News
കാത്തിരിപ്പിന് വിരാമം, ‘റോക്കി ഭായ് ഉടനെത്തും’!; കെജിഎഫ് റിലീസിംഗ് വിവരങ്ങള്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍; ഒപ്പം പൃഥ്വിരാജും
കാത്തിരിപ്പിന് വിരാമം, ‘റോക്കി ഭായ് ഉടനെത്തും’!; കെജിഎഫ് റിലീസിംഗ് വിവരങ്ങള്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍; ഒപ്പം പൃഥ്വിരാജും
ഇന്ത്യയൊട്ടാകെ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് 2. ആദ്യ ഭാഗം സൃഷ്ടിച്ച കോളിളക്കം ഇതുവരെയും അവസാനിച്ചിട്ടില്ല. ഇക്കഴിഞ്ഞ ജനുവരിയില്‍ ചിത്രത്തിന്റെ റിലീസ് തിയതി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. അത് അനുസരിച്ച് ജൂലൈ 16നാണ് ചിത്രം രാജ്യമൊട്ടാകെ റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ റിലീസ് മാറ്റിവെയ്ക്കാനുള്ള സാധ്യതകളേറയായിരുന്നു.
എന്നാല്‍ ചിത്രത്തിന്റെ പുതിയ റിലീസ് തീയതിയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. റോക്കി എന്നാണ് പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രം മലയാളത്തിലേയ്ക്ക് എത്തിക്കുന്ന പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണെന്ന് നേരത്തെ അറിയിച്ചിരുന്നു. അതിനാല്‍ തിയറ്റര്‍ റിലീസിന്റെ വിവരം പൃഥ്വിരാജും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
കെജിഎഫ് 2ല്‍ യാഷിന് പുറമെ ബോളിവുഡ് താരം സഞ്ജയ് ദത്തും പ്രധാന വേഷം ചെയ്യുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. ഇവര്‍ക്ക് പുറമെ രവീണ ടണ്ടണ്, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.
2018ലാണ് കെജിഎഫ് പാര്‍ട്ട് 1 റിലീസ് ചെയ്തത്. 2019 മാര്‍ച്ചിലാണ് കെജിഎഫ് പാര്‍ട്ട് 2ന്റെ ചിത്രീകരണം ആരംഭിച്ചതെങ്കിലും ആദ്യ സിനിമയുടെ ഷൂട്ടിങ്ങ് സമയത്തും ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. കൊവിഡ് വ്യാപനം കാരണം ചിത്രീകരണം നിര്‍ത്തിവെച്ച കെജിഎഫ് 2 അടുത്തിടെയാണ് പൂര്‍ത്തിയായത്. പ്രശാന്ത് നീലാണ് കെജിഎഫിന്റെ സംവിധായകന്.
