Malayalam
അഭിനയത്തിന് എനിക്ക് പൈസ കിട്ടിയിട്ടില്ല, ആഹ്, അത് നമ്മുടെ നന്ദുവല്ലേ എന്ന് പറയും; മനസു തുറന്ന് നന്ദു പൊതുവാള്‍
അഭിനയത്തിന് എനിക്ക് പൈസ കിട്ടിയിട്ടില്ല, ആഹ്, അത് നമ്മുടെ നന്ദുവല്ലേ എന്ന് പറയും; മനസു തുറന്ന് നന്ദു പൊതുവാള്‍
ചെറിയ കഥാപാത്രങ്ങളിലൂടെ തന്നെ ഏറെ ശ്രദ്ധ നേടിയ നടനാണ് നന്ദു പൊതുവാള്‍. മിമിക്രി രംഗത്ത് നിന്ന് സിനിമയിലെത്തിയ നന്ദു പ്രൊഡക്ഷന്‍ കണ്‍ട്രോളറായും ജോലി നോക്കിയിരുന്നു. സീരിയലുകളിലും സജീവമായിരുന്നു. കൊച്ചിന്‍ സാഗറിന്റെ പ്രൊഡക്ഷന്‍ മാനേജരായി ആയിരുന്നു നന്ദു പൊതുവാളിന്റെ തുടക്കം. അബി, നാദിര്‍ഷ, ദിലീപ്, കോട്ടയം നസീര്‍, സലിം കുമാര്‍ തുടങ്ങിയ പ്രമുഖര്‍ക്കുമൊപ്പം അക്കാലത്ത് പ്രവര്‍ത്തിച്ച നന്ദു പൊതുവാള്‍ പിന്നീട് സിനിമയിലെത്തുകയായിരുന്നു.
ദിലീപാണ് തന്നെ സിനിമയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നതെന്ന് നന്ദു പൊതുവാള്‍ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ലേലം സിനിമയിലും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി നന്ദു പൊതുവാള്‍ പ്രവര്‍ത്തിച്ചിരുന്നു. ‘പാണ്ടിപ്പട’ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആവുന്നത്. 250 ഓളം സിനിമകളില്‍ ഇതിനകം തന്നെ അഭിനയിച്ചു കഴിഞ്ഞു.
എന്നാല്‍ ഇപ്പോഴിതാ വര്‍ക്ക് ചെയ്ത ഒരു സിനിമയിലും തനിക്ക് അഭിനയിച്ചതിന്റെ പ്രതിഫലം ലഭിച്ചിട്ടില്ലെന്നാണ് നന്ദു പറയുന്നത്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.
‘അഭിനയമാണ് എന്റെ എന്‍ജോയ്‌മെന്റ്. പ്രൊഡക്ഷന്‍ കണ്‍ട്രോളിംഗ് എന്റെ വരുമാനമാണ്. ഞാന്‍ വര്‍ക്ക് ചെയ്ത പടത്തിലെ അഭിനയത്തിന് എനിക്ക് ഇതുവരെ പൈസ കിട്ടിയിട്ടില്ല. പ്രൊഡക്ഷന്‍ കണ്‍ട്രോളറായിട്ടുള്ള ഒരു പടത്തിലും അഭിനയത്തിന് എനിക്ക് പൈസ കിട്ടിയിട്ടില്ല.
ആഹ്, അത് നമ്മുടെ നന്ദുവല്ലേ എന്ന് പറയും. അതേസമയം വേറൊരു ആര്‍ട്ടിസ്റ്റിനെ വെച്ചാല്‍ പൈസ കൊടുക്കേണ്ടിവരും. ഞാന്‍ വര്‍ക്ക് ചെയ്യാത്ത പടങ്ങളില്‍ അഭിനയിക്കാന്‍ പോകാറുണ്ട്. സുഖമാ…ടെന്‍ഷനുമില്ല, പൈസയും കിട്ടും,’ എന്നും നന്ദു പറയുന്നു.
അതേസമയം, കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നടന്‍ നന്ദു പൊതുവാളിന്റെ ഇടപ്പള്ളി പോണേക്കരയിലുള്ള വീട്ടില്‍ ഒരു അപ്രതീക്ഷിത അതിഥി എത്തിയത് ഏറെ വാര്‍ത്തയായിരുന്നു. തീര്‍ത്തും അവിചാരിതമായി എത്തിയ ആ അതിഥിയെ കണ്ട് വീട്ടുകാര്‍ പോലും ഒന്നു ഞെട്ടി. മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ ആയിരുന്നു ആ അതിഥി.
നന്ദു പൊതുവാളിന്റെ മകന്റെ വിവാഹ റിസപ്ഷന് എത്താന്‍ കഴിയാത്തതിനാല്‍ വീട്ടില്‍ നേരിട്ടെത്തി വധൂവരന്മാര്‍ക്ക് ആശംസ അറിയിക്കുകയായിരുന്നു താരം.
