News
വിജയ്ക്ക് ആശംസകളുമായി കാർത്തിക് സുബ്ബരാജ്; വൈറലായി പോസ്റ്റ്
വിജയ്ക്ക് ആശംസകളുമായി കാർത്തിക് സുബ്ബരാജ്; വൈറലായി പോസ്റ്റ്
കഴിഞ്ഞ ദിവസമായിരുന്നു വിജയുടെ രാഷ്ട്രീയ പാർട്ടിയുടെ ആദ്യ ഔദ്യോഗിക പൊതു സമ്മേളനം നടന്നത്. പിന്നാലെ സിനിമാ രംഗത്ത് നിന്നും അല്ലാതെയും നിരവധി പേരാണ് വിജയ്ക്ക് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാവിജയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ്.
പുതിയ തുടക്കത്തിന് എല്ലാ വിധ പിന്തുണയും അറിയിക്കുന്നുവെന്ന് സംവിധായകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. വിക്രവണ്ടിയിൽ 85 ഏക്കർ മൈതാനത്ത് ആയിരുന്നു പൊതു സമ്മേളനം നടന്നത്. ടിവികെയുടെ ഷാൾ അണിഞ്ഞ് വേദിയിൽ നിന്ന് 600 മീറ്റർ നീളമുള്ള റാംപിലൂടെ നടന്നാണ് സമ്മേളനത്തിന് എത്തിച്ചേർന്ന പ്രവർത്തകരെ വിജയ് അഭിസംബോധന ചെയ്‌തത്.
തുടർന്ന് വേദിയിലൊരുക്കിയ മഹാത്മാഗാന്ധി, ബി ആർ അംബേദ്ക്കർ തുടങ്ങിയ മഹാന്മാരുടെ ഫോട്ടോയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. വില്ലുപുരം വിക്രവണ്ടിയിൽ വൈകിട്ട് നാല് മണിക്കാണ് പാർട്ടിയുടെ ആദ്യ സമ്മേളനം ആരംഭിച്ചത്. ആരാധകരുടെയും പ്രവർത്തകരുടെയും വൻ കരഘോഷത്തിലാണ് വിജയ് വേദിയിലെത്തിയത്.
തമിഴ് തായ് വാഴ്ത്ത് പാടിയാണ് പാർട്ടി സമ്മേളനത്തിന് തുടക്കമിട്ടത്. തുടർന്ന് 110 അടി ഉയരത്തിൽ സ്ഥാപിച്ച കൊടിമരത്തിൽ റിമോട്ട് ഉപയോഗിച്ച് പാർട്ടി പതാക ഉയർത്തി. ഡിഎംകെ പാർട്ടിയെ പേരെടുത്ത് പറയാതെ ശക്തമായി വിമർശിച്ചുകൊണ്ടായിരുന്നു വിജയിയുടെ പ്രസംഗം. ഒരു കുടുംബം തമിഴ്‌നാടിനെ കൊള്ളയടിക്കുകയാണെന്ന് വിജയ് പറഞ്ഞു.
ദ്രാവിഡ മോഡൽ എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണെന്നും സംസ്ഥാനങ്ങളുടെ ആത്മാഭിമാനം തകർക്കുന്ന ഗവർണർ സ്ഥാനം നീക്കം ചെയ്യണമെന്നും ടിവികെ പ്രഖ്യാപിച്ചു. 2026 നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഉടൻതന്നെ വിജയ് തമിഴ്‌നാട്ടിലുടനീളം പര്യടനം ആരംഭിക്കുമെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.