Malayalam
ഡ്യൂപ്പില്ലാതെ കാര്‍ ഡ്രിഫ്റ്റ് ചെയ്ത് 71കാരനായ മമ്മൂട്ടി, സിംഗിള്‍ ടേക്കില്‍ ഷോട്ട് ‘പെര്‍ഫക്ട് ഓകെ’!; സോഷ്യല്‍ മീഡിയയില്‍ വൈറലായി ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ
ഡ്യൂപ്പില്ലാതെ കാര്‍ ഡ്രിഫ്റ്റ് ചെയ്ത് 71കാരനായ മമ്മൂട്ടി, സിംഗിള്‍ ടേക്കില്‍ ഷോട്ട് ‘പെര്‍ഫക്ട് ഓകെ’!; സോഷ്യല്‍ മീഡിയയില്‍ വൈറലായി ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ
മലയാളികളുടെ മെഗാസ്റ്റാറാണ് മമ്മൂട്ടി. അദ്ദേഹത്തിന്റേതായി എത്താറുള്ള ചിത്രങ്ങള്‍ക്കെല്ലാം തന്നെ വലിയ പ്രേക്ഷക പിന്തുണ ലഭിക്കാറുമുണ്ട്. അടുത്തിടെയായിരുന്നു മമ്മൂട്ടിയുടെ പുതിയ ചിത്രമായ റോഷാക്ക് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ റിലീസിനു മുന്നേ തന്നെ ചിത്രം പ്രേക്ഷകരിലേയ്ക്ക് ഇറങ്ങി ചെല്ലുകയായിരുന്നു. ചിത്രത്തിന്റേതായി പുറത്തെത്തിയ സ്റ്റിലുകളായിരുന്നു ഇതിന് കാരണം. ചിത്രത്തെ കുറിച്ച് യാതൊരു പിടിയും കിട്ടാതെ ആകാംക്ഷ മാത്രമായിരുന്നു പ്രേക്ഷകരിലുണ്ടായിരുന്നത്. ഇതുവരെ കാണാത്ത ലുക്കില്‍ മമ്മൂട്ടി എത്തുമ്പോള്‍ അത് വെറുതേ ആകില്ലെന്ന് പ്രേക്ഷര്‍ക്ക് ഉറപ്പുണ്ടായിരുന്നു.
ഇപ്പോള്‍ മികച്ച പ്രേക്ഷക പിന്തുണയോടെ ചിത്രം തിയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. ഇതിനിടെ ചിത്രത്തിന്‍േതായുള്ള ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. വയസ് വെറുമൊരു സംഖ്യ മാത്രമാണെന്ന് നമ്മളെ തോന്നിപ്പിക്കുന്ന, 71 കാരനായ മമ്മൂട്ടി ഡ്യൂപ്പിന്റെ സഹായമാല്ലാതെ ഫോര്‍ഡ് മസ്താംഗ് കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്ന വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികള്‍. മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂക്ക് ആന്റണി കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്ന രംഗത്തിന്റെ ചിത്രീകരണമാണ് ഇതില്‍.
പ്രൊഡക്ഷന്‍ ഡിസൈനിന് അതീവ പ്രാധാന്യമുള്ള ചിത്രത്തില്‍ ഒരു കഥാപാത്രത്തിന്റെ സാന്നിധ്യമായി പോലും തോന്നുന്ന ഒന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂക്ക് ആന്റണിയുടെ കാര്‍. ലൂക്ക് ആന്റണി കാര്‍ ഓടിക്കുന്ന നിരവധി രംഗങ്ങള്‍ ചിത്രത്തിലുണ്ട്. അക്കൂട്ടത്തില്‍ ഒരു ഡ്രിഫ്റ്റിംഗ് സീനും ഉണ്ട്. ഡ്യൂപ്പ് ഒന്നുമില്ലാതെ മമ്മൂട്ടി തന്നെയാണ് ആ രംഗത്തിന്റെ ചിത്രീകരണത്തില്‍ പങ്കെടുത്തിരിക്കുന്നത്. സിംഗിള്‍ ടേക്കില്‍ ഷോട്ട് ഓകെയാക്കിയ മമ്മൂട്ടിക്ക് കൈയടി നല്‍കുന്ന അണിയറപ്രവര്‍ത്തകരെയും വീഡിയോയില്‍ കാണാം.
ഇതിനു മുമ്പും ഇത്തരത്തിലുള്ള അഭ്യാസപ്രകടനങ്ങള്‍ മമ്മൂട്ടി കാഴ്ചവെച്ചിട്ടുണ്ട്. സൈലന്‍സ്, പോക്കിരിരാജ, എബ്രഹാമിന്റെ സന്തതികള്‍, ഗ്രേറ്റ്ഫാദര്‍ തുടങ്ങി ധാരളം സിനിമകളില്‍ കാറുകള്‍ ഡ്യൂപ്പില്ലാതെ തന്നെ മമ്മൂട്ടി ഡ്രിഫ്റ്റ് ചെയ്തിട്ടുണ്ട്. മമ്മൂട്ടിയ്ക്ക് കാറിനോടും ഡ്രൈവിംഗിനോടുമുള്ള ഭ്രമം എല്ലാവര്‍ക്കും അറിയാവുന്നതാണ്. മമ്മൂട്ടിക്ക് ലക്ഷ്വറി കാറുകളുടെ നീണ്ട നിരയുണ്ട് സ്വന്തം ശേഖരത്തില്‍. ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിയുടെ കാറുകളുടെ വിശേഷങ്ങളും വൈറലാകാറുണ്ട്.
മമ്മൂട്ടി കമ്പനി എന്ന പുതിയ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രമാണ് റോഷക്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കമാണ് ആദ്യം നിര്‍മ്മാണം ആരംഭിച്ചതെങ്കിലും ആദ്യം തിയറ്ററുകളിലെത്തിയത് റോഷാക്ക് ആണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്!ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുള്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഷാജി നടുവില്‍ ആണ് കലാസംവിധാനം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്‌സ് സേവ്യര്‍, ആന്‍സ് എസ് ജോര്‍ജ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പിആര്‍ഒ പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
