Connect with us

റഹ്മാനെ കണ്ടെത്തിയ ചിത്രം… മലയാള സിനിമയിലേക്കുള്ള സുഹാസിനിയുടെ അരങ്ങേറ്റം, രണ്ടിനും കാരണക്കാരന്‍ പ്രേം പ്രകാശ്; റഹ്മാന്റെ വീട്ടിലെത്തിയ താരങ്ങളെ കുറിച്ച് ആരാധകന്‍; കുറിപ്പ് വൈറൽ

Malayalam

റഹ്മാനെ കണ്ടെത്തിയ ചിത്രം… മലയാള സിനിമയിലേക്കുള്ള സുഹാസിനിയുടെ അരങ്ങേറ്റം, രണ്ടിനും കാരണക്കാരന്‍ പ്രേം പ്രകാശ്; റഹ്മാന്റെ വീട്ടിലെത്തിയ താരങ്ങളെ കുറിച്ച് ആരാധകന്‍; കുറിപ്പ് വൈറൽ

റഹ്മാനെ കണ്ടെത്തിയ ചിത്രം… മലയാള സിനിമയിലേക്കുള്ള സുഹാസിനിയുടെ അരങ്ങേറ്റം, രണ്ടിനും കാരണക്കാരന്‍ പ്രേം പ്രകാശ്; റഹ്മാന്റെ വീട്ടിലെത്തിയ താരങ്ങളെ കുറിച്ച് ആരാധകന്‍; കുറിപ്പ് വൈറൽ

നടൻ റഹ്മാന്റെ മൂത്ത മകളുടെ വിവാഹം അടുത്തിടെയായിരുന്നു നടന്നത്. സിനിമ,രാഷ്ട്രീയ മേഖലകളില്‍ നിന്നായി നിരവധി പ്രമുഖരാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. 80 കളിലെ നായികനായകന്‍മാരുടെ ഒത്തുചേരല്‍ കൂടിയായിരുന്നു നടന്നത്.

നാളുകള്‍ക്ക് ശേഷമുള്ള കൂടിച്ചേരല്‍ താരങ്ങള്‍ ആഘോഷമാക്കുകയായിരുന്നു. നദിയ മൊയ്തു, മേനക സുരേഷ് കുമാര്‍, ശോഭന, പാര്‍വതി ജയറാം, രേവതി, ലിസി ലക്ഷ്മി, അംബിക, പൂര്‍ണിമ ഭാഗ്യരാജ് ഇവരെല്ലാം വിവാഹത്തിനെത്തിയിരുന്നു. വിവാഹത്തിനെത്തിയ നടി സുഹാസിനിയും റഹ്മാനും നടനും നിര്‍മാതാവുമായ പ്രേം പ്രകാശിനൊപ്പം നില്‍ക്കുന്നൊരു ഫോട്ടോ വൈറലായി മാറിയിരുന്നു. ഈ ഫോട്ടോ കണ്ടപ്പോള്‍ സുഹാസിനിയുടെ ആദ്യ മലയാള സിനിമയെ കുറിച്ചാണ് പലര്‍ക്കും ഓര്‍മ്മ വരുന്നത്. ഇതിനിടെ മൂവി ഡാറ്റബേസ് ഗ്രൂപ്പില്‍ ഗോപാല കൃഷ്ണന്‍ എന്നൊരാള്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

കുറിപ്പ് ഇങ്ങനെയാണ്

‘കൂടെവിടെ’

ഇക്കഴിഞ്ഞാഴ്ച നടന്‍ റഹ്മാന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ വിശിഷ്ടാതിഥികളില്‍ പ്രേം പ്രകാശും സുഹാസിനിയും ഉണ്ടായിരുന്നു. അവര്‍ക്കൊപ്പം റഹ്മാന്‍ പോസ് ചെയ്ത ഈ ചിത്രം കണ്ടപ്പോള്‍ 38 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഒക്ടോബര്‍ 21നു റിലീസായ ‘കൂടെവിടെ’ എന്ന ചിത്രത്തെ ഓര്‍മ്മ വന്നു. റഹ്മാനെ കണ്ടെത്തിയ ചിത്രം. മലയാള സിനിമയിലേക്കുള്ള സുഹാസിനിയുടെ അരങ്ങേറ്റം. രണ്ടിനും കാരണക്കാരന്‍ നിര്‍മ്മാതാവ് കൂടിയായ പ്രേം പ്രകാശ് ആയിരുന്നല്ലോ.

പത്മരാജന്റെ ആദ്യ സംവിധാന ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്ന പ്രേം പ്രകാശ് തുടര്‍ന്ന് നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പത്മരാജനൊപ്പം ചേര്‍ന്ന ചിത്രമാണ് ‘കൂടെവിടെ’. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 1982 ഓഗസ്റ്റ് മാസം നാല് ലക്കങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട ‘ഇല്ലിക്കാടുകള്‍ പൂത്തപ്പോള്‍’ എന്ന നീണ്ടകഥയുടെ ചലച്ചിത്രാവിഷ്‌ക്കാരം ആയിരുന്നു കൂടെവിടെ.. ‘പെരുവഴിയമ്പലം’ റിലീസായി നാല് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അടുത്ത സിനിമയ്ക്ക് പറ്റിയ പ്രമേയം കിട്ടാതെ പല കഥകളും അന്വേഷിക്കുന്ന സമയത്താണ് പ്രേം പ്രകാശ് യാദൃച്ഛികമായി വാസന്തിയുടെ ‘ഇല്ലിക്കാടുകള്‍ പൂത്തപ്പോള്‍’ മാതൃഭൂമിയില്‍ വായിക്കുന്നത്. അദ്ദേഹം രചയിതാവില്‍ നിന്നും ആ കഥ സിനിമയാക്കാനുള്ള അവകാശം വാങ്ങിക്കുകയും പത്മരാജനോട് കഥ വായിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു..

വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രം പൂക്കുന്ന ഓര്‍ക്കിഡ് പൂക്കളുടെ പശ്ചാത്തലത്തില്‍ മിസോറാമില്‍ നടക്കുന്ന കഥയായിരുന്നു ഇല്ലിക്കാടുകള്‍ പൂത്തപ്പോള്‍. അതിനെ മലയാള സിനിമയ്ക്ക് ചേരുന്ന രീതിയില്‍ തിരക്കഥ ഒരുക്കിയത് പത്മരാജന്‍ തന്നെ. ‘പബ്ലിക് സ്‌കൂളിന്റെയും പട്ടാള ബാരക്കുകളുടെയും വഴിയോരത്ത് വിടരുന്ന, വിടര്‍ന്നു കൊഴിയുന്ന അഴകും ചോരയും പുരണ്ട ദിവസങ്ങള്‍.’ കൂടെവിടെയുടെ പരസ്യവാചകം ഇതായിരുന്നു. എന്നാല്‍ കഥയില്‍ നിന്നും ചില്ലറ മാറ്റങ്ങള്‍ സിനിമയില്‍ വരുത്തിയിരുന്നു. പ്രത്യേകിച്ചും മമ്മൂട്ടി അവതരിപ്പിച്ച ക്യാപ്റ്റന്‍ തോമസിന്റെ കാര്യത്തില്‍. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന സ്ത്രീയും രവി പുത്തൂരാന്‍ എന്ന വിദ്യാര്‍ത്ഥിയും തമ്മില്‍ ബന്ധമുണ്ടെന്ന് കരുതുന്ന ക്യാപ്റ്റന്‍ തോമസ് രവിയെ ആക്രമിക്കുന്നുണ്ടെങ്കിലും കൊള്ളാന്‍ ഉദ്ദേശിച്ചിരുന്നില്ല. രവിയുടെ മരണം തോമസ് ഓടിച്ചിരുന്ന ജീപ്പ് ബ്രേക്ക് നഷ്ടപ്പെട്ടപ്പോള്‍ സംഭവിച്ച അത്യാഹിതമായിട്ടാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്.

നോവലിലെ ഈ ‘വില്ലന്‍’ കഥാപാത്രത്തിന്റെ പേര് രാജീവ് എന്നാണ്. സ്ത്രീ വിഷയത്തില്‍ ഏറെ തത്പരനായ ഒരു വിടന്‍ കഥാപാത്രമാണ് രാജീവ്. തന്റെ കാമുകിയുമായി അരുതാത്ത ബന്ധമുണ്ടെന്ന് വിശ്വസിക്കുന്ന വിദ്യാര്‍ത്ഥിയെ മനഃപൂര്‍വം വണ്ടി കയറി കൊല്ലുകയായിരുന്നു രാജീവ്. എന്ന് മാത്രമല്ല അയാള്‍ പലപ്പോഴും തന്റെ കാമുകിയോട് വളരെ പരുഷമായും അബ്യൂസീവ് ആയും പെരുമാറുന്ന പ്രകൃതക്കാരന്‍ കൂടിയായിരുന്നു. നവംബറിന്റെ നഷ്ടത്തില്‍ അഭിനയിച്ചിട്ടുള്ള രാമചന്ദ്രനെ ഈ കഥാപാത്രമാക്കണം എന്നായിരുന്നു പത്മരാജന്റെ താത്പര്യം. പക്ഷെ പ്രേം പ്രകാശിന്റെ അഭിപ്രായം കൂടി മാനിച്ചാണ് ആ റോള്‍ മമ്മൂട്ടിയ്ക്ക് നല്‍കിയത്. അതുപോലെ റഹ്മാന് പകരം ആദ്യം മറ്റൊരു പയ്യനായിരുന്നു അഭിനയിച്ചത്. എന്നാല്‍ മൂന്നു ദിവസത്തെ ഷൂട്ടിങ്ങിനു ശേഷം ആ പയ്യന്‍ പോരാ എന്ന് തോന്നി ഒഴിവാക്കി. തുടര്‍ന്നാണ് റഹ്മാന്‍ ഈ ചിത്രത്തിലേക്ക് എത്തിച്ചേരുന്നത്.. നടന്‍ ജോസ് പ്രകാശിന്റെ മകളുടെ ഉടമസ്ഥതയിലുള്ള ഊട്ടിയിലെ ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളില്‍ വച്ചായിരുന്നു ഈ ചിത്രത്തിന്റെ സ്‌കൂള്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്.

പത്മരാജന്റെ ഏറ്റവും മിഴിവാര്‍ന്ന സ്ത്രീ കഥാപത്രങ്ങളില്‍ ഒന്നാണ് കൂടെവിടെയിലെ ആലീസ്. ആ റോളില്‍ സുഹാസിനി മതി എന്നുള്ളത് ഏകകണ്ഠമായ തീരുമാനമായിരുന്നു. ആലീസിന്റെ സഹോദരന്റെ വേഷത്തില്‍ പ്രേം പ്രകാശ് ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. സിനിമയിലെ അദ്ദേഹത്തിന്റെ മരണ രംഗത്തിനു ഒരു പ്രത്യേകതയുണ്ട്. ശവം വഹിച്ചുകൊണ്ടുപോകുന്ന വിലാപയാത്ര ചിത്രീകരിക്കാന്‍ മലയാളീ മുഖമുള്ള ചിലരെങ്കിലും വേണമെന്ന് പത്മരാജന് തോന്നി. എന്നാല്‍ ഊട്ടിയില്‍ അങ്ങനെയുള്ളവരെ കണ്ടെത്താന്‍ അപ്പോള്‍ ബുദ്ധിമുട്ടായിരുന്നു. ഒടുവില്‍ പ്രേം പ്രകാശിന്റെ സ്വന്തം പത്‌നി ഉള്‍പ്പടെ ചില ബന്ധുക്കളെ ആ രംഗത്തില്‍ ശവമഞ്ചത്തിനൊപ്പം സഞ്ചരിക്കുന്നവരായി ചിത്രീകരിച്ചു. ഷൂട്ടിങ് സ്‌പോട്ടില്‍ നിന്നും കുറച്ച് മാറി ഇതെല്ലം കണ്ടുകൊണ്ടു നില്‍ക്കേണ്ടി വന്നതിന്റെ അനുഭവം ഒരു തമാശ പോലെ പ്രേം പ്രകാശ് അദ്ദേഹത്തിന്റെ ‘പ്രകാശദലങ്ങള്‍’ എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്.

പത്മരാജന്‍ എന്ന മികവുറ്റ സംവിധായകന്‍ കച്ചവട സിനിമകളുടെ ഭാഗമാകുന്നു എന്ന വ്യസനമാണ് കൂടെവിടെയുടെ നിരൂപണങ്ങളില്‍ അന്ന് വിമര്‍ശകര്‍ പങ്കുവച്ചത്. രണ്ടു മണിക്കൂറില്‍ താഴെ മാത്രം നീളമുള്ള ചടുലമായ സിനിമകള്‍ എടുത്തിരുന്ന പത്മരാജന്‍, കൂടെവിടെയില്‍ രണ്ടര മണിക്കൂറോളം പരത്തി കഥ പറഞ്ഞതും അവര്‍ വിമര്‍ശിച്ചു. പക്ഷെ പ്രേക്ഷകര്‍ ഈ ചിത്രം ഇരുകൈയും നീട്ടി സ്വീകരിച്ചു. ഒഎന്‍വി ജോണ്‍സന്‍ ടീമിന്റെ രണ്ടു ഗാനങ്ങളും ഷാജി എന്‍ കരുണിന്റെ ഛായാഗ്രഹണവും കൂടെവിടെയും വലിയ ആകര്‍ഷങ്ങളാണ്. എന്നുമാണ് കുറിപ്പില്‍ പറയുന്നത്.

More in Malayalam

Trending

Recent

To Top