Malayalam
നല്ല ഈശ്വര ഭക്തിയുളള എന്നും പോസിറ്റീവായി നല്ല വാക്കുകള്‍ സംസാരിക്കുന്ന ആന്റി, ഇന്ന് ഈ ലോകത്ത് ഇല്ല എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല; ജൂഹിയുടെ അമ്മയെ കുറിച്ച് പറഞ്ഞ് ഉപ്പും മുളകും താരം രോഹിണി
നല്ല ഈശ്വര ഭക്തിയുളള എന്നും പോസിറ്റീവായി നല്ല വാക്കുകള്‍ സംസാരിക്കുന്ന ആന്റി, ഇന്ന് ഈ ലോകത്ത് ഇല്ല എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല; ജൂഹിയുടെ അമ്മയെ കുറിച്ച് പറഞ്ഞ് ഉപ്പും മുളകും താരം രോഹിണി
നടിയായും മോഡലായും മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ജൂഹി റുസ്തഗി. ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് ജൂഹി മലയാളികളുടെ പ്രിയങ്കരിയായ താരമായത്. വര്‍ഷങ്ങളോളം സംപ്രേക്ഷണം ചെയ്ത പരമ്പരയിലെ ലച്ചു എന്ന കഥാപാത്രത്തിലൂടെ നടി എല്ലാവരുടെയും ഇഷ്ടം നേടി. ഇടയ്ക്ക് വെച്ച് സീരിയലില്‍ നിന്നും പിന്മാറി എങ്കിലും സോഷ്യല്‍ മീഡിയയില്‍ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ടായിരുന്നു. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ അറിയാന്‍ പ്രേക്ഷകര്‍ക്കേറെ ഇഷ്ടവുമായിരുന്നു.
എന്തെന്നാല്‍ തങ്ങളുടെ കുടുംബത്തിലെ ഒരാളെന്ന പോലെയായിരുന്നു താരത്തിനെ ഏറെ പേരും ഇഷ്ടപ്പെട്ടിരുന്നത്. ഉപ്പും മുളകിലൂടെ നിരവധി ആരാധകരെയാണ് ജൂഹിക്ക് ലഭിച്ചിരുന്നത്. ഉപ്പും മുളകിന് ശേഷം പിന്നീട് ടിവി പരിപാടികളിലൂടെയാണ് ലച്ചുവിനെ പ്രേക്ഷകര്‍ കണ്ടത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് എല്ലാവരെയും സങ്കടത്തിലാഴ്ത്തികൊണ്ട് ലച്ചുവിന്റെ അമ്മയുടെ വിയോഗ വാര്‍ത്ത പുറത്തുവന്നത്. അതിനു ശേഷം എത്തിയ ജൂഹിയുടെ ദൃശ്യങ്ങളെല്ലാം തന്നെ ഹൃദയഭേദകമായിരുന്നു. സഹതാരങ്ങളും പ്രിയപ്പെട്ടവരുമടക്കം നിരവധി പേര് ആശ്വാസവാക്കുകളായി എത്തിയെങ്കിലും അമ്മയുടെ വിയോഗത്തില്‍ ഏറെ തകര്‍ന്ന അവസ്ഥയിലായിരുന്നു ജൂഹി.
അതേസമയം ഭാഗ്യലക്ഷ്മിയെ കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെച്ച് ഉപ്പും മുളകില്‍ അഭിനയിച്ച രോഹിണി രാഹുലും എത്തിയിരുന്നു. പരമ്പരയില്‍ കനകം എന്ന കഥാപാത്രമായി എത്തിയ താരമാണ് രോഹിണി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ലച്ചുവിന്റെ അമ്മയെ കുറിച്ച് രോഹിണി മനസുതുറന്നത്. ‘ലച്ചുവിന്റെ അമ്മ…ഉപ്പും മുളകും തുടങ്ങിയ കാലം മുതല്‍ തന്നെ നല്ല കൂട്ടായിരുന്നു ഞങ്ങളെന്ന് രോഹിണി പറയുന്നു. നല്ല ഈശ്വര ഭക്തിയുളള എന്നും പോസിറ്റീവായി നല്ല വാക്കുകള്‍ സംസാരിക്കുന്ന ആന്റി. ഇന്ന് ഈ ലോകത്ത് ഇല്ല എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നാണ് രോഹിണി കുറിച്ചത്. ഭാഗ്യലക്ഷ്മിക്കൊപ്പം ലൊക്കേഷനില്‍ നിന്നുളള ഒരു പഴയ ചിത്രം പങ്കുവെച്ചാണ് നടി എത്തിയത്.
എറണാകുളത്ത് വെച്ച് നടന്ന വാഹനാപകടത്തിലാണ് ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീര്‍ മരണപ്പെട്ടത്. മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേയായിരുന്നു അപകടം സംഭവിച്ചത്. സംഭവ സ്ഥലത്ത് വെച്ച് തന്നെയാണ് ജൂഹിയുടെ അമ്മയുടെ മരണം. ഒപ്പമുണ്ടായിരുന്ന മകന് ചിരാഗിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജുഹിയുടെ അമ്മയും സഹോദരനും സഞ്ചരിച്ച സ്കൂട്ടറില്‍ ലോറി വന്നിടിച്ച് അപകടം സംഭവിക്കുകയായിരുന്നു. ജൂഹിയുടെ അമ്മ മലയാളിയും അച്ഛന് രാജസ്ഥാന് സ്വദേശിയുമാണ്. ലച്ചുവിന്റെ അച്ഛന് എറണാകുളത്ത് ബിസിനസായിരുന്നു. അച്ഛന്റെ വിയോഗം വലിയ ശൂന്യത ആയിരുന്നുവെന്നും അതുമായി പൊരുത്തപ്പെടാന്‍ കുറച്ചുകാലം എടുത്തുവെന്നും ജൂഹി മുന്‍പ് ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
അച്ഛന് പോയതിന് പിന്നാലെയാണ് ഇപ്പോള്‍ അമ്മയെയും ജുഹിക്ക് നഷ്ടപ്പെട്ടത്. വര്‍ഷങ്ങളായി മകള്‍ക്ക് പിന്തുണയുമായി ഒപ്പം തന്നെയുണ്ടായിരുന്നത് അമ്മ ഭാഗ്യലക്ഷ്മി ആയിരുന്നു. ഉപ്പും മുളകും സമയത്ത് ലച്ചുവിനൊപ്പം ഷൂട്ടിംഗിനായി സ്ഥിരം കൂട്ടുപോയത് അമ്മയാണ്. അമ്മയെ കുറിച്ച് മുന്‍പ് പല അഭിമുഖങ്ങളിലും ജുഹി റുസ്തഗി മനസുതുറന്നിട്ടുണ്ട്. ഉപ്പും മുളകും താരങ്ങള്‍ക്കും ഏറെ പ്രിയങ്കരിയായിരുന്നു ലച്ചുവിന്റെ അമ്മ. ജൂഹിയുടെ അമ്മയെ അവസാനമായി ഒരുനോക്ക് കാണാന്‍ ഉപ്പും മുളകും താരങ്ങളായ നിഷാ സാരംഗും അല്സാബിത്തുമെല്ലാം എത്തിയിരുന്നു. അമ്മയുടെ ജീവനറ്റ ശരീരം പിടിച്ച് എന്നെ നോക്കിയ അവളുടെ നോട്ടം മനസില്‍ നിന്ന് മായുന്നില്ലെന്നാണ് നിഷ സാരംഗ് പറഞ്ഞത്.
ഡോ റോവിനുമായുളള നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ മകളുടെ വിവാഹത്തിന് മുന്പുളള ഭാഗ്യലക്ഷ്മിയുടെ വിയോഗം പ്രേക്ഷകരെയും സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ലച്ചുവിന്റെ അമ്മയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.ഉപ്പും മുളകിന് ശേഷം മറ്റ് പരമ്പരകളില്‍ നടി അഭിനയിച്ചിരുന്നില്ല. ഉപ്പും മുളകില്‍ ലച്ചുവിന്റെ വിവാഹം കഴിഞ്ഞ ശേഷമാണ് ജൂഹി പരമ്പരയില്‍ നിന്നും പിന്മാറിയത്. ജനപ്രിയ പരമ്പരയില്‍ നിന്നുളള നടിയുടെ പിന്മാറ്റം ആരാധകരെ നിരാശരാക്കിയിരുന്നു.
