News
പ്രതിനായകന്മാരായി ആദ്യം പരിഗണിച്ചിരുന്നത് ആ രണ്ട് നടന്മാരെ ആയിരുന്നു; അവര്‍ എത്താതിരുന്നതിന് കാരണം അതാണ്, തുറന്ന് പറഞ്ഞ് കാര്‍ത്തിക് സുബ്ബരാജ്
പ്രതിനായകന്മാരായി ആദ്യം പരിഗണിച്ചിരുന്നത് ആ രണ്ട് നടന്മാരെ ആയിരുന്നു; അവര്‍ എത്താതിരുന്നതിന് കാരണം അതാണ്, തുറന്ന് പറഞ്ഞ് കാര്‍ത്തിക് സുബ്ബരാജ്
ധനുഷ് നായകനായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രമായിരുന്നു ജഗമേ തന്തിരം. ഇപ്പോഴിതാ ചിത്രത്തില്‍ പ്രതിനായക വേഷം ചെയ്യാന്‍ ആദ്യം പരിഗണിച്ചിരുന്നത് അല്‍ പചിനോയേയും റോബര്‍ട്ട് ഡെനിറോയേയുമായിരുന്നെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്.
‘ന്യൂയോര്‍ക്കിലായിരുന്നു സിനിമ ചെയ്യാന്‍ പദ്ധതിയിട്ടിരുന്നത്. ലോകപ്രശസ്തരായ അഭിനേതാക്കളെ കാസ്റ്റ് ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെ അല്‍ പചിനോയേയും റോബര്‍ട്ട് ഡെനിറോയേയും സമീപിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഒരിക്കല്‍ അവരുടെ കാസ്റ്റിംഗ് ഏജന്റുമാരേയും മാനേജരേയും ഞങ്ങള്‍ ബന്ധപ്പെട്ടു,’
എന്നാല്‍ അവരുടെ ബഡ്ജ്റ്റ് തങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. പിന്നീട് സിനിമ ലണ്ടനിലേക്ക് മാറ്റിയെന്നും അങ്ങനെയാണ് ഗെയിം ഓഫ് ത്രോണ്‍സ് ഫെയിം ജെയിംസ് കോസ്‌മോയെ കാസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധനുഷിനോടൊപ്പം ജെയിംസ് കോസ്മോ, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്, സഞ്ജന നടരാജന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രേയസ് കൃഷ്ണ ക്യാമറ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹര്‍ഷനാണ്.
കാര്‍ത്തിക് ജോജുവിനെ കുറിച്ച് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോജു ചെയ്യുന്ന കഥാപാത്രത്തിനായി ഒരുപാട് താരങ്ങളെ ആലോചിച്ചിരുന്നു. പലരോടും സംസാരിക്കുകയും ചെയ്തു. പിന്നീടാണ് ജോജുവിന്റെ ചോല സിനിമയും തുടര്‍ന്ന് ജോസഫ് എന്ന ചിത്രവും കണ്ടത്. ഈ രണ്ടു സിനിമകളിലെയും പ്രകടനം വളരെ മികച്ചത് ആയിരുന്നു.
പ്രത്യേകിച്ച് ജോസഫിലെ ആ ഗെറ്റപ്പും, കുറച്ചു പ്രായമായ റിട്ടയേര്‍ഡ് പോലീസ് ഓഫീസറായുള്ള അഭിനയ രീതിയുമൊക്കെ ഒരുപാട് ആകര്‍ഷിച്ചു. അങ്ങനെയാണ് തങ്ങള്‍ ജോജുവിലേക്ക് എത്തുന്നത് എന്ന് കാര്‍ത്തിക് സുബ്ബരാജ് പറയുന്നു.
ജോജുവിന്റെ ജീവിതം തന്നെ വലിയൊരു കഥയാണ്. വിജയ് സേതുപതിയെ പോലെ ഒരുപാട് കഷ്ട്ടപ്പെട്ട്, വര്‍ഷങ്ങളോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്ത ശേഷമാണ് അദ്ദേഹം മുന്‍ നിരയിലേക്ക് എത്തുന്നത്. വല്ലാത്തൊരു അഭിനേതാവാണ്. ഈ സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനവും അതിഗംഭീരമാണ്. തങ്ങളെയൊക്കെ ഞെട്ടിച്ചു കളഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞത്.
