Malayalam
പുരുഷന്റെ വിജയത്തിനു പിന്നില്‍ മാത്രമല്ല, ഒരു സ്ത്രീയുടെ വിജയത്തിനു പിന്നിലും ഒരു പുരുഷന് ഉണ്ട്; പ്രണയം പ്രതികാരമായി ആസിഡ് ആക്രമണങ്ങളിലും കൊലപാതകങ്ങളിലേയ്ക്കും കടക്കുമ്പോള്‍ യഥാര്‍ത്ഥ പ്രണയം ഇപ്പോഴും മരിച്ചിട്ടില്ല!
പുരുഷന്റെ വിജയത്തിനു പിന്നില്‍ മാത്രമല്ല, ഒരു സ്ത്രീയുടെ വിജയത്തിനു പിന്നിലും ഒരു പുരുഷന് ഉണ്ട്; പ്രണയം പ്രതികാരമായി ആസിഡ് ആക്രമണങ്ങളിലും കൊലപാതകങ്ങളിലേയ്ക്കും കടക്കുമ്പോള്‍ യഥാര്‍ത്ഥ പ്രണയം ഇപ്പോഴും മരിച്ചിട്ടില്ല!
മലയാളികള്‍ക്കെന്നും ഒരു പ്രത്യേക ഇഷ്ടമുള്ള നടിയാണ് ഭാവന. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസിലേയ്ക്ക് ചേക്കേറിയ താരത്തിന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നേരിടേണ്ടി വന്നത് ഏതൊരു പെണ്ണിനും സഹിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ്. അപ്രതീക്ഷിതമായി തന്റെ ജീവിതത്തിലേയ്ക്ക് എത്തിയ ആ ദുരന്തത്തിന്റെ വേദനയില്‍ ഇന്നും നീറി നീറിക്കഴിയുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ വായില്‍ തോന്നുന്നതൊക്കെ അവളെ പറഞ്ഞപ്പോളും അവള് പ്രതികരിച്ചിരുന്നില്ല. എല്ലാം സഹിച്ചു.., പോരാടി.., ഒടുവില്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം അവള് ഈ സമൂഹത്തോട് വിളിച്ചു പറഞ്ഞു. അത് അവളെ ശാരീരികമായും മാനസികമായും ദ്രോഹിച്ചവര്‍ക്കുള്ള ഒരു തിരിച്ചടി തന്നെയായിരുന്നു.
സമൂഹം നിര്ഭയെ പോലെ അവള്‍ക്കും ഒരു പേര് നല്കി ‘അതിജീവിത’. എന്ത്കൊണ്ടും ആ പേര് അവള്‍ക്ക് യോജിച്ചതായിരുന്നു. ഇന്ന് ഈ സമൂഹത്തില്‍ ജീവിക്കുന്ന ഓരോ പെണ്‍ക്കുട്ടികള്‍ക്കും മാതൃക തന്നെയാണ്. ഈ സമൂഹത്തില്‍ ഏത് പെണ്‍കുട്ടിയാണ് ഏത് സ്ത്രീയാണ് സുരക്ഷിതയായിട്ടുള്ളത്. ഏത് നിമിഷവും ഏത് സമയവും താന്‍ അപകടത്തില്‍ പെടാം എന്നുള്ള ചിന്തയില്ലലാതെ ഏത് സ്ത്രീയ്ക്കാണ് ഇന്ന് ഈ സമൂഹത്തില്‍ ജീവിക്കുവാനാകുക.
നിരവധി സ്ത്രീകള്‍ ഓരോ ദിവസവും പീഡനത്തിനിരയാകുന്നു. എന്നാല്‍ പലപ്പോഴും അത് ആരും അറിയാറില്ല. ഇന്ന് ഇതൊക്കെ സര്‍വ സാധാരണമായി മാറിക്കഴിഞ്ഞു. കാലവും ഇവിടെ ജീവിക്കുന്ന മനുഷ്യരും അത്രത്തോളം അധഃപതിച്ചിരിക്കുകയാണ്. ഒരുപക്ഷേ.., ഭാവന എന്നൊരു താരം തനിക്ക് നേരിട്ട ഒരു ദുരനുഭവം തുറന്ന് പറയാതെയിരുന്നുവെങ്കില്‍ ഇന്ന് ഈ കാര്യം ആരും അറിയാതെ പോയേനേ. സിനിമാ മേഖലയില്‍ ഡബ്ലുസിസി പോലുള്ള ഒരു സംഘടനയും സിനിമയിലെ സ്ത്രീകളുടെ സുരക്ഷയും എല്ലാം ചര്‍ച്ചചെയ്യപ്പെടാതെ പോയേനേ. പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്കിയ ലോക ചരിത്രത്തിലെ തന്നെ ആദ്യത്തെ ഒരു കേസാണിത്.
ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ കുത്തിയിരുന്നു അവളെ കുറ്റം പറയുന്നവര്‍ ആരെങ്കിലും ഈ അഞ്ച് വര്‍ഷം അവള് അനുഭവിച്ച മാനസിക സംഘര്‍ഷത്തിലൂടെ കടന്നു പോയവരാണോ…!, ഒരിക്കലെങ്കിലും അതേ കുറിച്ച് ചിന്തിച്ചിട്ടുള്ളവരാണോ…!, ആയിരിക്കില്ല. ഒരു നിമിഷം എങ്കിലും ഈ കാലയളവിനുള്ളില്‍ അവള് അനുഭവിച്ച നരകയാതന തിരിച്ചറിഞ്ഞവര്‍ ആണെങ്കില്‍ അവള്‍ക്കൊപ്പം നിന്നേനേ. സ്വന്തം അമ്മയെ തല്ലിയാല്‍ പോലും രണ്ട് അഭിപ്രായം ഉള്ള ഈ നാട്ടില്‍ നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും തന്നെ പ്രതീക്ഷിക്കേണ്ടതില്ല.
ഒരു പുരുഷന്റെ വിജയത്തിനു പിന്നില്‍ മാത്രമല്ല, ഒരു സ്ത്രീയുടെ വിജയത്തിനു പിന്നിലും ഒരു പുരുഷന് ഉണ്ട് എന്നത് ഭാവനയുടെ ജീവിതത്തില്‍ വളരെ ശരിയാണ്. അവള്‍ക്ക് നേരിട്ട ദുരിതങ്ങളെയെല്ലാം അവള്‍ക്കൊപ്പം ഒരു താങ്ങായും തണലായും നിന്ന് വീണ്ടും അവളെ മനസ് തുറന്ന് പൊട്ടിച്ചിരിപ്പിക്കുവാനും മനസിനേറ്റ മുറിവുകളെ തുന്നിച്ചേര്‍ത്ത് നെഞ്ചോട് അണയ്ക്കുവാനും അവള്‍ക്കൊപ്പം എന്നും നിലകൊണ്ടിരുന്നത് അവളുടെ പ്രണയമായ നവീനാണ്.
ബാഗ്ലൂര് സെറ്റില്‍ഡായ പൈലറ്റായ വ്യക്തിയാണ് നവീന്‍. അച്ഛന്റെയും അമ്മയുടെയും ഒറ്റ മകന്. തന്റെ ആഗ്രഹമായ പൈലറ്റ് എന്ന പദവി അദ്ദേഹം സ്വന്തമാക്കി എങ്കിലും മാതാപിതാക്കളുടെ ഇഷ്ടത്തിനു വഴങ്ങി ആ ജോലി ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് കന്നഡ സിനിമാ ഇന്‍ഡസ്ട്രിയില്‍ നിര്‍മാതാവായി എത്തി. അഞ്ച് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. തുടര്‍ന്ന് 2018 ജനുവരി 22 ന് തൃശൂര്‍ തിരുവങ്ങാടി നടയില്‍ വെച്ച് ഇരുവരും വിവാഹിതരായി. ഇന്നിപ്പോള്‍ സന്തോഷവതിയായി പൊതു സമൂഹത്തിന് മുന്നില്‍ അവള് പ്രത്യക്ഷപ്പെടുന്നതിന് പിന്നില്‍ അവളുടെ സുഹൃത്തുക്കളും കുടുംബവും മാത്രമല്ല. നവീനും പ്രധാന ഘടകമാണ്.
ഇന്നത്തെ കാലത്ത് പ്രണയം ശരീരത്തിനും സാമ്പത്തികത്തിനും ആയി വഴിമാറുമ്പോഴും പ്രണയം പ്രതികാരമായി ആസിഡ് ആക്രമണങ്ങളിലും കൊലയിലേയ്ക്കും കടക്കുമ്പോഴും യഥാര്‍ത്ഥ പ്രണയം എന്തെന്ന് ഇവരെ തന്നെ കണ്ടു പഠിക്കണം. ഒരു ആപത് ഘട്ടത്തില്‍ കൈവിടാതെ ഒപ്പം നിര്‍ത്താന്‍ കാണിച്ച ആ മനസിനോളം വലുപ്പമൊന്നും സോഷ്യല്‍ മീഡിയയില്‍ ‘വേട്ടക്കാരന്’ വേണ്ടി വാദിക്കുന്നവര്ക്കില്ല. ഒന്നും രണ്ടുമല്ല, നീണ്ട അഞ്ച് വര്‍ഷങ്ങള്‍ ആണ് അവള് പോരാടിയത്. അഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തക്കതായ നീതി വാങ്ങി നല്കാന് കഴിയാത്ത, സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു സര്‍ക്കാര്‍ എന്ന് വാ തോരാതെ പ്രസംഗിക്കുന്ന ഒരു ഭരണകൂടം…, എന്തിന്, പേരിന് മാത്രമോ…അതോ പോസ്റ്ററുകളിലെ അക്ഷരത്തിന്റെ എണ്ണം വര്‍ധിപ്പിക്കുവാനോ..!?
സോഷ്യല്‍ മീഡിയയില്‍ അവളെ തേജോവധം ചെയ്യുമ്പോള്‍ ഒന്നും ചിന്തിക്കാതെ കുറ്റപ്പെടുത്തുന്നവര്‍ ഒരിക്കലെങ്കിലും സ്വന്തം വീട്ടിലുള്ള സ്ത്രീകളുടെ കാര്യം കൂടി ചിന്തിക്കണം. പെണ്ണിന് സുരക്ഷ വേണമെന്ന് പറഞ്ഞാല്‍ അവള് ഫെമിനിച്ചിയായി.., മോശക്കാരിയായി.., കുറേ ദിവസങ്ങള്‍ ട്രോളന്മാര്ക്കിരയുമായി. ഒരു പരിചയവുമില്ലാത്ത, സ്ക്രീനില്‍ അല്ലാതെ ഒരാളുടെ സ്വഭാവം എന്താണ് എന്ന് പോലും അറിയാതെ അയാള്‍ക്ക് വേണ്ടി വാദിക്കുന്നവരോടൊക്കെ എന്ത് പറയാനാ…!? പറഞ്ഞിട്ടും കാര്യമില്ല. ആ സമയം കൂടെ നഷ്ടമാകും അത്രതന്നെ. ചില താരങ്ങള്‍ സിനിമയില്‍ മാത്രമല്ല, പുറത്തും നല്ല അഭിനയം കാഴ്ചവെയ്ക്കാറുണ്ട്. അതൊന്നും തന്നെ ഈ ഫാന്‍സ് എന്നും പറഞ്ഞ് നടക്കുന്നവര്‍ക്ക് ഒരു പക്ഷേ മനസിലാകില്ല. അത്തരത്തില്‍ ഒരാളെ കുറിച്ച് ഇനിയൊരു വേളയില്‍ സംസാരിക്കാം.
