Malayalam
ഇര്‍ഷാദിനെയും ആണ്ടാളിനെയും നിരാകരിച്ച ജൂറി നടപടിയില്‍ പ്രതിഷേധിക്കുന്നു, ജൂറി ഇനിയെങ്കിലും ആണ്ടാള്‍ ഒന്നു കാണാന്‍ തയ്യാറാകണം; ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍
ഇര്‍ഷാദിനെയും ആണ്ടാളിനെയും നിരാകരിച്ച ജൂറി നടപടിയില്‍ പ്രതിഷേധിക്കുന്നു, ജൂറി ഇനിയെങ്കിലും ആണ്ടാള്‍ ഒന്നു കാണാന്‍ തയ്യാറാകണം; ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍
കഴിഞ്ഞ ദിവസമാണ് 2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഇതില്‍ ‘ആണ്ടാളി’നെ പരിഗണിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇടത് യുവജന നേതാവും സംവിധായകനുമായ എന്‍ അരുണ്‍. ആണ്ടാള്‍ എന്ന കലാമൂല്യമുള്ള സിനിമയെയും ചിത്രത്തില്‍ ഇരുളപ്പനായി മികച്ച അഭിനയം കാഴ്ചവച്ച ഇര്‍ഷാദ് അലിയെയും പരിപൂര്‍ണ്ണമായി അവഗണിച്ച ചലച്ചിത്ര ജൂറി നിലപാടില്‍ പ്രതിഷേധിക്കുന്നു എന്ന് അരുണ്‍ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ ആയിരുന്നു;
ഇര്‍ഷാദിനെയും ആണ്ടാളിനെയും നിരാകരിച്ച ജൂറി നടപടിയില്‍ പ്രതിഷേധിക്കുന്നു. മലയാളത്തില്‍ കഴിഞ്ഞ വര്‍ഷം സെന്‍സര്‍ ചെയ്ത ആണ്ടാള്‍ എന്ന കലാമൂല്യമുള്ള സിനിമയെയും ചിത്രത്തില്‍ ഇരുളപ്പനായി മികച്ച അഭിനയം കാഴ്ചവെച്ച ഇര്‍ഷാദ് അലിയെയും പരിപൂര്‍ണ്ണമായി അവഗണിച്ച ചലച്ചിത്ര ജൂറി നിലപാടില്‍ പ്രതിഷേധിക്കുന്നു.
ഒരു പ്രത്യേക പരാമര്‍ശം പോലും അര്‍ഹിക്കാത്ത സിനിമയായാണ് ആണ്ടാളിനെ ജൂറി വിലയിരിത്തിയിരിക്കുന്നത് എന്നതില്‍ അദ്ഭുതം തോന്നുന്നു. ജൂറി ഇനിയെങ്കിലും ആണ്ടാള്‍ ഒന്നു കാണാന്‍ തയ്യാറാകണം ആ സിനിമയെയും അതില്‍ ഇരുളപ്പനായി പരകായപ്രവേശം ചെയ്ത ഇര്‍ഷാദ് അലി എന്ന നടന്റെ അഭിനയവും വിലയിരുത്തണം എന്നൊരു അഭ്യര്‍ത്ഥനയാണ് ജൂറി യോടുള്ളത്.
1800കളില്‍ തോട്ടം തൊഴിലാളികളായി ബ്രീട്ടീഷുകാര്‍ തമിഴരെ ശ്രീലങ്കയിലേക്ക് കൊണ്ടുപോയിരുന്നു. 1964ല്‍ ഒപ്പിട്ടിരുന്ന ശാസ്ത്രിസിരിമാവോ ഒപ്പിട്ട ഉടമ്പടി പ്രകാരം ഇവരുടെ മൂന്ന് തലമുറക്ക് ശേഷം കൈമാറുകയും ചെയ്തു. ഇതോടെ അവരെ കൂട്ടത്തോടെ കേരളത്തിലെ നെല്ലിയാമ്പതി, ഗവി, കുളത്തുപുഴ, തുടങ്ങിയ കാടുകളിലും രാമേശ്വരം പോലുള്ള അപരിഷ്‌കൃത ഇടങ്ങളിലും പുനരധിവസിപ്പിക്കുകയായിരുന്നു.
ഇവര്‍ അവിടെ കാടിനോടും പ്രതികൂല ജീവിത ആവാസ വ്യവസ്ഥകളോടും പൊരുതി അതിജീവിച്ചു. സ്വന്തം നാട്, മണ്ണ്, പെണ്ണ്, കുടുംബം, സ്വത്വം തുടങ്ങിയ ജീവിതബന്ധങ്ങളുടെ ശൈഥില്യങ്ങള്‍ അവരെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ജനിച്ചു വളര്‍ന്ന മണ്ണില്‍ മനസ്സ് ആണ്ടുപോയ മനുഷ്യരുടെ അസ്വസ്ഥതകളാണ് ആണ്ടാള്‍ പറയുന്നത്. ജൂറിയോട് ഒരു അഭ്യര്‍ത്ഥന മാത്രം ദയവായി ആണ്ടാള്‍ കാണൂ. ഇത്തരം സിനിമകള്‍ എടുക്കുന്നത് കച്ചവടത്തിനല്ല, നല്ല സിനിമകളെ സ്നേഹിക്കുന്നവര്‍ക്കുവേണ്ടിയാണ്. അവര്‍ക്കല്ലേ പ്രോത്സാഹനങ്ങള്‍ നല്‍കേണ്ടത്.
