News
വനിത മാസികയെ ഓര്‍ത്ത് ലജ്ജിക്കുന്നു, വനിതയ്ക്ക് എതിരെ രംഗത്തെത്തി ഹോളിവുഡ് നടി സ്വര ഭാസ്കര്‍
വനിത മാസികയെ ഓര്‍ത്ത് ലജ്ജിക്കുന്നു, വനിതയ്ക്ക് എതിരെ രംഗത്തെത്തി ഹോളിവുഡ് നടി സ്വര ഭാസ്കര്‍
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെ ശക്തമായ വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നതിനിടെ നടന്റെ വിശേഷങ്ങളുമായി പുറത്തിറങ്ങുന്ന വനിത മാഗസീന് എതിരെ വ്യാപക വിമര്‍ശനം. ഹോളിവുഡ് നടി സ്വര ഭാസ്കറാണ് ഇത്തരത്തില്‍ മാസികയ്ക്ക് എതിരെ പരസ്യമായി രംഗത്ത് എത്തിയത്.
‘2017-ല്‍ നടിയും സഹപ്രവര്‍ത്തകയുമായ താരത്തെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റാരോപണം നേരിടുന്ന വ്യക്തിയാണ് നടന് ദിലീപ്. നിരവധി മാസങ്ങളാണ് അദ്ദേഹം ഈ കേസില്‍ ജയിലില്‍ കഴിഞ്ഞത്. കേസില്‍ നീതി വേഗത്തില്‍ ലഭിക്കാന്‍ ഇര മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു’വെന്നും അവര്‍ ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നു. വനിത മാസികയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും സ്വര പറയുന്നു.
വനിതകളുടെ സുഹൃത്തും വഴികാട്ടിയും എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങുന്ന വനിത മാസികയില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെ കവര്‍ ചിത്രമായി ഉപയോഗിക്കുന്നത് വിരോധാഭാസമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വ്യാപക വിമര്‍ശനം. സാമൂഹിക സാംസ്കാരിക, മാധ്യമ മേഖലയിലെ നിരവധി പേരാണ് ഇതിനോടകം വിമര്‍ശനവുമായി രംഗത്ത് എത്തിയത്.
പല പ്രമുഖരും വനിതയ്ക്ക് എതിരെ രംഗത്ത് എത്തിയിരുന്നു. സംഭവത്തില്‍ അഡ്വ. ജയശങ്കര്‍ പങ്കുവെച്ച പരിഹാസം ഏറെ ശ്രദ്ധേയമാണ്. നാളെ പുറത്തിറങ്ങുന്നു.. ജനപ്രിയ നായകന് വനിതയുടെ യഥാര്‍ത്ഥ സുഹൃത്തും മാമന് മാത്യുവിന്റെ വഴികാട്ടിയും എന്നാണ് ജയശങ്കര്‍ പരിഹസിച്ചത്.
