Actor
രണ്ട് ദിവസത്തേയ്ക്ക് സൂര്യ കേരളത്തിൽ.. എവിടെയാണ് എത്തുന്നതെന്നോ!!
രണ്ട് ദിവസത്തേയ്ക്ക് സൂര്യ കേരളത്തിൽ.. എവിടെയാണ് എത്തുന്നതെന്നോ!!
നിരവധി ആരാധകരുള്ള താരമാണ് സൂര്യ. കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകാൻ മടിക്കാത്ത ചുരുക്കം ചില നടൻമാരിൽ ഒരാളും കൂടിയാണ്. വാരിണം ആയിരം, ആയുധ എഴുത്ത്, ഗജിനി, സൂരരൈ പോട്ര്, ജയ് ഭീം തുടങ്ങി നടൻ ചെയ്ത സിനിമകളുടെ വലിയൊരു നീണ്ട ലിസ്റ്റ് തന്നെ സൂര്യയെന്ന നടനെ കുറിച്ച് ആലോചിക്കുമ്പോൾ പ്രേക്ഷകരുടെ മനസിലേക്ക് വരും. പരിഹാസങ്ങളെ അടിത്തറയാക്കിയാണ് നടൻ എന്ന രീതിയിൽ തന്റേതായ സാമ്രാജ്യം സൂര്യ കെട്ടിപടുത്തത്. ഇരുപത്തിയേഴ് വർഷത്തെ കഠിനാധ്വാനമാണ് ഇന്ന് താരത്തിന് ലഭിച്ചിരിക്കുന്ന സ്റ്റാർഡം.
ഇപ്പോഴിതാ താരം കേരളത്തിലേയ്ക്ക് എത്തുകയാണ്. കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ പുറത്തെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായാണ് നടൻ എത്തുന്നത്. ഓഗസ്റ്റ് 25, 26 എന്നീ രണ്ട് ദിവസങ്ങളിൽ തൊടുപുഴ കാളിയാർ ഭാഗത്താകും ചിത്രീകരണം നടക്കുക എന്നാണ് വിവരം.
കാർത്തിക് സുബ്ബരാജും സൂപ്പർ താരം സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ ഗ്യാങ്സ്റ്ററായി ആണ് സൂര്യ എത്തുന്നത്. താരത്തിന്റെ നാൽപത്തിനാലാം പ്രോജക്ട് കൂടി ആണ് ഇത്. മലയാളത്തിൽ നിന്നു ജയറാമും ജോജു ജോർജും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൂജ ഹെഗ്ഡെയാണ് നായിക.
സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയായ 2ഡി എന്റർടെയ്ൻമെന്റ്സും, കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അതേസമയം, ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’യാണ് സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഒക്ടോബർ പത്തിന് ചിത്രം റിലീസ് ചെയ്യും. സിനിമയിൽ രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്.
രണ്ടു കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളായിരിക്കും ഇതെന്നാണ് സൂചന. ടൈം ട്രാവലിലൂടെ കഥ പറയുന്ന സയൻസ് ഫിക്‌ഷൻ സിനിമാണ് കങ്കുവ. ബോബി ഡിയോളാണ് സിനിമയിൽ വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. 1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ യോദ്ധാവായാണ് സൂര്യ എത്തുന്നത്.