനിമയ്ക്കായുള്ള ഷൂട്ടിങ്ങിന് എത്തുന്നുവെന്നാണ് കരുതിയത്. സാരി ഉടുപ്പിക്കണമെന്ന് പറഞ്ഞപ്പോൾ, ചുരിദാർ ഇട്ടുള്ള സീനുകൾ എടുക്കുമ്പോഴേക്ക് ഞാൻ എത്താം എന്നാണ് ആദ്യം ബെൻസി പറഞ്ഞതെന്നും ഉണ്ണി ഓർക്കുന്നു. അത്രയും പഴുതടച്ചുള്ള പ്ലാനിംഗ് ആയിരുന്നു ദിലീപിന്റെയും കാവ്യയുടെയും വിവാഹത്തിനായി നടത്തിയത്.
കല്യാണ ദിവസം നല്ല ടെൻഷനായിരുന്നു. കാവ്യയും ദിലീപേട്ടനുമായുള്ള കല്യാണമാണ്. ഞാനാണ് ആദ്യം പോയി റൂം എടുക്കുന്നത്. എന്റെ സ്റ്റാഫുകൾക്കൊന്നും കല്യാണമാണെന്ന് അറിയില്ലായിരുന്നു. ഷൂട്ട് ആണെന്നാണ് ഞാൻ പറഞ്ഞത്. കാവ്യയുടെ ബന്ധുക്കൾ പുറത്ത് നിൽക്കുന്നുണ്ട്. അവരെ കണ്ട് സ്റ്റാഫുകൾ വിചാരിച്ചത് ജൂനിയർ ആർട്ടിസ്റ്റുകൾ ആണെന്നാണ്. അടുത്ത മേക്കപ്പ് ഇപ്പോൾ വേണ്ട, മെയിൻ ആർട്ടിസ്റ്റ് ചെയ്തിട്ട് മതിയെന്ന് പറഞ്ഞ് അവരെ പുറത്തേയ്ക്ക് നിർത്താൻ നോക്കി. അത് കഴിഞ്ഞ് ദിലീപേട്ടൻ മാലയും ബൊക്കയുമായി വന്നു.
അപ്പോൾ ഞാൻ പറയട്ടെ എന്ന് കാവ്യ ചോദിച്ചു. അങ്ങനെ പറഞ്ഞു. എല്ലാവർക്കും ഭയങ്കര ഷോക്കായിരുന്നു അത്. സാരിയുടുപ്പിക്കാൻ ഇൻഡസ്ട്രിയിലുള്ള ബെൻസി ചേച്ചിയെയാണ് ഏൽപ്പിച്ചിരുന്നത്. ഷൂട്ടാണെന്ന് കരുതി അവർ ആദ്യം സൽവാർ ഇട്ട് ഷൂട്ട് ചെയ്യ്, ഉച്ചയാകുമ്പോഴേയ്ക്കും എത്തിക്കോളാമെന്ന് പറഞ്ഞു. പക്ഷെ പുള്ളിക്കാരി വന്നില്ല. പിന്നെയാണ് കല്യാണമാണെന്ന് അവർ അറിയുന്നതെന്നുമാണ് ഒരു അഭിമുഖത്തിൽ സംസാരിക്കവെ ഉണ്ണി പിഎസ് പറഞ്ഞത്.
2016 നവംബർ 25 ന് ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ.
