News
ആര്യന് ഖാനെ കുടുക്കിയത്…, ചാനലിനോട് വെളിപ്പെടുത്തലുമായി സാക്ഷി; 25 കോടിയുടെ ഡീല്‍ നടന്നത് 5 ദിവസങ്ങള്‍ക്ക് മുമ്പ്
ആര്യന് ഖാനെ കുടുക്കിയത്…, ചാനലിനോട് വെളിപ്പെടുത്തലുമായി സാക്ഷി; 25 കോടിയുടെ ഡീല്‍ നടന്നത് 5 ദിവസങ്ങള്‍ക്ക് മുമ്പ്
കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ബോളിവുഡ് സൂപ്പര്‍ ഹീറോ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ ആഡംമ്പരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയ്ക്കിടെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇപ്പോഴിതാ ആര്യന് ഖാനെ കുടുക്കിയതാണെന്ന് മറ്റൊരു സാക്ഷിയുടെ വെളിപ്പെടുത്തല്‍ ആണ് പുറത്ത് വന്നിരിക്കുന്നത്. വിജയ് പഗാരെ എന്നയാളാണ് ഒരു മറാത്തി ചാനലിനോട് വെളിപ്പെടുത്തല്‍ നടത്തിയത്.
ആര്യനെ കുടുക്കി പണം തട്ടാന്‍ കിരണ്‍ ഗോസാവി, മനീഷ് ബനുശാലി,സുനില്‍ പാട്ടീല്‍ എന്നിവര്‍ ചേര്‍ന്ന് പദ്ധതിയിട്ടുവെന്നും ഇയാള്‍ പറയുന്നു. റെയ്ഡിന് മുന്‍പ് ഈ സംഘത്തിനൊപ്പം ഹോട്ടല്‍ മുറിയില്‍ താമസിച്ചെന്ന് വിജയ് പഗാരെ പറഞ്ഞു. റെയ്ഡിന് 5 ദിവസം മുന്‍പ് വലിയൊരു ഡീല്‍ നടക്കാന്‍ പോവുന്നെന്ന് തന്നോട് പറഞ്ഞുവെന്നും ബനുശാലി 25 കോടിയെക്കുറിച്ച് സംസാരിക്കുന്നത് കേട്ടുവെന്നും ഇയാള്‍ പറഞ്ഞു.
ആര്യനാണ് അറസ്റ്റിലായതെന്ന് മനസിലായത് എന്‍സിബി ഓഫീസിലെത്തിയതിന് പിന്നാലെയാണ്. ആര്യന് ഖാന്റെ അഭിഭാഷകനെ വിവരം അറിയിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും വിജയ് പഗാരെ വെളിപ്പെടുത്തി. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ അടക്കം ചേര്‍ന്ന് ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നെന്ന് സാക്ഷിയായ പ്രഭാകര്‍ സെയ്ല് നേരത്തെ ആരോപിച്ചിരുന്നു.
ഇതിനായി കേസിലെ മറ്റൊരു സാക്ഷിയായ കിരണ്‍ ഗോസാവി അറസ്റ്റിന് പിറ്റേന്ന് ഷാരൂഖിന്റെ മാനേജരെ കണ്ടു. കിരണ്‍ ഗോസാവിയെന്ന മറ്റൊരു സാക്ഷി കസ്റ്റഡിയിലുള്ള ആര്യന്‍ഖാനെകൊണ്ട് ഫോണില്‍ സംസാരിപ്പിക്കുന്ന വീഡിയോയും പ്രഭാകര്‍ പുറത്ത് വിട്ടിരുന്നു.
അതേസമയം, സമീര്‍ വാങ്കഡെയെമാറ്റി ആര്യന്ഖാന് കേസ് ഏറ്റെടുത്ത എന്‍സിബിയുടെ പുതിയ അന്വേഷണ സംഘം മുംബൈയില്‍ എത്തി. എന്നാല്‍ സമീറിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥന് സഞ്ജയ് കുമാര്‍ സിംഗ് ഐപിഎസ് പറഞ്ഞു. അതേസമയം കിരണ്‍ ഗോസാവിയെ ഉപയോഗിച്ച് ഷാരൂഖില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചത് എന്‍സിപി നേതാക്കളാണെന്ന് ആരോപിച്ച് ഒരു ബിജെപി നേതാവ് ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
