News
2021ല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്ത സെലിബ്രിറ്റികള്‍ ഇവരൊക്കെയാണ്..!, വിവരങ്ങള്‍ പുറത്ത് വിട്ട് യാഹൂ
2021ല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്ത സെലിബ്രിറ്റികള്‍ ഇവരൊക്കെയാണ്..!, വിവരങ്ങള്‍ പുറത്ത് വിട്ട് യാഹൂ
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ സെലിബ്രിറ്റികളുടെ പട്ടിക പുറത്തുവിട്ട് യാഹു. അടുത്തിടെ അന്തരിച്ച നടന്‍ സിദ്ധാര്‍ഥ് ശുക്ലയാണ് പുരുഷ സെലിബ്രിറ്റികളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട വ്യക്തി. രണ്ടാം സ്ഥാനത്ത് സല്‍മാന്‍ ഖാനും തെലുങ്ക് നടന്‍ അല്ലു അര്‍ജുന്‍ മൂന്നാം സ്ഥാനത്തും എത്തി. അന്തരിച്ച നടന്മാരായ പുനീത് രാജ്കുമാറും ദിലീപ് കുമാറുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട സ്ത്രീ സെലിബ്രിറ്റി കരീന കപൂറാണ്. കത്രീന കൈഫാണ് രണ്ടാം സ്ഥാനത്ത്. പ്രിയങ്ക ചൊപ്ര, ആലിയ ഭട്ട്, ദീപിക പദുക്കോണ്‍ എന്നിവരും തുടര്‍ന്നുള്ള സ്ഥാനങ്ങളിലെത്തി. ടോപ്പ് ന്യൂസ് മേക്കര്‍ കര്‍ഷക സമരമാണ്. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.
2021 യൂണിയന്‍ ബഡജറ്റ്, രാജ് കുന്ദ്ര, ബ്ലാക്ക് ഫംഗസ് എന്നിവ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ എത്തി. ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ആര്യന്‍ ഖാന്‍ സെര്‍ച്ചില്‍ ഇടംപിടിച്ചത്.
സെപ്റ്റംബര്‍ 2നാണ് ബിഗ് ബോസ് ഹിന്ദി സീസണ്‍ 13 ടൈറ്റില്‍ വിജയി സിദ്ധാര്‍ഥ് ശുക്ല ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്. മോഡല്‍ എന്ന നിലയില്‍ കരിയര്‍ ആരംഭിച്ച സിദ്ധാര്‍ഥ് ശുക്ല ‘ബാബുള്‍ കാ ആംഗന്‍ ഛൂടേ നാ’ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീടും സീരിയലുകളില്‍ തുടര്‍ന്ന സിദ്ധാര്‍ഥിന് വലിയ ബ്രേക്ക് നല്‍കിയത് ‘ബാലികാ വധു’ എന്ന സീരിയലായിരുന്നു.
ഒക്ടോബര്‍ 29നായിരുന്നു പൂനീത് രാജ്കുമാറിന്റെ മരണം. സ്വന്തം ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച പുനീതിനെ ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നാലെ വിക്രം ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
