Malayalam
‘പ്രേമേട്ടന് ആദരാഞ്ജലികള്‍’ നേര്‍ന്ന് മലയാള സിനിമാ ലോകം
‘പ്രേമേട്ടന് ആദരാഞ്ജലികള്‍’ നേര്‍ന്ന് മലയാള സിനിമാ ലോകം
കഴിഞ്ഞ ദിവസമായിരുന്നു മലയാളികളെ കണ്ണീരിലാഴ്ത്തി പ്രിയ താരം കൊച്ചു പ്രേമന്‍ വിടവാങ്ങിയത്. പിന്നാലെ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുസ്മരിച്ച് മലയാള സിനിമ ലോകത്തില്‍ നിന്നും നിരവധി പേരാണ് രംഗത്തെത്തിയത്. നടന്മാരും സംവിധായകരും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അനുശോചനം അറിയിച്ചു.
‘കൊച്ചുപ്രേമന് ആദരാഞ്ജലികള്‍’, – മമ്മൂട്ടി
‘പ്രിയപ്പെട്ട കൊച്ചുപ്രേമന്‍ യാത്രയായി. ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്‌നേഹം നേടിയെടുത്തും നമ്മളിലൊരാളായി ജീവിച്ച അനുഗ്രഹീത കലാകാരന്‍ ആയിരുന്നു അദ്ദേഹം. കോളജില്‍ പഠിക്കുന്ന കാലം തൊട്ടേയുള്ള ആത്മബന്ധമാണ് കൊച്ചുപ്രേമനുമായി എനിക്കുണ്ടായിരുന്നത്. അവസാനമായി ഞങ്ങള്‍ ഒന്നിച്ചത് ആറാട്ട് എന്ന സിനിമയിലാണ്. വ്യക്തിപരമായി അദ്ദേഹത്തിന്റെ വേര്‍പാട് എനിക്ക് തീരാനഷ്ടം തന്നെയാണ്. ആ സ്‌നേഹച്ചിരിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം’, – മോഹന്‍ലാല്‍
‘ശ്രി. കൊച്ചുപ്രേമന് ആദരാഞ്ജലികള്‍!’, – സുരേഷ് ഗോപി
‘കൊച്ചു പ്രേമന്‍ ചേട്ടന്‍, വാക്കുകൊണ്ടല്ല, ജീവിതത്തിലും സഹോദര തുല്യനായിരുന്നു. ഒട്ടേറെ ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ച പ്രേമേട്ടന്‍ ഇനി എന്നും ഓര്‍മ്മകളില്‍….. ആദരാഞ്ജലികള്‍’, – ദിലീപ്
‘കൊച്ചുപ്രേമന്‍ ചേട്ടാ നിങ്ങളെ ഒരുപാട് മിസ് ചെയ്യും, നമ്മള്‍ ഒരുമിച്ച് ചിലവഴിച്ച സമയവും ചിരിയും എന്നും മനസ്സില്‍ ഉണ്ടാവും’, -കുഞ്ചാക്കോ ബോബന്‍
‘ഇഷ്ടപ്പെട്ട നടനും വ്യക്തിയുമായിരുന്നു.. കൊച്ചുപ്രേമന്‍ ചേട്ടന് ആദരാഞ്ജലികള്‍’, – വിനയന്‍
‘പ്രിയപ്പെട്ട പ്രേമേട്ടന് ആദരാഞ്ജലികള്‍’, – ഗിന്നസ് പക്രു
‘കൊച്ചു പ്രേമന്‍ ചേട്ടന് ആദരാഞ്ജലികള്‍!’, – സാന്ദ്ര തോമസ്
ചില ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട കൊച്ചു പ്രേമനെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം നാടകത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്.
‘ഏഴു നിറങ്ങള്‍’ ആണ് കൊച്ചു പ്രേമന്റെ ആദ്യ സിനിമ. തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ പഞ്ചായത്തില്‍ പേയാട് എന്ന ഗ്രാമത്തില്‍ ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനായി 1955 ജൂണ്‍ ഒന്നിനാണ് കൊച്ചു പ്രേമന്റെ ജനനം.