Malayalam
മെഗാസ്റ്റാറിന്റെ പിറന്നാൾ; രക്തദാനം നടത്തി മമ്മൂട്ടി ഫാൻസ്
മെഗാസ്റ്റാറിന്റെ പിറന്നാൾ; രക്തദാനം നടത്തി മമ്മൂട്ടി ഫാൻസ്
മലയാളികളുടെ സ്വന്തം മെഗാസ്റ്റാറിന്റെ 73ാം പിറന്നാൾ ആണ് ഇന്ന്. വയസ് വെറുമൊരു അക്കം മാത്രമാണെന്ന് അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളിലൂടെയും മലയാളികളെ ഓർമ്മിപ്പിക്കാറുണ്ട്. അദ്ദേഹത്തിന്റെ ആരാധകരും പ്രിയപ്പെട്ടവരുമെല്ലാം ഇതിനോടകം ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.
പതിവ് തെറ്റിക്കാതെ അർധരാത്രിയിൽ തന്നെ മമ്മൂട്ടിയുടെ വീടിന് മുന്നിൽ നൂറുക്കണക്കിന് ആരാധകർ ാണ ്പിറന്നാൾ പ്രമാണിച്ച് തടിച്ച് കൂടിയത്. എല്ലാവരോടും വീഡിയോ കോളിൽ സംസാരിച്ചാണ് മമ്മൂട്ടി നന്ദി അറിയിച്ചത്.
ഇപ്പോഴിതാ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടി ഫാൻസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും, ജനകീയ രക്തദാന സേനയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ ആയിരുന്നു ക്യാമ്പ്. വി കെ പ്രശാന്ത് എംഎൽഎയായിരുന്നു ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. പിന്നാലെ നിരവധി പേരാണ് ക്യാമ്പിൽ രക്ത ദാനം ചെയ്യുന്നതിനായി എത്തിയത്.
ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. മമ്മൂട്ടിയെ ഉമ്മ വെയ്ക്കുന്ന ചിത്രത്തിനൊപ്പം ഹാപ്പി ബർത്ത് ഡെ ഇച്ചാക്ക എന്ന അടിക്കുറിപ്പാണ് മോഹൻലാൽ നൽകിയിരിക്കുന്നത്. അമ്പതിലധികം സിനിമകളിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. മറ്റൊരു ഇന്റസ്ട്രിയിലും മെഗാതാരങ്ങൾ ഇത്തരത്തിൽ സിനിമകളിൽ ഒന്നിച്ചിട്ടില്ല. മലയാളത്തിന് മാത്രം അവകാശപ്പെടാവുന്ന റെക്കോർഡ് കൂടിയാണിത്. ട്വന്റി ട്വന്റിയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.
അതേസമയം, 1971ൽ അനുഭവങ്ങൾ പാളിച്ചകൾ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യ ചിത്രം. നായകനാകുന്നത് 1980ൽ ‘മേള’യിലും. അതേ ദശകത്തിലാണ് നാലുവർഷം കൊണ്ട് 143 സിനിമകളിൽ അഭിനയിച്ച റെക്കോഡ് സ്വന്തമാക്കുന്നതും. 1983 മുതൽ 1986 വരെ യഥാക്രമം 35,34,39,35 എന്നിങ്ങനെയാണ് അദ്ദേഹം അഭിനയിച്ച സിനിമകളുടെ എണ്ണം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ നാനൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.