Malayalam
കെഎസ്എഫ് ഡിസി യുടെ സമയോചിതമായ നടപടി സ്വീകരിക്കുന്നു; കുറിപ്പുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ലുസിസി
കെഎസ്എഫ് ഡിസി യുടെ സമയോചിതമായ നടപടി സ്വീകരിക്കുന്നു; കുറിപ്പുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ലുസിസി
കോവിഡ് പ്രതിസന്ധി ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്ത്രീ സിനിമാ നിര്‍മ്മാണ പരിപാടിയുടെ രണ്ടാം റൗണ്ടിലെ അപേക്ഷകര്‍ക്ക് പ്രവേശന ഫീസ് വേണ്ടെന്ന് തീരുമാനിച്ച കെഎസ്എഫ് ഡിസി യുടെ നടപടിയെ സ്വാഗതം ചെയ്ത് മലയാള സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ലുസിസി. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് തങ്ങളുടെ ആവശ്യം പരിഗണിച്ചു നടപടിയെടുത്ത കെഎസ്എഫ് ഡിസിയ്ക്ക് നന്ദി അറിയിച്ചത്.
ഡബ്ലുസിസി പങ്കുവച്ച കുറിപ്പ്;
കെഎസ്എഫ് ഡിസി യുടെ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. സ്ത്രീ സിനിമാ നിര്‍മ്മാണ പരിപാടിയുടെ രണ്ടാം റൗണ്ടിലെ അപേക്ഷകര്‍ക്ക് ഇന്നത്തെ കോവിഡ് സാഹചര്യത്തില്‍ രണ്ടാം റൗണ്ടിലെ പ്രവേശന ഫീസ് വേണ്ടെന്ന് തീരുമാനിച്ച കെഎസ്എഫ് ഡിസി യുടെ നടപടി സമയോചിതമാണ്.
വൈവിധ്യമായ ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടുത്താനും, മലയാള സിനിമാ വ്യവസായത്തില്‍ കൂടുതല്‍ സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്താനായി കേരള സര്‍ക്കാര്‍ വിഭാവന ചെയ്ത സമാനതകളില്ലാത്ത പ്രോഗ്രാമാണ് ഇത്. ഒരോ അപേക്ഷകയും സെലക്ഷനായി കര്‍ശനമായ പ്രക്രിയയിലൂടെയാണ് കടന്നു പോകേണ്ടത്. പ്രസ്തുത പരിപാടി ഇപ്പോള്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.
എന്നാല്‍ കോവിഡ് പകര്‍ച്ചവ്യാധി ഒട്ടേറെപേര്‍ക്ക് ജോലിയും, ജീവിതമാര്‍ഗ്ഗങ്ങളും നഷ്ടപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ സെലക്ഷന്‍ പ്രക്രിയക്ക് നേരത്തെ നിശ്ചയിച്ച ഫീസ് ഒഴിവാക്കണമെന്ന് കെ.എസ്.എഫ്. ഡി.സി ചെയര്‍മാനോട് ഡബ്ലു.സി.സി ആവശ്യപ്പെട്ടത്. ഞങ്ങളുടെ ആവശ്യത്തെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടു കൊണ്ട് സമയബന്ധിതമായി തന്നെ ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു എന്നത് ഏറെ ആശ്വാസത്തിന് വക നല്‍കുന്നു.
പ്രസ്തുത സ്ത്രീ സിനിമാ നിര്‍മ്മാണ പ്രോഗ്രാമും,കെഎസ്എഫ് ഡിസി യുടെ പ്രതികരണവും മലയാള സിനിമയെ കൂടുതല്‍ സ്ത്രീ സൗഹാര്‍ദ്ദപരമായ ഇടമാക്കുന്നതില്‍ സഹായിക്കുമെന്ന് ഡബ്ലുസിസി വിശ്വസിക്കുന്നു!
