Malayalam
ആ കാരണങ്ങളാല്‍ ഫോണ്‍ കോളുകള്‍ എടുക്കാന്‍ സാധിച്ചില്ല, എല്ലാവരോടും മാപ്പ് ചോദിക്കുന്നു; വീഡിയോയുമായി ഇന്ദ്രന്‍സ്
ആ കാരണങ്ങളാല്‍ ഫോണ്‍ കോളുകള്‍ എടുക്കാന്‍ സാധിച്ചില്ല, എല്ലാവരോടും മാപ്പ് ചോദിക്കുന്നു; വീഡിയോയുമായി ഇന്ദ്രന്‍സ്
വിത്യസ്തങ്ങളായ നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള താരമാണ് ഇന്ദ്രന്‍സ്. കഴിഞ്ഞ ദിവസം ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തിയ ഹേം എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി പേരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.
എന്നാല്‍ സിനിമ കണ്ട് ഒരുപാട് പേര് തന്നെ വിളിച്ചിരുന്നുവെന്നും ഷൂട്ടിങ്ങ് തിരക്ക് കാരണം ഫോണെടുക്കാന്‍ സാധിച്ചില്ലെന്നും അതിന് ക്ഷമ ചോദിക്കുന്നുവെന്നും അറിയിച്ചിരിക്കുകയാണ് ഇന്ദ്രന്‍സ്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. ഇതിനോടകം തന്നെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.
‘ഹോം എന്ന സിനിമ കാണുകയും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്ക്കും ഞാന്‍ നന്ദി പറയുന്നു. ഒലിവര്‍ ട്വിസ്റ്റ് എന്ന എന്റെ കഥപാത്രം നിങ്ങളില്‍ പലര്‍ക്കും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. ഒരുപാട് പേരെന്നെ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിട്ടുണ്ടെന്ന് അറിയാം.
സിനിമയിലെ ഗുരുതുല്യരായവര്‍ മുതല്‍ സമൂഹത്തിലെ വിവധ മേഖലകളിലുള്ളവരും അക്കൂട്ടത്തിലുണ്ട്. ഷൂട്ടിങ്ങിന്റെ തിരക്ക് കാരണം എനിക്ക് ഫോണ്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. തിരക്ക് കുറയുന്ന മുറക്ക് ഞാന്‍ എല്ലാവരെയും തിരിച്ച് വിളിക്കാന്‍ ശ്രമിക്കും. കൊവിഡ് കാലമായതിനാല്‍ എല്ലാവരും സുരക്ഷിതരായി വീട്ടിലിരുന്ന് കുടുംബസമേതം സിനിമ കണ്ടു എന്ന് അറിഞ്ഞതില്‍ വലിയ സന്തോഷം.
എത്രയും പെട്ടന്ന് നമുക്ക് കുടുംബ സമേതം തിയേറ്ററില്‍ പോയി സിനിമ കാണാന്‍ കഴിയുന്ന കാലം വരട്ടെ. അത് വരെ നമുക്ക് സുരക്ഷിതരായി വീടുകളില്‍ ഇരിക്കാം. ഹോം എന്ന കുഞ്ഞ് സിനിമയെ വലിയ സിനിമയാക്കിയ നിങ്ങള്‍ എല്ലാവരോടും ഞാന്‍ ഒരിക്കല്‍ കൂടി നന്ദി പറയുന്നു’ എന്നും ഇന്ദ്രന്‍സ് പറഞ്ഞു.
