Malayalam
നന്ദൂട്ടന് പോകണമെന്ന് ആഗ്രഹിച്ച കുറെ സ്ഥലങ്ങളില്‍ പ്രധാനപെട്ട ഒന്ന്, ഇന്ന് അത് സാധ്യമായി, പക്ഷേ…നെഞ്ച് പറിഞ്ഞു പോകുന്ന വേദനയായിരുന്നു.; കണ്ണിനെ ഈറനണിയിക്കുന്ന കുറിപ്പുമായി സീമ ജി നായര്‍
നന്ദൂട്ടന് പോകണമെന്ന് ആഗ്രഹിച്ച കുറെ സ്ഥലങ്ങളില്‍ പ്രധാനപെട്ട ഒന്ന്, ഇന്ന് അത് സാധ്യമായി, പക്ഷേ…നെഞ്ച് പറിഞ്ഞു പോകുന്ന വേദനയായിരുന്നു.; കണ്ണിനെ ഈറനണിയിക്കുന്ന കുറിപ്പുമായി സീമ ജി നായര്‍
സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്കേറെ സുപരിചിതനും അതിലുപരി പ്രിയപ്പെട്ടവനുമായിരുന്നു നന്ദു മഹാദേവ. ക്യാന്‍സറിനോട് പോരാടി അവന് ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍, അവനു വേണ്ടി പ്രാര്‍ത്ഥിച്ചിരുന്ന മലയാളികള്‍ എല്ലാവരും തന്നെ സങ്കടത്തിലായിരുന്നു. ചിരിച്ച മുഖവും പ്രചോദനമേകുന്ന വാക്കുകളുമായാണ് നന്ദു എപ്പോഴും പ്രത്യക്ഷപ്പെടാറുണ്ടായിരുന്നത്. ഇപ്പോഴിതാ നന്ദു വിടപറഞ്ഞിട്ട് 41 ദിവസങ്ങള്‍ പിന്നിടുന്ന വേളയില്‍ ബലികര്‍മ്മങ്ങള്‍ക്കായി തിരുനെല്ലിയിലേക്ക് പോയതിനെക്കുറിച്ച് പറയുകയാണ് സീമ ജി നായര്‍.
ഇന്നലെ എന്റെ പ്രിയ നന്ദൂട്ടന് ഞങ്ങളെ വിട്ടുപോയിട്ട് 41 ദിവസം ആയിരുന്നു. നന്ദൂട്ടന് പോകണമെന്ന് ആഗ്രഹിച്ച കുറെ സ്ഥലങ്ങളില്‍ പ്രധാനപെട്ട ഒന്ന് തിരുനെല്ലി അമ്പലത്തില്‍ ആയിരുന്നു. പല തവണപോകാന്‍ ആഗ്രഹിച്ചപോളും ഓരോ കാര്യങ്ങള്‍ വന്ന് അത് മാറിപോയിരുന്നു. ഇന്നലെ നന്ദുട്ടന് അവിടെ പോയി. കൂടെ അവന്റെ ജീവനായിരുന്ന അമ്മയും അച്ഛനും അനുജനും അനുജത്തിയും. കൂട്ടത്തില്‍ അവനെ ഏറെ സ്നേഹിച്ച ഞാനും, ജസീലയും ഉണ്ടായിരുന്നു.
നന്ദൂട്ടന്റെ ബലികര്‍മങ്ങള്‍ക്കായാണ് പോയത്. നെഞ്ച് പറിഞ്ഞു പോകുന്ന വേദനയായിരുന്നു. നന്ദൂട്ടന് പ്രിയപ്പെട്ട സ്ഥലത്തു അവനെ ഒറ്റയ്ക്കാക്കി തിരിച്ചു പോരുമ്പോള്‍ അറിയാതെ കണ്ണുകള്‍ നിറയുന്നതും കാലിടറുന്നതും അറിഞ്ഞിരുന്നു. ഞങ്ങളുടെ അവസ്ഥ ഇതാണെങ്കില്‍ അവന്റെ അമ്മ എങ്ങനെ അത് തരണം ചെയ്യുന്നുവെന്ന് ഓര്‍ത്തു. കര്‍മങ്ങള്‍ പൂര്‍ത്തിയായി അവിടുന്നിറങ്ങുമ്പോള്‍ കണ്ണുനീരൊട്ടിയ ലേഖയുടെ കവിളില്‍ ഒരുമ്മ നല്കുമ്പോള്, ലേഖയെ ചേര്‍ത്തുപിടിക്കുമ്പോള്‍ ആ അമ്മയുടെ നെഞ്ചിടിപ്പ് എനിക്ക് കേള്‍ക്കാമായിരുന്നു.
അമ്മമാര്‍ ജീവിച്ചിരിക്കെ ഒരുപാട് ആഗ്രഹങ്ങള്‍ ഈ ഭൂമിയില്‍ അവശേഷിപ്പിച്ചു കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോകുന്ന മക്കളെ കുറിച്ചോര്‍ത്തു വെമ്പുന്ന ഒരുപാട് ലേഖമാര്‍ ഇവിടെയുണ്ട്. ആ അമ്മയുടെ വിശ്വാസം പോലെ നന്ദുട്ടന് ആ കുടുംബത്തില്‍ തന്നെ പുനര്‍ജനിക്കും എന്ന വിശ്വാസത്തോടെ.. ഇപ്പോഴും അവനെ സ്നേഹിക്കുന്നവരെ ചുറ്റിപറ്റി അവന് ഇവിടൊക്കെ തന്നെ ഉണ്ടെന്നുള്ള വിശ്വാസത്തോടെ. അവന് പകര്‍ന്നു തന്ന ഊര്‍ജ്ജത്തില്‍ ഇപ്പോളും ജീവിക്കുന്ന ഒരുപാട് പേരെ മനസ്സില്‍ ഓര്‍ത്തുകൊണ്ട്…, എന്നുമായിരുന്നു സീമ ജി നായര്‍ കുറിച്ചത്.
ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്ന വ്യക്തിയായിരുന്നു തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ നന്ദു മഹാദേവ. ഹരി – ലേഖ ലേഖ ദമ്പതികളുടെ മൂന്ന് മക്കളില്‍ ഒരാളായിരുന്നു നന്ദു. സായ് കൃഷ്ണ, അനന്ദു എന്നിവര്‍ സഹോദരങ്ങളും. ബിബിഎ പഠനം പൂര്‍ത്തിയാക്കിയ ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുകയെന്നതായിരുന്നു നന്ദുവിന്റെ ലക്ഷ്യം. ബോണ്‍ ക്യാന്‍സറായിരുന്നു നന്ദുവിന്.
‘എനിക്ക് കാന്‍സറാണ്. പക്ഷേ, ഇതിനെ മഹാരോഗമായി പരിഗണിക്കില്ല. ചെറിയൊരു ജലദോഷം പോലെ ഞാനിതിനെ നേരിടും’ എന്നും ഫേസ്ബുക്കിലൂടെ ലോകത്തോട് വിളിച്ച് പറഞ്ഞു. ഒന്നരലക്ഷത്തോളം പേര് വായിച്ച പോസ്റ്റ് അര്‍ബുദത്തിനെതിരായ നന്ദുവിന്റെ പോരാട്ടത്തിന്റെ ആദ്യ ചുവടുവെയ്പ്പായിരുന്നു. അവിടെ നിന്നും ഇങ്ങോട്ടുള്ള നാല് വര്‍ഷങ്ങളില്‍ സമൂഹത്തിലേയ്ക്ക് നന്ദു പകര്‍ന്ന ആത്മവിശ്വാസം ചെറുതല്ല. ക്യാന്‍സറിനെ ഭയന്ന് ജീവിക്കുന്നവര്‍ക്ക് നന്ദു ആത്മവിശ്വാസമായിരുന്നു.
ക്യാന്‍സര്‍ ശരീരത്തെ കാര്‍ന്ന് തിന്നപ്പോഴും പിടിച്ചു നിന്ന നന്ദുവിന് തന്റെ കാല് മുറിച്ചു മാറ്റേണ്ടി വന്നിരുന്നു. അര്‍ബുദം ശരീരത്തെയാകെ ബാധിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ മൂന്ന് ദിവസത്തെ ഗോവ ട്രിപ്പാണ് നന്ദു പ്ലാന്‍ ചെയ്തത്. സുഹൃത്തുക്കള്‍ക്കൊപ്പം മൂന്ന് ദിവസം ഗോവയിയില് സമയം ചെലവഴിച്ച ശേഷമാണ് നന്ദു മടങ്ങിവന്നത്. കീമോ തെറാപ്പിയും സര്‍ജറിയും ഇനി നടക്കില്ലെന്ന് കുടുംബത്തെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ശ്വാസകോശത്തെയും അര്‍ബുദം കീഴടക്കിയതോടെയാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷകളും കൈവിട്ടത്. എന്നാല്‍ ഓരോ തവണയും അര്‍ബുദം ശരീരത്തെ പിടിച്ചടക്കുമ്പോള്‍ ഒരു ചിരിയോടെ മാത്രമാണ് നന്ദു ആ സാഹചര്യത്തെ നേരിട്ടത്.
