Malayalam
‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഗംഭീരം, ഈ മാസ്റ്റര്‍പീസ് ഒരിക്കലും മിസ് ചെയ്യരുത്; ചിദംബരത്തെ കെട്ടിപിടിച്ച് അഭിനന്ദിച്ച് കാര്‍ത്തിക് സുബ്ബരാജ്
‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഗംഭീരം, ഈ മാസ്റ്റര്‍പീസ് ഒരിക്കലും മിസ് ചെയ്യരുത്; ചിദംബരത്തെ കെട്ടിപിടിച്ച് അഭിനന്ദിച്ച് കാര്‍ത്തിക് സുബ്ബരാജ്
കേരളത്തിന് പുറത്തും തരംഗമായിരിക്കുകയാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. ഇതിനോടകം തന്നെ നിരവധി പേരാണ് ആശംകളുമായി എത്തിയിരുന്നത്. മകല്‍ ഹാസന്‍, ഉദയനിധി സ്റ്റാലിന്‍, ധനുഷ്, എന്നിവരെല്ലാം ഇതിനോടകം അഭിനന്ദനമറിയിച്ച് എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്.
‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കണ്ടു ഗംഭീരം, ഈ മാസ്റ്റര്‍പീസ് ഒരിക്കലും മിസ് ചെയ്യരുതെന്നാണ് കാര്‍ത്തിക് സുബ്ബരാജ് പറയുന്നത്. വളരെ മികച്ച രീതിയിലാണ് സിനിമ എടുത്തുവെച്ചിരിക്കുന്നതെന്നും തിയേറ്ററില്‍ ആസ്വദിക്കേണ്ട ചിത്രമാണെന്നും കാര്‍ത്തിക് കുറിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറി പങ്കുവെച്ചാണ് കാര്‍ത്തിക് ഇക്കാര്യം അറിയിച്ചത്.
ഇന്നലെയാണ് സംവിധായകന്‍ ചിദംബരം കാര്‍ത്തിക് സുബ്ബരാജിനൊപ്പം ചിത്രം കണ്ടത്. സിനിമ അവസാനിച്ചതിന് ശേഷം കാര്‍ത്തിക് ചിദംബരത്തെ കെട്ടിപിടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തിന്റെ എഡിറ്റര്‍ കൂടിയായ വിവേക് ഹര്‍ഷന്‍ തിയേറ്ററില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകനും മറ്റ് അഭിനേതാക്കളും കഴിഞ്ഞ ദിവസം ചെന്നൈയിലെത്തി കമല്‍ ഹാസനും മറ്റ് നടന്മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിലെ പോലെ തന്നെ മികച്ച പ്രതികരണങ്ങളാണ് തമിഴ്‌നാട്ടില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. തമിഴ് നാട്ടില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രം 2018നെ പിന്നിലാക്കി ആ റെക്കോര്‍ഡ് മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് കോടി രൂപയിലധികമാണ് ചിത്രം തമിഴ്‌നാട്ടില്‍ സ്വന്തമാക്കിയത്.
‘ജാന്‍ എ മന്‍’ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
