News
പുനീതിന്റെ മരണമറിയാതെ പിതൃസഹോദരിയായ നാഗമ്മ; അപ്പു ഉടന്‍ എത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നു
പുനീതിന്റെ മരണമറിയാതെ പിതൃസഹോദരിയായ നാഗമ്മ; അപ്പു ഉടന്‍ എത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നു
സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് പുനീത് രാജ് കുമാര്‍. താരം വിട്ടുപിരിഞ്ഞതിന്റെ ഞെട്ടലില്‍ നിന്ന് ആരാധകര്‍ ഇപ്പോഴും മുക്തരായിട്ടില്ല. ഹൃദയാഘാതമായിരുന്നു പുനീതിന്റെ ജീവന് കൊണ്ടു പോയത്. പ്രിയനടന്റെ വിയോഗത്തെക്കുറിച്ച് അറിയാത്ത ഒരാള്‍ അദ്ദേഹത്തിന്റെ കുടുംബത്തിലുണ്ട്. അത് മറ്റാരുമല്ല പുനീതിന്റെ പിതൃസഹോദരിയായ നാഗമ്മ.
നടന് രാജ്കുമാറിന്റെ സഹോദരിയായ നാഗമ്മയ്ക്ക് ഇപ്പോള്‍ 90 വയസ്സായി. വാര്‍ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് വിശ്രമജീവിതം നയിക്കുകയാണ്. പുനീത് മരിച്ച വിവരം മാസങ്ങള്‍ കഴിഞ്ഞിട്ടും കുടുംബാംഗങ്ങള്‍ നാഗമ്മയെ അറിയിച്ചിട്ടില്ല.നാഗമ്മയ്ക്ക് അത് താങ്ങാനാകില്ലെന്ന് കുടുംബാംഗങ്ങള്‍ക്ക് അറിയാം.
‘നാഗമ്മയ്ക്ക് അപ്പു പ്രിയപ്പെട്ടവനായിരുന്നു. കുട്ടിക്കാലത്തെല്ലാം നാഗമ്മയാണ് അദ്ദേഹത്തെ നോക്കിയിരുന്നത്. ഗഞ്ജനൂരിലെ കുടുംബവീട്ടില്‍ നാഗമ്മയെ കാണാന്‍ ഇടയ്ക്കിടെ പുനീത് വരുമായിരുന്നു. അവര്‍ തമ്മില്‍ തീവ്രമായ ആത്മബന്ധമുണ്ടായിരുന്നു. പുനീതിന്റെ മരണവാര്‍ത്തയറിഞ്ഞാല്‍ നാഗമ്മ അതിജീവിക്കുകയില്ല. അതുകൊണ്ട് ആര്‍ക്കും അത് തുറന്ന് പറയാനുള്ള ധൈര്യമില്ല.
ഇടയ്ക്കിടെ അപ്പു എവിടെ എന്ന് ചോദിക്കും. വിദേശത്ത് സിനിമാചിത്രീകരണത്തിന് പോയിരിക്കുകയാണെന്നും ഉടന്‍ മടങ്ങിയെത്തുമെന്ന് കള്ളം പറയുകയും ചെയ്യും. പുനീതിന്റെ സിനിമകള്‍ കാണിച്ചുകൊടുക്കുമ്ബോള് അവര്‍ സന്തോഷവതിയാകും. പുനീതിന്റെ സഹോദരന് രാഘവേന്ദ്ര രാജ്കുമാറിന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൃദയാഘാതമുണ്ടായി.
അത് പോലും നാഗമ്മയ്ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. പിന്നെ എങ്ങിനെയാണ് മരണവാര്‍ത്ത തുറന്ന് പറയാനാകുക’ എന്നും പുനീതിന്റെ ഒരു കുടുംബാംഗം പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29 നാണ് പുനീത് രാജ്കുമാര് അന്തരിച്ചത്. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
